- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദിനെ എറിഞ്ഞൊതുക്കി ഷഹബാസ് അഹമ്മദ്; പതിനേഴാം ഓവറിൽ വീഴ്ത്തിയത് മൂന്ന് നിർണായക വിക്കറ്റുകൾ; അവസാന ഓവറുകളിൽ മുംബൈയുടെ 'സമ്മർദ്ദ തന്ത്രം' പ്രയോഗിച്ച ബാംഗ്ലൂർ സീസണിലെ രണ്ടാം ജയം കുറിച്ചത് ആറ് റൺസിന്; വ്യാഴാഴ്ച ഡൽഹി രാജസ്ഥാൻ പോരാട്ടം
ചെന്നൈ: അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ ആറ് റൺസിന് കീഴടക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ബാംഗ്ലൂർ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കുന്നതിൽ മുംബൈ ഇന്ത്യൻസിൽ നിന്നും പാഠം ഉൾക്കൊണ്ട വിരാട് കോലിയും സംഘവും അവസാന ഓവറുകളിലെ 'സമ്മർദ്ദ തന്ത്ര'ത്തിലൂടെയാണ് കളി തിരികെപ്പിടിച്ചത്.
ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദ് 17-ാം ഓവറിൽ മൂന്ന് നിർണായക വിക്കറ്റുകൾ വീണതോടെ കളി കൈവിട്ടു. ജോണി ബെയർസ്റ്റോയേയും (12), മനീഷ് പാണ്ഡെയേയും (38), അബ്ദുൾ സമദിനെയും പതിനേഴാം ഓവറിൽ മടക്കിയ ഷഹബാസ് അഹമ്മദാണ് മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കിയത്.
ശ്രദ്ധയോടെ ബാറ്റുവീശി സീസണിലെ ആദ്യ അർധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ. 37 പന്തുകൾ നേരിട്ട വാർണർ ഏഴു ഫോറും ഒരു സിക്സും സഹിതം 54 റൺസെടുത്തു. വാർണറിനു പുറമെ സൺറൈസേഴ്സ് നിരയിൽ രണ്ടക്കം കണ്ടത് മനീഷ് പാണ്ഡെ (39 പന്തിൽ 38), ജോണി ബെയർസ്റ്റോ (13 പന്തിൽ 12), റാഷിദ് ഖാൻ (ഒൻപത് പന്തിൽ 17) എന്നിവർ മാത്രം.
150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് സ്കോർ 13-ൽ എത്തിയപ്പോൾ തന്നെ വൃദ്ധിമാൻ സാഹയുടെ (1) വിക്കറ്റ് നഷ്ടമായി.
ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ഡേവിഡ് വാർണർ - മനീഷ് പാണ്ഡെ സഖ്യം രണ്ടാം വിക്കറ്റിൽ 83 റൺസ് ചേർത്ത് ഹൈദരാബാദിന് മികച്ച അടിത്തറ സമ്മാനിച്ചു. 37 പന്തിൽ നിന്ന് ഒരു സിക്സും ഏഴു ഫോറുമടക്കം 54 റൺസെടുത്ത വാർണറെ പുറത്താക്കി കൈൽ ജാമിസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
16 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 115 റൺസുമായി അനായം വിജയത്തിലേക്കു കുതിച്ച ഹൈദരാബാദിനെ പതിനേഴാം ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഷഹബാസ് പിടിച്ചുകെട്ടി. വിജയ് ശങ്കർ (3), ജേസൺ ഹോൾഡർ (4) എന്നിവർക്കും കാര്യമായ സംഭാവനകൾ നൽകാനായില്ല. ഒമ്പത് പന്തിൽ നിന്ന് 17 റൺസടിച്ച റാഷിദ് ഖാൻ ശ്രമിച്ച് നോക്കിയെങ്കിലും ഫലമുണ്ടായില്ല.
ബാംഗ്ലൂരിനായി രണ്ട് ഓവർ മാത്രം ബോൾ ചെയ്ത ഷഹബാസ് അഹമ്മദ് ഏഴു റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. ഹർഷൽ പട്ടേൽ മുഹമ്മദ് സിറാജ് എന്നിവർ രണ്ടും വിക്കറ്റുകൾ വീതം നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തിരുന്നു.
അർധ സെഞ്ചുറി നേടിയ ഗ്ലെൻ മാക്സ്വെല്ലാണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്കോറർ. 41 പന്തുകൾ നേരിട്ട താരം മൂന്ന് സിക്സും അഞ്ചു ഫോറുമടക്കം 59 റൺസെടുത്തു.
ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഒരിക്കൽക്കൂടി ബോളർമാർ ആധിപത്യം പുലർത്തിയപ്പോൾ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസെടുത്തത്. മൂന്നാം വിക്കറ്റിൽ വിരാട് കോലിയും മാക്സ്വെലും ചേർന്ന് 38 പന്തിൽ കൂട്ടിച്ചേർത്ത 44 റൺസാണ് ബാംഗ്ലൂർ നിരയിലെ മികച്ച കൂട്ടുകെട്ട്. രണ്ടാം വിക്കറ്റിൽ വിരാട് കോലി ഷഹബാസ് അഹമ്മദ് സഖ്യം കൂട്ടിച്ചേർത്ത 28 റൺസാണ് രണ്ടാമതെന്നത് ബാംഗ്ലൂർ ബാറ്റിങ്ങിന്റെ ദൈന്യത വെളിവാക്കുന്നു.
സ്കോർ 19-ൽ നിൽക്കേ 11 റൺസുമായി ദേവ്ദത്ത് പടിക്കൽ മടങ്ങി. സ്കോർ 50 കടക്കു മുമ്പ് ഷഹബാസ് അഹമ്മദും (14) പുറത്തായി.
29 പന്തിൽ നിന്ന് നാല് ഫോറടക്കം 33 റൺസെടുത്ത കോലിയെ ജേസൻ ഹോൾഡർ മടക്കി. പിന്നാലെയെത്തിയ എ ബി ഡിവില്ലിയേഴ്സിന് (1) വെറും അഞ്ച് പന്തുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.
വാഷിങ്ടൺ സുന്ദർ (8), ഡാൻ ക്രിസ്റ്റ്യൻ (1), കൈൽ ജാമിസൺ (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
സൺറൈസേഴ്സിനായി ജേസൺ ഹോൾഡർ മൂന്നു വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാൻ നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്