മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 138 റൺസ് വിജയലക്ഷ്യം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിനെ ഉമേഷ് യാദവിന്റെ നേതൃത്വത്തിൽ ചുരുട്ടിക്കൂട്ടി. ഉമേഷ് നാല് വിക്കറ്റ് വീഴ്‌ത്തി. ടിം സൗത്തിക്ക് രണ്ട് വിക്കറ്റുണ്ട്. 31 റൺസെടുത്ത ഭാനുക രജപക്സയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. കഗിസോ റബാദ 25 റൺസെടുത്തു.

ഐപിഎലിൽ ഉമേഷ് യാദവിന്റെ പേരിൽ ആകെയുള്ളത് ഒൻപത് മാൻ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങളാണ്. അതിൽ അഞ്ചും വന്നത് പഞ്ചാബ് കിങ്‌സിനെതിരായ മത്സരങ്ങളിലാണ് എന്നതാണ് പ്രത്യേകത. പഞ്ചാബിനെ മുന്നിൽ കിട്ടിയാൽ വീറും വാശിയും ഇരട്ടിക്കുന്ന പതിവ് 15ാം സീസണിലെ ആദ്യ മുഖാമുഖത്തിലും ഉമേഷ് യാദവ് കൈവിട്ടില്ല. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 18.2 ഓവറിൽ 137 റൺസിന് ഓൾ ഔട്ടായി.

ആദ്യ ഓവറിൽ തന്നെ പഞ്ചാബിന് ക്യാപ്റ്റൻ മായങ്കിനെ നഷ്ടമായി. ഉമേഷ് യാദവിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു താരം. നാലാം ഓവറിൽ ശിഖർ ധവാനും മടങ്ങി. 16 റൺസെടുത്ത ധവാനെ ടിം സൗത്തി വിക്കറ്റ് കീപ്പർ സാം ബില്ലിങ്സിന്റെ കൈകളിലെത്തിച്ചു. പവർ പ്ലേ തീരുന്നതിന് മുമ്പ് രജപക്സയും മടങ്ങി. ഒരു ചെറിയ വെടികെട്ട് നടത്തിയാണ് ശ്രീലങ്കൻ വിക്കറ്റ് കീപ്പർ മടങ്ങിയത്. കേവലം ഒമ്പത് പന്തിൽ നിന്നാണ് രജപക്സ 31 റൺസെടുത്തു. ഇതിൽ മൂന്ന് വീതം സിക്സും ഫോറും ഉൾപ്പെടും.

ലിവിങ്സറ്റൺ വീണ്ടും നിരാശപ്പെടുത്തി. ഉമേഷിന്റെ പന്തിൽ ലോംഗ് ഓഫിൽ സൗത്തിക്ക് ക്യാച്ച്. രാജ് ബാവ (11) സുനിൽ നരെയ്ൻ ബൗൾഡാക്കി. ഷാരുഖ് ഖാന് (0) അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. സൗത്തിയുടെ പന്തിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ച് നിതീഷ് റാണയ്ക്ക് ക്യാച്ച് നൽകി. 14 റൺസുമായി അൽപനേരം പിടിച്ചുനിന്ന ഹർപ്രീത് ബ്രാർ ഉമേഷിന്റെ പന്തിൽ ബൗൾഡായി. അതേ ഓവറിൽ രാഹുൽ ചാഹറും (0) മടങ്ങി.

പിന്നീട് ക്രീസിലെത്തിയ റബാദ പഞ്ചാബിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. 16 പന്തിൽ നാല് ഫോറും ഒരു സിക്സും ഉൾപ്പെടെയാണ് താരം 25 റൺസെടുത്തത്. 19-ാം ഓവറിൽ ആന്ദ്രേ റസ്സലിനെതിരെ സിക്സടിക്കാൻ ശ്രമിക്കുമ്പോൽ സൗത്തിക്ക് ക്യാച്ച് നൽകുകയായിരുന്നു താരം. അർഷദീപ് അതേ ഓവറിൽ റണ്ണൗട്ടായതോടെ പഞ്ചാബിന്റെ സ്‌കോർ 137ന് അവസാനിച്ചു. ഒഡെയ്ൻ സ്മിത്ത് (9) പുറത്താവാതെ നിന്നു. ശിവം മാവി, ആന്ദ്രേ റസ്സൽ, സുനിൽ നരെയ്ൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

ഉമേഷ് യാദവ് നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം 23 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി. ഇതോടെ, ഐപിഎലിൽ പവർപ്ലേ ഓവറുകളിൽ 50 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ മാത്രം ബോളറായി ഉമേഷ് യാദവ് മാറി. മുന്നിലുള്ളത് സഹീർ ഖാൻ (52), സന്ദീപ് ശർമ (52), ഭുവനേശ്വർ കുമാർ (51) എന്നിവർ മാത്രം. ഐപിഎലിൽ ഒരേ ടീമിനെതിരെ കൂടുതൽ വിക്കറ്റെടുക്കുന്ന താരമെന്ന നേട്ടവും ഉമേഷ് യാദവിനു സ്വന്തം. ഇന്നത്തെ നാലു വിക്കറ്റ് നേട്ടത്തോടെ പഞ്ചാബ് കിങ്‌സിനെതിരെ ഉമേഷ് യാദവിന് ആകെ 33 വിക്കറ്റുകളായി.

ഓരോ മാറ്റം വരുത്തിയാണ് ഇരുവരും ഇറങ്ങിയത്. കൊൽക്കത്തയുടെ വിക്കറ്റ് കീപ്പർ ഷെൽഡൻ ജാക്സണിന് പകരം ശിവം മാവിയെ ടീമിലെത്തി. സാം ബില്ലിങ്സ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞത്. പഞ്ചാബിന് വേണ്ടി ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാദ സീസണിലെ ആദ്യ മത്സരം കളിക്കും. സന്ദീപ് ശർമയാണ് പുറത്തായത്.

കൊൽക്കത്തയുടെ മൂന്നാം മത്സരമാണിത്. ഒരു ജയവും തോൽവിയുമാണ് അവർക്കുള്ളത്. അവസാന മത്സത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് തോറ്റു. പഞ്ചാബ് രണ്ടാം മത്സരത്തിനാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനെയാണ് തോൽപ്പിച്ചത്.