മുംബൈ: ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് 169 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ സെഞ്ചുറി മികവിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 168 റൺസെടുത്തത്.

ഒറ്റയാൾ പ്രകടനവുമായി മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ (62 പന്തിൽ 103*) സെഞ്ചുറിയുടെ മികവിലാണ് ലക്‌നൗ പൊരുതാവുന്ന സ്‌കോറിലെത്തിയത്. സീസണിൽ രാഹുൽ രണ്ടാം സെഞ്ചുറിയാണിത്. മുംബൈയ്ക്കെതിരെ തന്നെയായിരുന്നു ആദ്യ സെഞ്ചുറിയും. മറ്റാർക്കും ലഖ്‌നൗ നിരയിൽ തിളങ്ങാനായില്ല.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ലഖ്‌നൗവിന് ജസ്പ്രീത് ബുമ്ര എറിഞ്ഞ പവർ പ്ലേയിലെ നാലാം ഓവറിൽ ഓപ്പണർ ക്വിന്റൺ ഡീ കോക്കിനെ നഷ്ടമായി. ശക്തമായ എൽബിഡബ്ല്യു അപ്പീൽ അതിജീവിച്ച ഡീകോക്ക് തൊട്ടടുത്ത പന്തിൽ നൽകിയ ക്യാച്ച് തിലക് വർമ കൈവിട്ടു. അടുത്ത പന്തിലായിരുന്നു ബുമ്ര ഡീകോക്കിനെ(10) ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈകളിലെത്തിച്ചത്.

പവർപ്ലേയിൽ തകർത്തടിക്കാനാവാതിരുന്ന ലഖ്‌നൗവിന് ഒരു വിക്കറ്റ് നഷ്ടത്തിൽ 32 റൺസെ നേടാനായുള്ളു. മനീഷ് പാണ്ഡെയുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ രാഹുൽ ലഖ്‌നൗവിനെ മുന്നോട്ട് നയിച്ചു. ഒമ്പതാം ഓവറിലാണ് ലഖ്‌നൗ 50 കടന്നത്. പത്താം ഓവറിൽ ലെ മെറിഡിത്തിനെതിരെ രണ്ട് ബൗണ്ടറിയും ഒറു സിക്‌സും പറത്തി 17 റൺസടിച്ച് ലഖ്‌നൗ ഗിയർ മാറ്റി.

രണ്ടാ വിക്കറ്റിൽ രാഹുലും മനീഷ് പാണ്ഡെയും (22 പന്തിൽ 22) ചേർന്ന് 58 റൺസെടുത്തു. 12ാം ഓവറിൽ ലക്‌നൗ സ്‌കോർ 85ൽ നിൽക്കെ പൊള്ളാർഡിന്റെ പന്തിൽ റിലേ മെറിഡിത്തിനു ക്യാച്ച് നൽകി മനീഷ് പാണ്ഡെ മടങ്ങി.

37 പന്തിൽ രാഹുൽ അർധസെഞ്ചുറി തികച്ചു. പിന്നീടെത്തിയ മാർക്കസ് സ്റ്റോയ്‌നിസിനും(0) ക്രീസിൽ അധികം ആയുസുണ്ടായില്ല. പതിമൂന്നാം ഓവറിൽ ലഖ്‌നൗ 100 കടന്നു. എന്നാൽ പതിനാലാം ഓവറിൽ ക്രുനാൽ പാണ്ഡ്യെയെയും(1) വീഴ്‌ത്തി പൊള്ളാർഡ് ലഖ്‌നൗവിന്റെ റണ്ണൊഴുക്ക് തടഞ്ഞു. ദീപക് ഹൂഡക്കും(10) കാര്യമായി ഒന്നും ചെയ്യാനായില്ല.

ആയുഷ് ബദോനി (11 പന്തിൽ 14) എന്നിവർക്കൊന്നും കാര്യമായ സംഭവന നൽകാനായില്ല. ജേസൻ ഹോൾഡർ (പൂജ്യം) പുറത്താകാതെ നിന്നു. ഉനദ്ഘട്ട് എറിഞ്ഞ പതിനെട്ടാം ഓവറിൽ ഹാട്രിക് ബൗണ്ടറി നേടി അതിവേഗം സെഞ്ചുറിയിലേക്ക് കുതിച്ച രാഹുലിന് പക്ഷെ ബുമ്ര എറിഞ്ഞ പത്തൊമ്പതാം ഓവറിൽ നാലു റൺസ് മാത്രമെ നേടാനായുള്ളു. ലെ മെറിഡിത്ത് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സിന് പറത്തി സീസണിലെ രണ്ടാം സെഞ്ചുറി തികച്ച രാഹുൽ ലഖ്‌നൗവിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചെങ്കിലും അവസാനം തകർത്തടിക്കാനാവാഞ്ഞത് ലഖ്‌നൗവിന്റെ ടോട്ടൽ 168ൽ നിൽത്തി.

മുംബൈക്കായി റിലേ മെറിഡിത്തും കെയ്‌റോൺ പൊള്ളാർഡും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് മുംബൈ ഇന്നിറങ്ങിയത്. അതേസമയം, ലഖ്‌നൗ ടീമിൽ ഒരു മാറ്റമുണ്ട്. ചെറിയ പരിക്കുള്ള ആവേശ് ഖാന് പകരം മൊഹ്‌സിൻ ഖാൻ ലഖ്‌നൗവിന്റെ അന്തിമ ഇലവനിലെത്തി.