- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പട നയിച്ച് ക്വിന്റൺ ഡീകോക്ക്; മുംബൈ ഇന്ത്യൻസ് വീണ്ടും വിജയവഴിയിൽ; രാജസ്ഥാനെ തകർത്തത് ഏഴു വിക്കറ്റിന്; ആറ് മത്സരങ്ങളിൽ നാലിലും തോറ്റ് സഞ്ജുവും സംഘവും
ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിനെതിരേ മുംബൈ ഇന്ത്യൻസിന് ആധികാരിക വിജയം. രാജസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. ഈ സീസണിൽ ആറു മത്സരങ്ങളിൽ രാജസ്ഥാന്റെ നാലാം തോൽവിയാണിത്. അത്രതന്നെ മത്സരങ്ങളിൽ മുംബൈയുടെ മൂന്നാം ജയവും
തകർപ്പൻ അർധസെഞ്ചുറിയുമായി തിരിച്ചടിക്ക് നേതൃത്വം നൽകിയ ക്വിന്റൻ ഡികോക്ക് ആണ് മുംബൈയുടെ ടോപ് സ്കോറർ. ഓപ്പണറായെത്തിയ ഡികോക്ക് 50 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 70 റൺസുമായി പുറത്താകാതെ നിന്നു. ഡികോക്കിനു പുറമെ മുംബൈ നിരയിൽ ബാറ്റിങ്ങിന് ഇറങ്ങിയവരെല്ലാം ഭേദപ്പെട്ട സംഭാവനകൾ ഉറപ്പാക്കി.
സ്കോർ ബോർഡിൽ 49 റൺസെത്തിയപ്പോൾ മുംബൈയ്ക്ക് രോഹിത് ശർമയെ നഷ്ടപ്പെട്ടു. 17 പന്തിൽ 14 റൺസെടുത്ത രോഹിതിനെ മോറിസ് പുറത്താക്കുകയായിരുന്നു. സൂര്യകുമാർ യാദവിനും അധികം ആയുസുണ്ടായിരുന്നില്ല. 10 പന്തിൽ 16 റൺസായിരുന്നു സൂര്യകുമാറിന്റെ സമ്പാദ്യം.
പിന്നീട് മൂന്നാം വിക്കറ്റിൽ ക്രുണാൽ പാണ്ഡ്യയും ക്വിന്റൺ ഡീകോക്കും ഒത്തുചേർന്നു. ഇരുവരും 46 പന്തിൽ 63 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 26 പന്തിൽ 39 റൺസെടുത്ത ക്രുണാലിനെ പുറത്താക്കി മുസ്തഫിസുർ റഹ്മാനാമണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് എട്ടു പന്തിൽ 16 റൺസുമായി കീറോൺ പൊള്ളാർഡ് ഡീകോക്കിനൊപ്പം മുംബൈയെ വിജയത്തിലേക്ക് നയിച്ചു. പൊള്ളാർഡ് രണ്ട് ഫോറും ഒരു സിക്സും നേടി.
ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമയ്ക്കൊപ്പം 36 പന്തിൽ 49, രണ്ടാം വിക്കറ്റിൽ സൂര്യകുമാർ യാദവിനൊപ്പം 20 പന്തിൽ 34, മൂന്നാം വിക്കറ്റിൽ ക്രുണാൽ പാണ്ഡ്യയ്ക്കൊപ്പം 44 പന്തിൽ 63, പിരിയാത്ത നാലാം വിക്കറ്റിൽ പൊള്ളാർഡിനൊപ്പം 11 പന്തിൽ 26 എന്നിങ്ങനെ കൂട്ടിച്ചേർത്താണ് ഡികോക്ക് മുംബൈയെ അനായാസം വിജയത്തിലെത്തിച്ചത്. രാജസ്ഥാനായി ക്രിസ് മോറിസ് നാല് ഓവറിൽ 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മുസ്താഫിസുർ റഹ്മാൻ 3.3 ഓവറിൽ 37 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മത്സരത്തിന്റെ തുടക്കത്തിൽ മുംബൈ ബൗളർമാർ രാജസ്ഥാനെ പിടിച്ചുകെട്ടുന്നതാണ് കണ്ടത്. പിന്നീട് താളം കണ്ടെത്തിയ രാജസ്ഥാനായി ഓപ്പണിങ് വിക്കറ്റിൽ ജോസ് ബട്ലറും യശ്വസി ജയ്സ്വാളും 66 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 41 റൺസെടുത്ത ബട്ലറെ പുറത്താക്കി രാഹുൽ ചാഹർ ഈ കൂട്ടുകെട്ടു പൊളിച്ചു. ബട്ലർ 32 പന്തിൽ മൂന്നു വീതം ഫോറും സിക്സും സഹിതമാണ് 41 റൺസ് നേടിയത്.
20 പന്തിൽ 32 റൺസെടുത്ത യശ്വസിയേയും രാഹുൽ ചാഹർ പുറത്താക്കി. രണ്ടു വീതം ഫോറും സിക്സും യശ്വസിയുടെ ബാറ്റിൽ നിന്ന് പിറന്നു. പിന്നീട് സഞ്ജു സാംസൺ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. 27 പന്തിൽ അഞ്ചു ഫോറിന്റെ സഹായത്തോടെ സഞ്ജു 42 റൺസ് നേടി. സഞ്ജുവിന്റെ ഈ ഇന്നിങ്സാണ് രാജസ്ഥാന്റെ സ്കോറിങ്ങിന് വേഗത കൂട്ടിയത്. 31 പന്തിൽ 35 റൺസുമായി ശിവം ദ്യൂബ സഞ്ജുവിന് പിന്തുണ നൽകി.
എന്നാൽ അവസാന ഓവറുകളിൽ രാജസ്ഥാന് വേഗത്തിൽ റൺസ് കണ്ടെത്താനായില്ല. നാല് പന്തിൽ ഏഴു റൺസെടുത്ത ഡേവിഡ് മില്ലറും ഏഴു പന്തിൽ എട്ടു റൺസെടുത്ത റിയാൻ പരേഗുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. 19-ാം ഓവറിൽ നാല് റൺസും 20-ാം ഓവറിൽ 12 റൺസുമാണ് രാജസ്ഥാൻ കണ്ടെത്തിയത്.
മുംബൈയ്ക്കായി രാഹുൽ ചാഹർ നാല് ഓവറിൽ 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയുടെ പ്രകടനം ശ്രദ്ധേയമായി. ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 37 റൺസ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു.
സ്പോർട്സ് ഡെസ്ക്