മുംബൈ:ഇന്ത്യൻ പ്രീമിയർ ലീഗിൽ കരുത്താരായ മുംബൈ ഇന്ത്യൻസിനെ 23 റൺസിന് കീഴടക്കി രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിങ്‌സ് നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 170 റൺസിൽ അവസാനിച്ചു. രാജസ്ഥാന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്.

ഇഷാൻ കിഷന്റെയും തിലക് വർമയുടെയും അർധസെഞ്ചുറികളുടെ കരുത്തിൽ വിജയത്തിലേക്ക് മുന്നേറിയ മുംബൈയെ തന്ത്രപരമായ ബൗളിങ് മാറ്റങ്ങളിലൂടെയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പിടിച്ചു കെട്ടിയത്.

രാജസ്ഥാൻ ഉയർത്തിയ 194 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ടീം സ്‌കോർ 15-ൽ നിൽക്കേ വെറും 10 റൺസ് മാത്രമെടുത്ത നായകൻ രോഹിത് ശർമ പുറത്തായി. അനാവശ്യ ഷോട്ട് കളിച്ച രോഹിത് പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ റിയാൻ പരാഗിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.

പിന്നാലെ വന്ന അന്മോൽപ്രീത് സിങ്ങും നിരാശപ്പെടുത്തി. വെറും അഞ്ച് റൺസെടുത്ത താരത്തെ നവ്ദീപ് സൈനി ദേവ്ദത്തിന്റെ കൈയിലെത്തിച്ചു. എന്നാൽ അവിടുന്നങ്ങോട്ട് മുംബൈ ഉയർത്തെഴുന്നേൽക്കുകയായിരുന്നു. തകർത്തടിച്ച ഇഷാൻ കിഷന്റെയും യുവതാരം തിലക് വർമയുടെയും കരുത്തിൽ മുംബൈ 100 കടന്നു. ഒപ്പം കിഷൻ അർധസെഞ്ചുറി നേടുകയും ചെയ്തു.

43 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 54 റൺസെടുത്ത ഇഷാൻ പക്ഷേ ടീം സ്‌കോർ 121-ൽ നിൽക്കേ പുറത്തായി. ട്രെന്റ് ബോൾട്ടാണ് താരത്തെ പുറത്താക്കിയത്. പക്ഷേ മറുവശത്ത് തിലക് മികച്ച പ്രകടനം പുറത്തെടുക്കുകയും അർധസെഞ്ചുറി നേടുകയും ചെയ്തു. താരത്തിന്റെ കന്നി ഐ.പി.എൽ അർധസെഞ്ചുറി കൂടിയാണിത്. കിഷന് പകരം പൊള്ളാർഡാണ് ക്രീസിലെത്തിയത്.

നന്നായി കളിച്ചുകൊണ്ടിരുന്ന തിലകിനെ മടക്കി അശ്വിൻ രാജസ്ഥാന് ആശ്വാസം പകർന്നു. 33 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും അഞ്ച് സിക്സിന്റെയും കരുത്തിൽ 61 റൺസെടുത്ത തിലകിനെ അശ്വിൻ ക്ലീൻ ബൗൾഡാക്കി. മികച്ച ഇന്നിങ്സ് കാഴ്ചവെച്ച ശേഷമാണ് തിലക് ക്രീസ് വിട്ടത്. തിലകിന് പകരം ടിം ഡേവിഡ് ക്രീസിലെത്തി. എന്നാൽ ഡേവിഡിനെ വെറും ഒരു റണ്ണിന് വിക്കറ്റിന് മുന്നിൽ കുടുക്കി ചാഹൽ മത്സരം രാജസ്ഥാന് അനുകൂലമാക്കി. പിന്നാലെ വന്ന ഡാനിയൽ സാംസിനെ ആദ്യ പന്തിൽ തന്നെ ചാഹൽ മടക്കി. തകർപ്പൻ ക്യാച്ചിലൂടെ ബട്ലർ സാസംസിനെ പറഞ്ഞയച്ചു.

തിലക് വർമ പുറത്തായതിന് പിന്നാലെ വമ്പനടിക്കാരനായ ടിം ഡേവിഡിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയ യുസ്വേന്ദ്ര ചാഹൽ അടുത്ത പന്തിൽ ഡാനിയേൽ സാംസിനെ(0) ജോസ് ബട്ലറുടെ കൈകളിലെത്തിച്ച് മുംബൈക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. തൊട്ടടുത്ത പന്തിൽ മുരുഗൻ അശ്വിൻ നൽകിയ ക്യാച്ച് സ്ലിപ്പിൽ കരുൺ നായർക്ക് കൈയിലൊതുക്കാൻ കഴിയാതിരുന്നതോടെ ചാഹലിന് ഹാട്രിക്ക് നഷ്ടമായി. സ്പിന്നർമാരായ അശ്വിനെയും ചാഹലിനെയും മുംബൈയുടെ വമ്പനടിക്കാരായ പൊള്ളാർഡിനും ഡേവിഡിനും സാംസിനും വേണ്ടി കരുതിവെച്ച സഞ്ജുവിന്റെ തന്ത്രമായിരുന്നു ഫലിച്ചത്.

യുവനിര പ്രതീക്ഷ കാത്തു പക്ഷേ....
ഓപ്പണർ ഇഷാൻ കിഷന്റെയും കരുത്തിലായിരുന്നു മുംബൈയുടെ തിരിച്ചടി. രോഹിത്തും അന്മോൽപ്രീതും മടങ്ങിയതിന് പിന്നാലെ ആക്രമണം ഏറ്റെടുത്ത ഇഷാൻ കിഷനും തിലക് വർമയും ചേർന്നാണ് മുംബൈയുടെ പോരാട്ടം നയിച്ചത്. കിഷൻ ഒരറ്റത്ത് നിലയുറപ്പിച്ചപ്പോൾ തകർത്തടിച്ച തിലക് വർമ മുംബൈ സ്‌കോറുയർത്തി. 41 പന്തിലാണ് കിഷൻ അർധസെഞ്ചുറി തികച്ചത്. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കിഷന്റെ അർധസെഞ്ചുറി. അർധ സെഞ്ചുറി തികച്ചതിന് പിന്നാലെ ബോൾട്ടിന്റെ പന്തിൽ കിഷനെ(43 പന്തിൽ 54) നവദീപ് സെയ്‌നി തകർപ്പൻ ക്യാച്ചിൽ പുറത്താക്കി. മൂന്നാം വിക്കറ്റിൽ 79 റൺസാണ് ഇരുവരും അടിച്ചു കൂട്ടിയത്.

പിന്നാലെ 28 പന്തിൽ തിലക് വർമ അർധസെഞ്ചുറി തികച്ചു. നാലു സിസ്‌കും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു തിലക് വർമയുടെ അർധസെഞ്ചുറി. അശ്വിനെ റിവേഴ്‌സ് സ്വീപ്പിൽ സിക്‌സടിച്ച് കരുത്തുകാട്ടിയ തിലക് വർമയെ തൊട്ടടുത്ത പന്തിൽ ക്ലീൻ ബൗൾഡാക്കി അശ്വിൻ രാജസ്ഥാന് വീണ്ടും പ്രതീക്ഷ നൽകി. 33 പന്തിൽ അഞ്ച് സിക്‌സും മൂന്ന് ഫോറും പറത്തിയ തിലക് വർമ 61 റൺസടിച്ചാണ് പുറത്തായത്. തിലക് വർമ പുറത്താവുമ്പോൾ മുംബൈക്ക് ജയത്തിലേക്ക് 34 പന്തിൽ 59 റൺസായിരുന്നു വേണ്ടിയിരുന്നത്.

പത്തൊമ്പതാം ഓവറിൽ പൊള്ളാർഡിനെ വരിഞ്ഞുമുറുക്കിയ പ്രസിദ്ധ് കൃഷ്ണ മുംബൈയുടെ ലക്ഷ്യം ദുഷ്‌കരമാക്കി. ഇതിനിടെ പ്രസിദ്ധിന്റെ പന്തിൽ പൊള്ളാർഡ് നൽകിയ ക്യാച്ച് യശസ്വി ജയ്സ്വാൾ അവിശ്വസനീയമായി കൈവിട്ടു. അവസാന രണ്ടോവറിൽ 39 റൺസും അവസാന ഓവറിൽ 29 റൺസായിരുന്നു മുംബൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ നവദീപ് സെയ്‌നി എറിഞ്ഞ അവസാന ഓവറിൽ അഞ്ച് റൺസ് മാത്രമാണ് പൊള്ളാർഡിന് നേടാനായത്. രാജസ്ഥാനുവേണ്ടി നവദീപ് സെയ്‌നിയും യുസ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ബട്‌ലറുടെ സെഞ്ചുറി, മികവ് തുടർന്ന് സഞ്ജുവും ഹെറ്റ്മെയറും
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി ഓപ്പണർ ജോസ് ബട്ലർ വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ആദ്യ പന്തുമുതൽ ആക്രമിച്ച് കളിച്ച ബട്ലർ മുംബൈ ബൗളർമാരെ അനായാസം നേരിട്ടു. പക്ഷേ മറ്റൊരു ഓപ്പണറായ യശസ്വി ജയ്സ്വാളിന് മികവ് പുലർത്താനായില്ല. വെറും ഒരു റൺ മാത്രമെടുത്ത താരത്തെ ജസ്പ്രീത് ബുംറ ടിം ഡേവിഡിന്റെ കൈയിലെത്തിച്ചു. പിന്നാലെ വന്ന ദേവ്ദത്ത് പടിക്കലും നിരാശപ്പെടുത്തി. വെറും ഏഴ് റൺസ് മാത്രമെടുത്ത താരത്തെ ടൈമൽ മിൽസ് രോഹിത് ശർമയുടെ കൈയിലെത്തിച്ചു.

ദേവ്ദത്തിന് പകരം നായകൻ സഞ്ജു സാംസൺ ക്രീസിലെത്തി. സഞ്ജുവിനെ കൂട്ടുപിടിച്ച് ബട്ലർ തകർത്തടിച്ചു. ബേസിൽ തമ്പിയുടെ ഓവറിൽ മൂന്ന് സിക്സും രണ്ട് ഫോറുമുൾപ്പെടെ 26 റൺസാണ് ബട്ലർ അടിച്ചെടുത്തത്. മറുവശത്ത് സഞ്ജുവും അനായാസം ബാറ്റിങ് തുടർന്നതോടെ മുംബൈ പതറി. 14 ഓവറിൽ ടീം സ്‌കോർ 130-ൽ എത്തി.

എന്നാൽ 15-ാം ഓവറിലെ രണ്ടാം പന്തിൽ കീറോൺ പൊള്ളാർഡ് ഈ കൂട്ടുകെട്ട് പൊളിച്ചു. 21 പന്തുകളിൽ നിന്ന് 30 റൺസെടുത്ത സഞ്ജുവിനെ പൊള്ളാർഡ് തിലക് വർമയുടെ കൈയിലെത്തിച്ചു. ബട്ലർക്കൊപ്പം 82 റൺസ് കൂട്ടിച്ചേർത്താണ് സഞ്ജു മടങ്ങിയത്. സഞ്ജുവിന് പകരമെത്തിയ ഷിംറോൺ ഹെറ്റ്മെയറും ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. 16.1 ഓവറിൽ ടീം സ്‌കോർ 150 കടന്നു. പൊള്ളാർഡ് ചെയ്ത 17-ാം ഓവറിൽ ഹെറ്റ്മെയർ 26 റൺസാണ് അടിച്ചെടുത്തത്.

പിന്നാലെ ബട്ലർ സെഞ്ചുറി നേടി. സെഞ്ചുറിയിലെത്താൻ ബട്ലറിന് വെറും 66 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. താരത്തിന്റെ രണ്ടാം ഐ.പി.എൽ സെഞ്ചുറിയാണിത്. ബട്ലറിന്റെ ആഘോഷം തീരുന്നതിനുമുൻപ് ഹെറ്റ്മെയർ പുറത്തായി. വെറും 14 പന്തുകളിൽ നിന്ന് മൂന്ന് വീതം ഫോറിന്റെയും സിക്സിന്റെയും അകമ്പടിയോടെ 35 റൺസെടുത്ത ശേഷമാണ് ഹെറ്റ്മെയർ ക്രീസ് വിട്ടത്.

പിന്നാലെ ബട്ലറും പുറത്തായി. ബുംറയുടെ തകർപ്പൻ യോർക്കർ ബട്ലറുടെ കുറ്റി തെറുപ്പിച്ചു. 68 പന്തുകളിൽ നിന്ന് 11 ഫോറിന്റെയും അഞ്ച് സിക്സിന്റെയും അകമ്പടിയോടെ 100 റൺസെടുത്ത് ബട്ലർ ക്രീസിൽ നിന്ന് മടങ്ങി. അവസാന ഓവറുകളിൽ രാജസ്ഥാന് വേണ്ട വിധത്തിൽ സ്‌കോർ ചെയ്യാനായില്ല. അശ്വിനും സെയ്നിയുമെല്ലാം വന്നതിനേക്കാൾ വേഗത്തിൽ ക്രീസ് വിട്ടു. അവസാന പന്തിൽ റിയാൻ പരാഗും പുറത്തായി. ഇതോടെ രാജസ്ഥാൻ 193 റൺസിന് ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചു. മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും ടൈമൽ മിൽസും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. പൊള്ളാർഡ് ഒരു വിക്കറ്റ് സ്വന്തമാക്കി.