- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിരീടത്തിലേക്ക് കുതിക്കാൻ കരുത്തുകൂട്ടി സഞ്ജുവിന്റെ രാജസ്ഥാൻ; കിരീട കുതിപ്പ് തുടരാൻ മുംബൈയും ചെന്നൈയും; നായക മികവ് തെളിയിക്കാൻ ഋഷഭും ശ്രേയസും രാഹുലും ജഡേജയും; ട്വന്റി 20 ലോകകപ്പിന് മുമ്പെ മികവ് തെളിയിക്കാൻ താരങ്ങളും; ഐപിഎൽ ടീമുകളെ പരിചയപ്പെടുത്തി റൈഫി വിൻസെന്റ് ഗോമസ്

മുംബൈ: ഇന്ത്യൻ പ്രമിയർ ലീഗിന്റെ 15ാം പതിപ്പിന് മഹാരാഷ്ട്രയിലെ നാലു വേദികളിലായി തുടക്കമാകുകയാണ്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടുകയാണ്. ചെന്നൈ ക്യാപ്റ്റനെന്ന നിലയിൽ രവീന്ദ്ര ജഡേജയും കൊൽക്കത്ത ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യരും അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. മെഗാ താരലേലത്തിന്റെ വെളിച്ചത്തിൽ സമ്പൂർണ അഴിച്ചുപണികളുമായാണ് എല്ലാ ടീമുകളും ഇത്തവണ കളത്തിലിറങ്ങുന്നത്.
ഇത്തവണത്തെ ടീമുകളുടെ ശക്തി ദൗർബല്യങ്ങൾ വിലയിരുത്തുകയാണ് രഞ്ജിട്രോഫി കേരളാ ടീം മുൻ നായകൻ റൈഫി വിൻസെന്റ് ഗോമസ്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് റൈഫി പറയുന്നു.
രാജസ്ഥാൻ റോയൽസ് ഇത്തവണ താരലേലത്തിൽ മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. ടീമിലെത്തിയ പുതിയ താരങ്ങൾ ടീമിന്റെ കിരീട സാധ്യത വർദ്ധിപ്പിക്കുന്നതാണ്. നായകൻ സഞ്ജു സാംസൺ, ജോസ് ബട്‌ലർ, യശ്വസി ജെയ്‌സ് വാൾ എന്നിവരെ നിലനിർത്തിയതും പിന്നീട് താരലേലത്തിൽ പ്രമുഖ താരങ്ങളെ വിളിച്ചെടുക്കാൻ സാധിച്ചതും ടീമിന്റെ കരുത്ത കൂട്ടി. മികച്ച ബൗളർമാരെ ടീമിലെത്തിക്കാനായി. ട്രെന്റ് ബോൾട്ട് അടക്കം ട്വന്റി 20 ക്രിക്കറ്റിന് അനിയോജ്യരായ മികച്ച ബൗളിങ് നിരയാണ് അവരുടേത്. ജോസ് ബട്ലർ, ദേവ്ദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ആർ.അശ്വിൻ എന്നിവരാണ് പ്രധാന താരങ്ങൾ
ബട്ലർ, വാൻഡർദസൻ, യശസ്വി ജയ്‌സ്വാൾ, സഞ്ജു, ദേവ്ദത്ത്, ഹെറ്റ്‌മെയർ.. മികച്ച ബാറ്റിങ് നിരയാണു രാജസ്ഥാന്റേത്. സ്പിൻ ബൗളർമാരായി യുസ് വേന്ദ്ര ചെഹൽ ആർ ആശ്വിൻ എന്നീ താരങ്ങളുടെ സാന്നിദ്ധ്യവും ടീമിന്റെ കരുത്ത് വർദ്ധിപ്പിക്കും. മികച്ച ഫിനിഷറായ ഹെയ്റ്റ് മെയർ ഓൾറൗണ്ടർ ജിമ്മി നീഷം എന്നിവരുടെ സാന്നിദ്ധ്യവും ടീമിന് മുതൽക്കൂട്ടാണ്. പ്രസീദ്ധ് കൃഷ്ണയെ ഉയർന്ന വിലയ്ക്ക് സ്വന്തമാക്കി. കളിച്ച ടീമിലൊക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ച താരമാണ് പ്രസീദ് കൃഷ്ണ. ബാറ്റിംഗിലും ബൗളിംഗിലും തുല്യത പാലിക്കുന്ന ഒരു ടീമാണ് രാജസ്ഥാൻ. ടീമിന്റെ കിരീട സാധ്യത ഏറുന്നു
പഞ്ചാബ് കിങ്‌സ് ലിവിങ്സ്റ്റണിന്റെ വരവോടെ കരുത്തേറുകയാണ്. ലിവിങ്‌സ്റ്റൺ കളിച്ച ടീമിലൊക്കെ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ്. മികച്ച ഒട്ടേറെ ഇന്നിങ്‌സുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. ശിഖർ ധവാൻ ഓപ്പണിംഗിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം. മായങ്ക് നയിക്കുന്ന ബാറ്റിങ് നിരയിൽ ജോണി ബെയർ സ്‌റ്റോയുണ്ട്. കഗീസോ റബാദയടക്കമുള്ള ബൗളിങ് നിരയും മികച്ച പ്രകനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം. ശിഖർ ധവാൻ, ജോണി ബെയർസ്റ്റോ, ലിയാം ലിവിങ്സ്റ്റൺ, കഗീസോ റബാദ എന്നിവരാണ് പ്രധാന താരങ്ങൾ
റബാദയെ മാറ്റിനിർത്തിയാൽ വിദേശ പേസറുടെ അഭാവം ടീമിലുണ്ട്. വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ഒഡീൻ സ്മിത്തിന്റെ പ്രകടനം നിർണായകമാകും. ക്യാപ്റ്റനായി അരങ്ങേറുന്ന മയാങ്കിനെ കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.
ഫാഫ് ഡുപ്ലെസിയെ നഷ്ടപ്പെട്ടതു ചെന്നൈ സൂപ്പർ കിങ്‌സിന്റെ ടോപ് ഓർഡറിനെ ബാധിക്കും. എന്നാൽ ഏറെക്കുറെ സമാനമായ ടീമിനെത്തന്നെ നിലനിർത്താൻ സാധിച്ചിട്ടുമുണ്ട്. ജഡേജ, ബ്രാവോ, ദീപക് ചാഹർ, രാജ്വർധൻ ഹങ്കർഗേക്കർ, മൊയീൻ അലി തുടങ്ങിയ ഓൾറൗണ്ടർമാരുടെ സാന്നിധ്യം ഗുണം ചെയ്യും. ഋതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായിഡു, എം.എസ്.ധോണി, ഡ്വെയ്ൻ ബ്രാവോ എന്നിവരാണ് പ്രധാന താരങ്ങൾ
ഓപ്പണർ ശിഖർ ധവാനെ നഷ്ടപ്പെട്ടപ്പോൾ പകരം ഡേവിഡ് വാർണറെ ടീമിലെത്തിച്ചതു ഡൽഹി ക്യാപ്പിറ്റൽസിന് നേട്ടമായി. വാർണർ, പൃഥ്വി ഷാ, യഷ് ദൂൽ, പവൽ, ഋഷഭ് പന്ത് എന്നിവരടങ്ങുന്ന ടോപ് ഓർഡറാണ് ശക്തി. വിക്കി ഓസ്വാൾ, കമലേഷ് നാഗർകോട്ടി, പ്രവീൺ ദുബെ, ചേതൻ സാക്കരിയ തുടങ്ങിയ യുവതാരങ്ങളും ബലമാകും. ഡേവിഡ് വാർണർ, ആന്റിച് നോർട്യ, റോവ്മൻ പവൽ, ഷാർദൂൽ ഠാക്കൂർ എന്നിവരാണ് പ്രധാന താരങ്ങൾ
റസൽ, നരെയ്ൻ എന്നീ വെസ്റ്റിൻഡീസ് ഓൾറൗണ്ടർമാരുടെ സാന്നിധ്യം തന്നെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹൈലൈറ്റ്. ശ്രേയസ് അയ്യർക്കു പുറമേ, വെങ്കടേഷ് അയ്യർ, നിതീഷ് റാണ, അജിൻക്യ രഹാനെ, ആരോൺ ഫിഞ്ച് എന്നിവർ ബാറ്റിങ്ങിനു കരുത്തുപകരും. വരുൺ ചക്രവർത്തിക്കു പകരമിറക്കാൻ ഇന്ത്യൻ സ്പിന്നർ ഇല്ലാത്തതു തിരിച്ചടി. നിതീഷ് റാണ, പാറ്റ് കമിൻസ്, ആന്ദ്രേ റസൽ, സുനിൽ നരെയ്ൻ എന്നിവരുടെ പ്രകടനം ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിൽ നിർണായകമാകും.
ഐപിഎലിലെ പുതിയ ടീമുകളിലൊന്നായ ലക്‌നൗ സൂപ്പർ ജയ്ന്റ്‌സിന് ടീമിന്റെ കരുത്ത് കളിക്കളത്തിൽ തെളിയിക്കേണ്ടതുണ്ട്. ക്യാപ്റ്റൻസിയുടെ പേരുദോഷം മാറ്റാനുള്ള അവസരമാണ് രാഹുലിനിത്. ക്രുനാൽ പാണ്ഡ്യ, ദീപക് ഹൂഡ, കൃഷ്ണപ്പ ഗൗതം, സ്റ്റോയ്‌നിസ്, ഹോൾഡർ എന്നിങ്ങനെ ഒട്ടേറെ ഓൾറൗണ്ടർമാർ ടീമിലുള്ളത് ഗുണം ചെയ്യുമെങ്കിലും പരിചയസമ്പന്നരുടെ കുറവ് തിരിച്ചടിയാകും. ക്വിന്റൻ ഡികോക്, രവി ബിഷ്‌ണോയ്, മാർക്കസ് സ്റ്റോയ്‌നിസ്, ജയ്‌സൻ ഹോൾഡർ എന്നിവരാണ് ടീമിന്റെ ചാലക ശക്തി.
ഗുജറാത്ത് ടൈറ്റൻസ് ഇത്തവണ അരങ്ങേറ്റത്തിന് എത്തുന്ന പുതിയ ടീമാണ്. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിലെ പുതുമോടി ടീമിനു പ്രതീക്ഷയും ഒപ്പം വെല്ലുവിളിയും. ലോക്കി ഫെർഗൂസൻ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി എന്നീ ടോപ് ക്ലാസ് ബോളർമാരുള്ളതു ഗുണം ചെയ്യും. ടോപ് ഓർഡറിലും മിഡിൽ ഓർഡറിലും അനുഭവ സമ്പത്തുള്ള ബാറ്റർമാരില്ല.
നായകൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഇറങ്ങുന്ന മുംബൈ ഇന്ത്യൻസ് മുഖംമിനുക്കിയാണ് ഇത്തവണ ഇറങ്ങുന്നത്. ഇഷൻ കിഷൻ, കയ്‌റൻ പൊള്ളാർഡ്, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരുടെ പ്രകടനം നിർണായകമാകും.
ദക്ഷിണാഫ്രിക്കൻ യുവതാരം 'ബേബി എബി' ഡിവാൾഡ് ബ്രെവിസിന്റെ പ്രകടനം നിർണായകം. പരുക്കു മൂലം ജോഫ്ര ആർച്ചർ കളിച്ചില്ലെങ്കിൽ ബുമ്രയ്‌ക്കൊപ്പം ആര് ബോളിങ് ഓപ്പൺ ചെയ്യും, ഡെത്ത് ഓവറിൽ ആരു റൺറേറ്റ് നിയന്ത്രിക്കും എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം.
വിരാട് കോലി നായക സ്ഥാനം ഒഴിഞ്ഞതോടെ മുൻ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കന്നിക്കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. വിരാട് കോലി, മാക്‌സ്വെൽ, ജോഷ് ഹെയ്‌സൽവുഡ്, വാനിന്ദു ഹസരംഗ എന്നിവരാണ് ടീമിന്റെ ഇത്തവണത്തെ പ്രധാന പ്രതീക്ഷ.
ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി നായക സ്ഥാനത്തെത്തിയതു ടീമിന് പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ സീസണിൽ മികവു തെളിയിച്ച ദേവ്ദത്ത് പടിക്കൽ, വാഷിങ്ടൻ സുന്ദർ എന്നിവർ ടീം വിട്ടതു തിരിച്ചടിയാകും. കൂടാതെ വിരാട് കോലിക്ക് ട്വന്റി 20യിലെ തന്റെ മികച്ച പ്രകടനം ഇത്തവണ പുറത്തെടുക്കേണ്ടതുണ്ട്.
കെയ്ൻ വില്യംസണിനെ ഒരിക്കൽക്കൂടി വിശ്വാസത്തിലെടുത്താണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങുന്നത്. ഏയ്ഡൻ മാർക്രം, നിക്കോളാസ് പുരാൻ, അബ്ദുൽ സമദ്, ഭുവനേശ്വർ കുമാർ എന്നി മാച്ച് വിന്നിങ് താരങ്ങൾ പാളയത്തിലുണ്ട് എന്നതാണ് വില്യംസണിന്റെ പ്രതീക്ഷ.
ഭുവനേശ്വർ കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പേസർമാർക്കായിരിക്കും ബോളിങ്ങിന്റെ ചുമതല. പരിചയസമ്പത്തുള്ള ഒരു വിദേശ പേസർ ഇല്ല. നിക്കോളാസ് പുരാൻ, ഏയ്ഡൻ മാർക്രം എന്നീ ബിഗ് ഹിറ്റർമാരുടെ വരവ് ബാറ്റിങ്ങിന് ഊർജം പകരും. പക്ഷേ, വാർണർ പോയ വിടവ് ഇപ്പോഴുമുണ്ട്.


