മുംബൈ: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരേ തകർപ്പൻ ജയത്തോടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ നാലാമത്. മികച്ച ബാറ്റിങ് പുറത്തെടുത്ത് 193 റൺസ് വിജയലക്ഷ്യമുയർത്തിയ ബാംഗ്ലൂർ, ഹൈദരാബാദിനെ 19.2 ഓവറിൽ 125 റൺസിന് എറിഞ്ഞിട്ടു. 67 റൺസിന്റെ ജയം സ്വന്തമാക്കിയ ആർസിബി 12 കളികളിൽ നിന്ന് 14 പോയന്റുമായി നാലാം സ്ഥാനത്ത് തുടരുന്നത്. 11 കളികളിൽ നിന്ന് 10 പോയന്റ് മാത്രമുള്ള ഹൈദരാബാദ് ആറാം സ്ഥാനത്താണ്.

നാല് ഓവറിൽ ഒരു മെയ്ഡനടക്കം 18 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ വാനിന്ദു ഹസരംഗയാണ് ഹൈദരാബാദ് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. ജോഷ് ഹെയ്സൽവുഡ് 17 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി.

37 പന്തിൽ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 58 റൺസെടുത്ത രാഹുൽ ത്രിപാഠിക്ക് മാത്രമാണ് ഹൈദദരാബാദിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. രാഹുലിനെ കൂടാതെ ഏയ്ഡൻ മാർക്രം (27 പന്തിൽ 21 റൺസ്), നിക്കോളാസ് പുരൻ (14 പന്തിൽ 19) എന്നിവർ മാത്രമാണ് ഹൈദരാബാദ് നിരയിൽ രണ്ടക്കം കണ്ടത്.

ആദ്യ പന്തിൽ തന്നെ കെയ്ൻ വില്യംസൺ (0) റണ്ണൗട്ട്. അതേ ഓവറിൽ അഭിഷേക് ശർമ (0) ഗ്ലെൻ മാക്സ്വെല്ലിന്റെ പന്തിൽ ക്ലീൻ ബൗൾഡ്. ഈ തകർച്ചയിൽ നിന്ന് കരകയറാൻ അവർക്കായില്ല. ജഗദീഷ സുജിത് (2), ശശാങ്ക് സിങ് (8), കാർത്തിക് ത്യാഗി (0), ഭുവനേശ്വർ കുമാർ (8), ഉംറാൻ മാലിക് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ഫസൽഹഖ് ഫാറൂഖി (2) പുറത്താവാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂർ 20 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് 192 റൺസിലെത്തിയത്. വിരാട് കോലി ഒഴികെയുള്ള ബാറ്റർമാരെല്ലാം ബാംഗ്ലൂരിനായി തിളങ്ങി. ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ തന്നെ കോലിയെ (0) ജഗദീഷ സുജിത്ത് പുറത്താക്കുകയായിരുന്നു. ഇത്തവണത്തെ സീസണിൽ ഇത് മൂന്നാം തവണയാണ് കോലി നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങുന്നത്.

കോലി പുറത്തായതിനു പിന്നാലെ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി - രജത് പാട്ടിദാർ സഖ്യം 105 റൺസാണ് ബാംഗ്ലൂർ സ്‌കോറിലേക്ക് ചേർത്തത്. 38 പന്തിൽ നിന്ന് രണ്ടു സിക്‌സും നാല് ഫോറുമടക്കം 48 റൺസെടുത്ത രജത്തിനെ 13-ാം ഓവറിൽ സുജിത്ത് തന്നെയാണ് പുറത്താക്കിയത്. 50 പന്തിൽ നിന്ന് രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 73 റൺസുമായി പുറത്താകാതെ നിന്ന ഡുപ്ലെസിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ.

രജത്ത് പുറത്തായ ശേഷം മൂന്നാം വിക്കറ്റിൽ ഗ്ലെൻ മാക്‌സ്വെല്ലിനെ കൂട്ടുപിടിച്ച് ഡുപ്ലെസി 54 റൺസ് കൂട്ടിച്ചേർത്തു. മാക്‌സ്വെൽ 24 പന്തുകൾ നേരിട്ട് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 33 റൺസെടുത്ത് മടങ്ങി.

പിന്നാലെ 19-ാം ഓവറിൽ ക്രീസിലെത്തിയ ദിനേഷ് കാർത്തിക്ക് തന്റെ പതിവ് ഫിനിഷിങ് മികവ് പുറത്തെടുത്തതോടെയാണ് ബാംഗ്ലൂർ സ്‌കോർ 190 കടന്നത്. വെറും എട്ട് പന്തിൽ നിന്ന് നാലു സിക്‌സും ഒരു ഫോറുമടക്കം ഡി.കെ 30 റൺസോടെ പുറത്താകാതെ നിന്നു. ഫസൽഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറിൽ ഒരു ഫോറും മൂന്ന് സിക്‌സും പറത്തിയ ഡി.കെയുടെ മികവിൽ ബാംഗ്ലൂർ അടിച്ചെടുത്തത് 25 റൺസാണ്.