- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎല്ലിൽ തോൽവി ശീലമാക്കി മുംബൈ; ലക്നൗവിനോട് പരാജയപ്പെട്ടത് 36 റൺസിന്; രാഹുലിന്റെ സെഞ്ചുറിക്ക് മറുപടിയില്ല; 39 റൺസ് എടുത്ത രോഹിത് ടോപ് സ്കോറർ; തുടർച്ചയായ എട്ടാം തോൽവിയിൽ നിരാശരായി ആരാധകർ

മുംബൈ: ഐപിഎല്ലിൽ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ എട്ടാം തോൽവി. ലക്‌നൗ സൂപ്പർ ജയന്റ്‌സിനോട് 36 റൺസിനാണ് മുംബൈ അടിയറവ് പറഞ്ഞത്. 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഈ സീസണിൽ കളിച്ച എല്ലാ മത്സരങ്ങളിലും മുംബൈ പരാജയപ്പെട്ടു.
39 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയും 38 റൺസെടുത്ത യുവതാരം തിലക് വർമയും മാത്രമെ മുംബൈക്കായി പൊരുതിയുള്ളു. ലഖ്‌നൗവിനായി ക്രുനാൽ പാണ്ഡ്യ മൂന്ന് വിക്കറ്റുമായി തിളങ്ങി. സ്‌കോർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 20 ഓവറിൽ 168-6, മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 132- 8
തുടക്കം മുതൽ പതറുന്ന മുംബൈയെയാണ് ഇന്നും കണ്ടത്. ഇഷാൻ കിഷൻ ഇത്തവണയും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രത്യാക്രമണം പ്രതീക്ഷ നൽകി ടീം സ്‌കോർ 49-ൽ നിൽക്കേ കിഷൻ മടങ്ങി. 20 പന്തിൽ നിന്ന് വെറും എട്ടു റൺസ് മാത്രമായിരുന്നു താരത്തിന് നേടാനായത്.
തുടർന്നെത്തിയ ഡെവാൾഡ് ബ്രെവിസിനും തിളങ്ങാനായില്ല. മൂന്ന് റൺസ് മാത്രമെടുത്ത് താരം മടങ്ങി. മികച്ച രീതിയിൽ കളിക്കുകയായിരുന്ന രോഹിത്തിനെ പത്താം ഓവറിൽ ക്രുണാൽ പാണ്ഡ്യ പുറത്താക്കിയതോടെ മുംബൈ പ്രതിരോധത്തിലായി. 31 പന്തിൽ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 39 റൺസെടുത്താണ് രോഹിത്ത് മടങ്ങിയത്.
രോഹിത് ശർമ വീണതോടെ മുംബൈ റൺനിരക്ക് നിലനിർത്താൻ പാടുപെട്ടു.നിർണായക ഘട്ടങ്ങളിൽ ടീമിനെ കരകയറ്റാറുള്ള സൂര്യകുമാർ യാദവിനെ (7) ആയുഷ് ബദോനിയും പുറത്താക്കിയതോടെ 11.2 ഓവറിൽ മുംബൈ നാലിന് 67 റൺസെന്ന നിലയിലേക്ക് വീണു.
എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച തിലക് വർമ - കിറോൺ പൊള്ളാർഡ് സഖ്യം 57 റൺസ് കൂട്ടിച്ചേർത്ത് മുംബൈക്ക് പ്രതീക്ഷ നൽകിയിരുന്നു. പക്ഷേ 27 പന്തിൽ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 38 റൺസെടുത്ത തിലകിനെ പുറത്താക്കി ജേസൺ ഹോൾഡർ ലഖ്നൗവിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 20 പന്തിൽ നിന്ന് 19 റൺസെടുത്ത പൊള്ളാർഡ് അവസാന ഓവറിലും വീണതോടെ മുംബൈയുടെ പോരാട്ടം അവസാനിച്ചു.
യുവതാരം തിലക് വർമ(27 പന്തിൽ 38) മധ്യനിരയിൽ നടത്തിയ പോരാട്ടത്തിന് മുംബൈയുടെ തോൽവിഭാരം കുറക്കാനെ കഴിഞ്ഞുള്ളു. അവസാന മൂന്നോവറിൽ 50 റൺസായിരുന്നു മുംബൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്യ പൊള്ളാർഡും തിലക് വർമയും ക്രീസിലുണ്ടായിട്ടും മുംബൈക്ക് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനായില്ല. പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമായ പൊള്ളാർഡ് മൊഹ്‌സിൻ ഖാനെതിരെ ഒരു സിക്‌സ് നേടിയെങ്കിലും 20 പന്തിൽ 19 റൺസുമായി മടങ്ങി.
ക്രുനാൽ പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ 40 റൺസ് വേണമെന്ന ഘട്ടത്തിലാണ് പൊള്ളാർഡ് ക്രുനാൽ പാണ്ഡ്യക്ക് മുന്നിൽ വീണത്. അവസാന ഓവറിൽ പൊള്ളാർഡിന് പിന്നാലെ ജയദേവ് ഉനദ്ഘട്ടിനെയും വീഴ്‌ത്തിയ ക്രുനാൽ ഡാനിയേൽ സാംസിനെ റണ്ണൗട്ടാക്കുകയും ചെയ്തു. ലഖ്‌നൗവിനായി ക്രുനാൽ മൂന്നു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ സൂപ്പർ ജയന്റ്സ് സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തിരുന്നു. 62 പന്തുകൾ നേരിട്ട രാഹുൽ നാലു സിക്സും 12 ഫോറുമടക്കം 103 റൺസോടെ പുറത്താകാതെ നിന്നു. ഈ സീസണിൽ രാഹുലിന്റെ രണ്ടാം സെഞ്ചുറിയാണിത്. രണ്ടും മുംബൈക്കെതിരേ തന്നെ.
എന്നാൽ രാഹുലൊഴികെ ലഖ്നൗ ടീമിലെ മറ്റാർക്കും ടീം സ്‌കോറിലേക്ക് കാര്യമായ സംഭാവനകൾ നൽകാനായില്ല. 22 പന്തിൽ നിന്ന് 22 റൺസെടുത്ത മനീഷ് പാണ്ഡെ മാത്രമാണ് രാഹുലിന് അൽപമെങ്കിലും പിന്തുണ നൽകിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർത്തു.
ക്വിന്റൺ ഡിക്കോക്ക് (10), മാർക്കസ് സ്റ്റോയ്നിസ് (0), ക്രുണാൽ പാണ്ഡ്യ (1), ദീപക് ഹൂഡ (10) എന്നിവരെല്ലാം നിരാശപ്പെടുത്തി. ആയുഷ് ബദോനി 11 പന്തിൽ നിന്ന് 14 റൺസെടുത്ത് അവസാന ഓവറിൽ പുറത്തായി.


