- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടിത്തറയിട്ട് അഭിഷേക്- ത്രിപാഠി സഖ്യം; ലക്ഷ്യത്തിലെത്തിച്ച് മാർക്രം- പുരാൻ കൂട്ടുകെട്ട്; പഞ്ചാബിനെ ഏഴ് വിക്കറ്റിന് കീഴടക്കി ഹൈദരാബാദ്; തുടർച്ചയായ നാലാം ജയത്തോടെ പോയിന്റ് പട്ടികയിൽ നാലാമത്

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെ തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ്. മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സിനെതിരെ ഏഴ് വിക്കറ്റിന്റെ ജയമാണ് കെയ്ൻ വില്യംസണും സംഘവും സ്വന്തമാക്കിയത്. സീസണിൽ തുടർച്ചയായ നാലാം വിജയമാണ് ഇത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ 151 റൺസിന് പുറത്തായപ്പോൾ ഹൈദരാബാദ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 152 റൺസ് എടുത്ത് വിജയം സ്വന്തമാക്കി.
എയ്ഡൻ മാർക്രം (27 പന്തിൽ 41), നിക്കോളാസ് പുരാൻ (30 പന്തിൽ 35) എന്നിവരാണ് വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. രാഹുൽ ത്രിപാഠി (34), അഭിഷേക് ശർമ (31) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, നാല് വിക്കറ്റ് നേടിയ ഉംറാൻ മാലിക്കും മൂന്ന് വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറുമാണ് പഞ്ചാബിനെ തകർത്തത്. 60 റൺസെടുത്ത ലിയാം ലിവിങ്സറ്റണാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ നാലാമതെത്തി.
നാലാം വിക്കറ്റിൽ ഒന്നിച്ച ഏയ്ഡൻ മാർക്രം - നിക്കോളാസ് പുരൻ സഖ്യമാണ് ഹൈദരാബാദിന് ജയമൊരുക്കിയത്. ഇരുവരും ചേർന്ന് 75 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 27 പന്തിൽ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 41 റൺസോടെ പുറത്താകാതെ നിന്ന മാർക്രമാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. പുരൻ 30 പന്തിൽ നിന്ന് 35 റൺസെടുത്തു.
25 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 31 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമ, 22 പന്തിൽ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 34 റൺസെടുത്ത രാഹുൽ ത്രിപാഠി എന്നിവരും ഹൈദരാബാദിനായി തിളങ്ങി. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മൂന്ന് റൺസ് മാത്രമെടുത്ത് പുറത്തായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 151 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഹൈദരാബാദ് ബൗളർമാർ തകർപ്പൻ പ്രകടനം പുറത്തെടുത്ത മത്സരത്തിൽ അർധ സെഞ്ചുറി നേടിയ ലിയാം ലിവിങ്സ്റ്റൺ മാത്രമാണ് പഞ്ചാബ് നിരയിൽ പിടിച്ചുനിന്നത്.
പരിക്കേറ്റ മായങ്ക് അഗർവാളിന് പകരം ടീമിനെ നയിച്ച ശിഖർ ധവാൻ (8), പ്രഭ്‌സിമ്രാൻ സിങ് (14), ജോണി ബെയർസ്റ്റോ (12), ജിതേഷ് ശർമ (11) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോൾ പഞ്ചാബിനായി ശബ്ദിക്കാൻ ലിവിങ്സ്റ്റണിന്റെ ബാറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 33 പന്തുകൾ നേരിട്ട ലിവിങ്സ്റ്റൺ നാലു സിക്‌സും അഞ്ചു ഫോറുമടക്കം 60 റൺസെടുത്ത് 19-ാം ഓവറിലാണ് പുറത്തായത്.
28 പന്തിൽ നിന്ന് രണ്ട് സിക്‌സും ഒരു ഫോറുമടക്കം 26 റൺസെടുത്ത ഷാരൂഖ് ഖാൻ മാത്രമാണ് ലിവിങ്സ്റ്റണ് അൽപമെങ്കിലും പിന്തുണ കൊടുത്തത്. ഇരുവരും അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 71 റൺസാണ് പഞ്ചാബിനെ 100 കടത്തിയത്. ഒഡിയൻ സ്മിത്ത് (13), രാഹുൽ ചാഹർ (0), വൈഭവ് അറോറ (0), അർഷ്ദീപ് സിങ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
ഹൈദരാബാദിനായി പേസർ ഉംറാൻ മാലിക്ക് നാലും ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റും വീഴ്‌ത്തി. അവസാന ഓവറിൽ ഒരു റൺ പോലും വഴങ്ങാതെ ഉംറാൻ മൂന്ന് വിക്കറ്റുകളാണ് വീഴ്‌ത്തിയത്.


