നവി മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യ ജയം ലക്ഷ്യമിട്ട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് ഇറങ്ങും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികൾ. നവി മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം.

നിലവിലെ ചാംപ്യന്മാരായ ചെന്നൈയെ തകർത്ത ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത. അതേ സമയം 200 റൺസിന് മേൽ വിജയലക്ഷ്യം പടുത്തുയർത്തിയിട്ടും പഞ്ചാബിനോട് തോൽവിയേറ്റു വാങ്ങേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ആർസിബി. റൺമല തീർത്തിട്ടും പ്രതിരോധിക്കാനാകാതെ പോയതിന്റെ നിരാശയിലാണ് ആരാധകർ.

ബൗളിങ് നിരയിൽ മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, വാനിന്ദു ഹസരങ്ക തുടങ്ങി മികവുറ്റ താരങ്ങളുണ്ടായിട്ടും ആദ്യമത്സരത്തിൽ വലിയ സ്‌കോർ പ്രതിരോധിക്കാനായില്ല. പഞ്ചാബിനെതിരെ 4 ഓവറിൽ 59 റൺസാണ് മുഹമ്മദ് സിറാജ് വഴങ്ങിയത്.

മിന്നും ഫോമിലുള്ള നായകൻ ഫാഫ് ഡുപ്ലസി നൽകുന്ന തുടക്കം തന്നെയാണ് ആർസിബിയുടെ പ്രതീക്ഷ. ക്യാപ്റ്റൻസിയുടെ ഭാരമില്ലാതെ ബാറ്റ് വീശുന്ന വിരാട് കോലിയും കൊൽക്കത്തയ്ക്ക് ഭീഷണിയാകും. കൊൽക്കത്ത വിട്ട് ആർസിബിയിൽ എത്തിയ ദിനേശ് കാർത്തിക്കും മികച്ച ഫോമിലാണ്. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ തോൽപ്പിച്ചതിന്റെ കണക്ക് തീർക്കാനുണ്ട് ഇത്തവണ ബാംഗ്ലൂരിന്.

പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ നയിക്കുന്ന കൊൽക്കത്ത സന്തുലിതമായ നിര. അജിൻക്യ രഹാനെ നൽകുന്ന മികച്ച തുടക്കത്തിൽ പ്രതീക്ഷ. വെങ്കിടേഷ് അയ്യർ, സാം ബില്ലിങ്സ്, നിതീഷ് റാണ, ആന്ദ്രേ റസൽ തുടങ്ങി മികവുറ്റ താരങ്ങളുടെ നിരയുണ്ട് കൊൽക്കത്തയ്ക്ക്.

ഉമേഷ് യാദവ് തുടക്കത്തിലെ ഫോമിലെത്തിയതും ആശ്വാസം. മിസ്റ്ററി സ്പിന്നർമാരായ വരുൺ ചക്രവർത്തിയുടെയും സുനിൽ നരെയ്‌ന്റെയും പ്രകടവും നിർണായകമാകും.

നേർക്കുനേർ പോരിൽ കൊൽക്കത്തയ്ക്കാണ് മുൻതൂക്കം. ഐപിഎല്ലിൽ ഇതുവരെ 29 കളികളിൽ കൊൽക്കത്ത 16 മത്സരങ്ങളിലും ജയിച്ചു. ബാംഗ്ലൂരിന് 13 വിജയങ്ങളുണ്ട്. കഴിഞ്ഞ സീസണിൽ മൂന്നിൽ രണ്ടിലും ജയിച്ചതുകൊൽക്കത്തയായിരുന്നു. കരുത്തുറ്റ ബാറ്റിങ് നിരയുമായി ഇറങ്ങുന്ന ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്താൽ വീണ്ടും 200 റൺസ് പിന്നിടുന്ന മറ്റൊരു മത്സരത്തിന് ഇന്നും സാക്ഷിയാകാൻ ആരാധകർക്ക് അവസരം ഒരുങ്ങും.