- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രെവിസിന്റെ വെടിക്കെട്ടും സൂര്യകുമാറിന്റെ ചെറുത്തുനിൽപ്പും പാഴായി; സീസണിൽ മുംബൈ ഇന്ത്യൻസിന് അഞ്ചാം തോൽവി!; പഞ്ചാബിന്റെ ജയം 12 റൺസിന്; നാല് വിക്കറ്റുമായി ഒഡെയ്ൻ സ്മിത്തിന്റെ തിരിച്ചുവരവ്

പൂണെ: ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന് അഞ്ചാം തോൽവി. പൂണെയിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 12 റൺസിനാണ് മുംബൈ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ മുംബൈക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടാനെ കഴിഞ്ഞുള്ളു.
ഡിവാൾഡ് ബ്രേവിസ് (49), സൂര്യകുമാർ യാദവ് (43) എന്നിവർ തിളങ്ങിയെങ്കിലും ജയിപ്പിക്കാനായില്ല.പഞ്ചാബിനായി ഒഡീൻ സ്മിത്ത് 4 വിക്കറ്റും കഗീസോ റബാദ 2 വിക്കറ്റും വൈഭവ് അറോറ ഒരു വിക്കറ്റും വീഴ്‌ത്തി. നേരത്തെ ശിഖർ ധവാൻ (70), മായങ്ക് അഗർവാൾ (52) എന്നിവരുടെ ഇന്നിങ്സാണ് പഞ്ചാബിന് തുണയായത്.
വിജയത്തിലെത്താൻ ഒരോവറിൽ 10 റൺസിനടുത്തു വേണമെന്നിരിക്കെ, ക്യാപ്റ്റൻ രോഹിത് ശർമ (17 പന്തിൽ 3 ഫോറും 2 സിക്‌സും അടക്കം 28), ഇഷാൻ കിഷൻ (6 പന്തിൽ 3) എന്നിവർ നിരാശപ്പെടുത്തിയതോടെ മുംബൈ ആശങ്കയിലായിരുന്നു. എന്നാൽ 2 വിക്കറ്റിന് 32 എന്ന സ്‌കോറിൽ ഒത്തു ചേർന്ന ഡെവാൾഡ് ബ്രെവിസ് തിലക് വർമ യുവസഖ്യത്തിന്റെ ഉജ്വല ബാറ്റിങ് അവരെ മത്സരത്തിൽ തിരികെയെത്തിച്ചു.
25 പന്തിൽ 4 ഫോറും 5 സിക്‌സും അടക്കം 49 റൺസെടുത്ത ബ്രെവിസ് സിക്‌സറിലൂടെ അർധ സെഞ്ചുറി തികയ്ക്കാനുള്ള ശ്രമത്തിനിടെ ക്യാച്ചിലൂടെയാണു പുറത്തായത്. സ്റ്റാർ സ്പിന്നർ രാഹുൽ ചാഹറിനെ തുടർച്ചയായി 4 തവണ സിക്‌സറിനു പറത്തി ആരാധകരെ രസിപ്പിച്ചതിനു ശേഷമാണു ബ്രെവിസ് പുറത്തായത്. പിന്നാലെ തിലക് വർമയും (20 പന്തിൽ 3 ഫോറും 2 സിക്‌സും അടക്കം 36) റണ്ണൗട്ടായി. 3ാം വിക്കറ്റിൽ ബ്രെവിസ് തിലക് സഖ്യം 84 റൺസാണു ചേർത്തത്.
എന്നാൽ പിന്നീട് ഇല്ലാത്ത റണ്ണിനായുള്ള ഓട്ടത്തിനിടെ കെയ്‌റൻ പൊള്ളാർഡ് (11 പന്തിൽ 1 ഫോർ അടക്കം 10) കൂടി റണ്ണൗട്ടായതോടെ മുംബൈയെ ജയത്തിലെത്തിക്കേണ്ട ഉത്തരവാദിത്തം ഒരിക്കൽക്കൂടി സൂര്യകുമാർ യാദവിന്റെ ചുമലിലായി.
എന്നാൽ കഗീറോ റബാദ എറിഞ്ഞ 19ാം ഓവറിൽ സൂര്യകുമാർ (30 പന്തിൽ ഒരു ഫോറും 4 സിക്‌സും അടക്കം 43) സിക്‌സ് നേടാനുള്ള ശ്രമത്തിനിടെ പുറത്തായതോടെ മത്സരത്തിൽ പഞ്ചാബ് പിടിമുറുക്കി. 4 വിക്കറ്റ് ശേഷിക്കെ അവസാന ഓവറിൽ 22 റൺസാണു മുംബൈയ്ക്കു വേണ്ടിയിരുന്നത്. ഒഡീൻ സ്മിത്തിന്റെ ഓവറിലെ ആദ്യ പന്തിൽ സിക്‌സ് അടിച്ച ജയ്‌ദേവ് ഉനദ്കട്ട് (7 ബോളിൽ ഒരു സിക്‌സ് അടക്കം 12) മുംബൈയെ മോഹിപ്പിച്ചെങ്കിലും അദ്ഭുതങ്ങൾ സംഭവിച്ചില്ല.
നേരത്തെ, ഗംഭീര തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. മായങ്ക്- ധവാൻ ഓപ്പണിങ് സഖ്യം 97 റൺസ് കൂട്ടിചേർത്തത്. എന്നാൽ പത്താം ഓവറിൽ മായങ്കിനെ നഷ്ടമായി. മുരുഗൻ അശ്വിന്റെ പന്തിൽ സൂര്യകുമാർ യാദിവിന് ക്യാച്ച്് നൽകിയാണ് മായങ്ക് മടങ്ങുന്നത്. രണ്ട് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിങ്സ്. മൂന്നാമനായി ക്രീസിലെത്തിയ വലിയ സംഭാവനയൊന്നും നൽകാനായില്ല. 13 പന്തിൽ 12 റൺസ് നേടിയ താരത്തെ ജയ്ദേവ് ഉനദ്ഖട് ബൗൾഡാക്കി.
ലിയാം ലിവിങ്സറ്റണും നിരാശപ്പെടുത്തി. ബുമ്രയുടെ പന്തിൽ ബൗൾഡ്. ഇതിനിടെ ധവാനും പവലിയനിൽ മടങ്ങിയെത്തി. 50 പന്തിൽ 70 റൺസെടുത്ത ധവാനെ ബേസിൽ തമ്പിയാണ് മടക്കിയത്. അവസാന ഓവറിൽ ഷാരുഖ് ഖാൻ (15) ബേസിലിന്റെ ന്തിൽ ബൗൾഡായി. 14 പന്തിൽ 30 റൺസുമായി പുറത്താവാതെ നിന്ന ജിതേശ് ശർമ നിർണായക പ്രകടനം പുറത്തെടുത്തു. ഒഡെയ്ൻ സ്മിത്തും (1) പുറത്താവാതെ നിന്നു.


