മുംബൈ: ഐപിഎല്ലിൽ ആറാം മത്സരത്തിൽ ആദ്യ ജയം ലക്ഷ്യമിട്ടിറങ്ങിയ മുംബൈ ഇന്ത്യൻസിന് മുന്നിൽ 200 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പടുത്തുയർത്തി ലഖ്നൗ സൂപ്പർ ജയന്റ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്നൗവിൽ ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ (60 പന്തിൽ പുറത്താവാതെ 103) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജയ്ദേവ് ഉനദ്ഖട് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ലഖ്‌നൗ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. 56 പന്തുകളിൽനിന്ന് രാഹുൽ സെഞ്ചുറി പൂർത്തിയാക്കി. 60 പന്തുകൾ നേരിട്ട രാഹുൽ 103 റൺസുമായി പുറത്താകാതെ നിന്നു. ഐപിഎൽ 2022 സീസണിലെ രണ്ടാമത്തെ സെഞ്ചുറിയും ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ സെഞ്ചുറിയുമാണിത്. ഐപിഎല്ലിൽ ഒരു ടീമിനെതിരെ രണ്ട് സെഞ്ചുറികൾ നേടുന്ന നാലാമത്തെ താരമായി കെ.എൽ. രാഹുൽ.

പഞ്ചാബിൽ കളിക്കുമ്പോഴും രാഹുൽ മുംബൈയ്‌ക്കെതിരെ സെഞ്ചുറി നേടിയിട്ടുണ്ട്. 33 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി തികച്ചത്, അടുത്ത 23 പന്തുകളിൽ 100 കടന്നു. അഞ്ച് സിക്‌സും 9 ഫോറും ഉൾപ്പെടുന്ന ഗംഭീര ഇന്നിങ്‌സ്. ലക്‌നൗവിന് മികച്ച തുടക്കമാണ് രാഹുലും ക്വിന്റൻ ഡി കോക്കും ചേർന്നു നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 52 റൺസ് കൂട്ടിച്ചേർത്തു. 13 പന്തുകളിൽനിന്ന് 24 റൺസെടുത്താണ് ഡികോക്ക് പുറത്തായത്.

പവർ പ്ലേയിൽ തന്നെ സ്‌കോർ 50 കടന്നു. ആറാം ഓവറിൽ ക്വിന്റൺ ഡി കോക്കിനെ (24) നഷ്ടമായി. ഫാബിയൻ അലന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു താരം. മൂന്നാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെ (29 പന്തിൽ 38) നിർണായക സംഭാവന നൽകി. രാഹുൽ- മനീഷ് സഖ്യം 72 റൺസ് കൂട്ടിചേർത്തു.

14-ാം ഓവറിലാണ് മനീഷ് മടങ്ങുന്നത്. മുരുകൻ അശ്വിന്റെ പന്തിൽ ബൗൾഡാവുകായിയുരുന്നു താരം. മാർകസ് സ്റ്റോയിനിസ് (10) സിക്സോടെ തുടങ്ങിയെങ്കിൽ ജയ്ദേവ് ഉനദ്ഖടിന്റെ പന്തിൽ പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ദീപക് ഹൂഡ (എട്ട് പന്തിൽ 15) സ്‌കോർ 200 കടക്കാൻ സഹായിച്ചു. 19-ാം ഓവറിൽ രാഹുൽ സെഞ്ചുറി പൂർത്തിയാക്കി. അഞ്ച് സിക്സും ഒമ്പത് ഫോറും ഉൾപ്പെടുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. ക്രുനാൽ പാണ്ഡ്യ (1) പുറത്താവാതെ നിന്നു.

നേരത്തെ, ഓരോ മാറ്റങ്ങൾ വരുത്തിയാണ് ഇരുവരും ഇറങ്ങിയത്. ലഖ്നൗ ടീമിൽ കൃഷ്ണപ്പ ഗൗതമിന് പകരം മനീഷ് പാണ്ഡെ ടീമിലെത്തി. മുംബൈയിൽ മലയാളി പേസർ ബേസിൽ തമ്പിക്ക് പകരം ഫാബിയൻ അലൻ ഇടം നേടി.