- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർദ്ധ സെഞ്ചുറിയുമായി വിരാട് കോലിയും മാക്സ്വെല്ലും; അവസാന ഓവറുകളിൽ തിരിച്ചടിച്ച് ബുമ്രയും ബോൾട്ടും; ബാംഗ്ലൂരിനെതിരെ മുംബൈയ്ക്ക് 166 റൺസ് വിജയലക്ഷ്യം
ദുബായ്: ഐപിഎല്ലിൽ ആരാധകർ കാത്തിരുന്നു മുംബൈ ഇന്ത്യൻസ് - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടത്തിൽ മികച്ച സ്കോർ പടുത്തുയർത്തി വിരാട് കോലിയും സംഘവും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബി 20 ഓവറിൽ ആറ് വിക്കറ്റിന് 165 റൺസെടുത്തു. ആർസിബിക്കായി നായകൻ വിരാട് കോലിയും, ഗ്ലെൻ മാക്സ്വെല്ലും അർധ സെഞ്ചുറി കണ്ടെത്തി. പത്തൊൻപതാം ഓവറിൽ മാക്സ് വെല്ലിനെയും ഡിവില്ലിയേഴ്സിനെയും പുറത്താക്കി ബുമ്ര തിരിച്ചടിച്ചതോടെയാണ് ആർസിബിയെ കൂറ്റൻ സ്കോറിൽ നിന്നും തടഞ്ഞു നിർത്താനായത്.
ആർസിബിയുടെ ഇന്നിങ്സിൽ ബുമ്രയുടെ രണ്ടാം ഓവറിലെ നാലാം പന്തിൽ ദേവ്ദത്ത് പടിക്കൽ ഡികോക്കിന് ക്യാച്ച് നൽകി മടങ്ങി. എന്നാൽ നായകൻ വിരാട് കോലിയും വിക്കറ്റ് കീപ്പർ ശ്രീകർ ഭരതും തകർപ്പനടികളുമായി 68 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. രാഹുൽ എറിഞ്ഞ ഒൻപതാം ഓവറിൽ ഭരത് സൂര്യകുമാറിന്റെ കൈകളിൽ എത്തിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. ഭരത് 24 പന്തിൽ രണ്ട് വീതം സിക്സറും ഫോറും സഹിതം 32 റൺസ് നേടി.
കോലിക്കൊപ്പം ചേർന്ന മാക്സ്വെൽ താളം കണ്ടെത്തിയതോടെ 13-ാം ഓവറിൽ ആർസിബി 100 കടന്നു. കോലി 40 പന്തിൽ ഫിഫ്റ്റി കണ്ടെത്തി.എന്നാൽ തൊട്ടുപിന്നാലെ കോലിയെ(42 പന്തിൽ 51) മിൽനെ പുറത്താക്കി. മൂന്ന് വീതം സിക്സറും ഫോറും കോലിയുടെ ഇന്നിങ്സിലുണ്ടായിരുന്നു. കോലിക്ക് ശേഷമെത്തിയ എബിഡിയും തകർത്തടിച്ചു. 33 പന്തിൽ മാക്സ്വെൽ ഫിഫ്റ്റി പൂർത്തിയാക്കി.
എന്നാൽ 19, 20 ഓവറുകളിൽ ബുമ്രയും ബോൾട്ടും മുംബൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 19-ാം ഓവർ എറിയാനെത്തിയ ജസ്പ്രീത് ബുമ്ര അടുത്ത പന്തുകളിൽ മാക്സ്വെല്ലിനെയും(37 പന്തിൽ 56) എബിഡിയെയും(6 പന്തിൽ 11) പറഞ്ഞയച്ചു. അവസാന ഓവറിൽ ബോൾട്ട് ഷഹ്ബാസ് അഹമ്മദിനെ(3 പന്തിൽ 1). ഡാനിയേൽ ക്രിസ്റ്റ്യനും(1), കെയ്ൽ ജാമീസണും(2) പുറത്താകാതെ നിന്നു.
ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ്മ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സൗരഭ് തിവാരിക്ക് പകരം സ്റ്റാർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയുടെ മടങ്ങിവരവാണ് മുംബൈ നിരയിൽ ശ്രദ്ധേയം. അതേസമയം കോലിയുടെ ആർസിബി മൂന്ന് മാറ്റങ്ങൾ വരുത്ത്. നവ്ദീപ് സെയ്നി, ഹസരംഗ, ടിം ഡേവിഡ് എന്നിവർക്ക് പകരം ഷഹ്ബാസ് അഹമ്മദും ഡാനിയേൽ ക്രിസ്റ്റ്യനും കെയ്ൽ ജാമീസണും പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചു.
സ്പോർട്സ് ഡെസ്ക്