ദുബായ്: ഐപിഎൽ 14ാം സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ചെന്നൈ സൂപ്പർ കിങ്സ് താരം ഋതുരാജ് ഗെയ്ക്വാദെക്ക്. ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഇനി ഋതുരാജിന് സ്വന്തം.

രാഹുലിനെ മറികടന്ന് റൺവേട്ടയിൽ ഒന്നാമൻ


സീസണിൽ 15 മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറികളുമടക്കം 46.38 ശരാശരിയിൽ 603 റൺസടിച്ചുകൂട്ടിയ ഋതുരാജ് ഫൈനലിൽ 24 റൺസ് നേടിയാൽ ഓറഞ്ച് ക്യാപ്പ് എന്ന നേട്ടത്തിലെത്തുമായിരുന്നു. കലാശപ്പോരാട്ടത്തിൽ 16 ബോളിൽ താരം ഓറഞ്ച് ക്യാപ്പ് നേട്ടത്തിലെത്തി. 13 കളികളിൽ നിന്ന് 626 റൺസുമായി പഞ്ചാബ് കിങ്സിന്റെ കെ എൽ രാഹുലിനെ മറികടന്നാണ് ചെന്നൈ ഓപ്പണർ നേട്ടം സ്വന്തം പേരിലാക്കിയത്.

ഷോൺ മാർഷിന്റെ റെക്കോർഡ് ഇനി ഋതുരാജിന്

ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇതുവരെ മുൻ കിങ്സ് ഇലവൻ പഞ്ചാബ് (ഇപ്പോഴത്തെ പഞ്ചാബ് കിങ്സ്) താരം ഷോൺ മാർഷിന്റെ പേരിലായിരുന്നു. 2008 സീസണിൽ പഞ്ചാബിനായി 616 റൺസ് സ്‌കോർ ചെയ്യുമ്പോൾ 25 വയസായിരുന്നു താരത്തിന്റെ പ്രായം.