മുംബൈ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരേ 182 റൺസ് വിജയലക്ഷ്യമുയർത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ സെഞ്ചുറിക്ക് നാല് റൺസ് അകലെ പുറത്തായ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുടെ ബാറ്റിങ് മികവിൽ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു.

64 പന്തുകൾ നേരിട്ട ഡുപ്ലെസി 2 സിക്സും 11 ഫോറുമടക്കം 96 റൺസെടുത്ത് അവസാന ഓവറിലാണ് പുറത്തായത്. അർഹിച്ച സെഞ്ചുറിയാണ് ഡുപ്ലെസിക്ക് നഷ്ടമായത്. തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച് നായകൻ ഫാഫ് ഡൂപ്ലെസിയുടെ തകർപ്പൻ ബാറ്റിംഗിന്റെ മികവിലാണ് ബാംഗ്ലൂർ മികച്ച സ്‌കോറിലെത്തിയത്. ഷഹബാസ് അഹമ്മദും(26) ഗ്ലെൻ മാക്‌സ്വെല്ലും(23) ഡൂപ്ലെസിക്ക് മികച്ച പിന്തുണ നൽകി. ലഖ്‌നൗവിനായി ദുഷ്മന്ത് ചമീര രണ്ട് വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റേത് മോശം തുടക്കമായിരുന്നു. ദുഷ്മാന്ത ചമീര എറിഞ്ഞ ആദ്യ ഓവറിൽ തന്നെ അനുജ് റാവത്ത് (4), വിരാട് കോലി (0) എന്നിവരെ ബാംഗ്ലൂരിന് നഷ്ടമായി. കോലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താകുകയായിരുന്നു.

ചമീരയുടെ ഇരട്ടപ്രഹരത്തിൽ ഞെട്ടിയ ബാംഗ്ലൂരിന് പവർ പ്ലേ പിന്നിടും മുമ്പെ തകർപ്പൻ തുടക്കമിട്ട ഗ്ലെൻ മാക്‌സ്വെല്ലിനെയും(11 പന്തിൽ 23) നഷ്ടമായി. 11 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 23 റൺസെടുത്ത മാക്സ്വെല്ലിന് ക്രുനാൽ പാണ്ഡ്യയുടെ പന്തിൽ റിവേഴ്സ് സ്വീപ് കളിക്കാനുള്ള ശ്രമത്തിനിടെ പിഴയ്ക്കുകയായിരുന്നു. താരത്തെ ജേസൺ ഹോൾഡർ പിടികൂടി.

പവർപ്ലേക്ക് പിന്നാലെ സുയാഷ് പ്രഭുദേശായിയെ(10) കൂടി നഷ്ടമായതോടെ 62-4 എന്ന നിലയിൽ തകർന്ന ബാംഗ്ലൂരിനെ ഡൂപ്ലെസിയും ഷഹബാസും ചേർന്നാണ് 100 കടത്തിയത്.
അഞ്ചാം വിക്കറ്റിൽ ഇരുവരും 70 റൺസ് ബാംഗ്ലൂർ സ്‌കോറിലേക്ക് ചേർത്തു. 40 പന്തിൽ അർധസെഞ്ചുറി തികച്ച ഡൂപ്ലെസി 12-ാം ഓവറിലാണ് ബാംഗ്ലൂരിനെ 100 കടത്തിയത്.

22 പന്തിൽ നിന്ന് 26 റൺസെടുത്ത ഷഹബാസ് 16-ാം ഓവറിൽ റണ്ണൗട്ടാകുകയായിരുന്നു. ബാംഗ്ലൂരിനെ അവസാനംവരെ പൊരുതി നിന്ന ഡൂപ്ലെസി റൺസിലെത്തിച്ചു. അവസാന ഓവറിൽ അർഹിച്ച സെഞ്ചുറിക്ക് നാലു റൺസകലെ ഹോൾഡറുടെ പന്തിൽ സ്റ്റോയ്‌നിസിന് ക്യാച്ച് നൽകി ഡൂപ്ലെസി മടങ്ങി. 8 പന്തിൽ റൺസുമായി ദിനേശ് കാർത്തിക്(13) ഒരിക്കൽ കൂടി പുറത്താകാതെ നിന്നപ്പോൾ ഹർഷൽ പട്ടേലായിരുന്നു(0) മറുവശത്ത്.