- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മികച്ച തുടക്കമിട്ട് എവിൻ ലൂയിസും യശസ്വി ജയ്സ്വാളും; മുതലാക്കാതെ മധ്യനിര; രണ്ടക്കം കാണാതെ അഞ്ച് ബാറ്റ്സ്മാന്മാർ; ബാംഗ്ലൂരിന് 150 റൺസ് വിജയലക്ഷ്യം; ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ കോലിയും സംഘവും
ദുബായ്: ഓപ്പണർമാർ മികച്ച തുടക്കം നൽകിയിട്ടും മുതലാക്കാനാകാതെ രാജസ്ഥാൻ റോയൽസ്. നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 150 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 149 റൺസടിച്ചു. 11 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 100 റൺസിലെത്തിയശേഷമാണ് രാജസ്ഥാൻ അവിശ്വസനീയമായി തകർന്നടിഞ്ഞിത്.
37 പന്തിൽ 58 റൺസടിച്ച എവിൻ ലൂയിസാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ സഞ്ജു സാംസൺ 15 പന്തിൽ 19 റൺസെടുത്ത് പുറത്തായതോടെ രാജസ്ഥാന്റെ തകർച്ച തുടങ്ങി. ആദ്യ 11 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 100 റൺസടിച്ച രാജസ്ഥാന് അവസാന ഒമ്പതോവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 49 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ബംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്നും യുസ്വേന്ദ്ര ചാഹലും ഷഹബാസ് അഹമ്മദും രണ്ട് വിക്കറ്റ് വീതവുമെടുത്തു.
രാജസ്ഥാൻ റോയൽസിന് സ്വപ്നതുല്യമായ തുടക്കമാണ് ഓപ്പണർമാരായ എവിൻ ലൂയിസും യശസ്വി ജയ്സ്വാളും നൽകയത്. പവർ പ്ലേയിൽ ഇരുവരും ചേർന്ന് രാജസ്ഥാനെ വിക്കറ്റ് നഷ്ടമില്ലാതെ 56 റൺസിലെത്തിച്ചു. ഓപ്പണിങ് വിക്കറ്റിൽ ജയ്‌സ്വാളും ലൂയിസും ചേർന്ന് 8.2 ഓവറിൽ 77 റൺസടിച്ചു.
പവർ പ്ലേയിലെ ആദ്യ രണ്ടോവറിൽ എട്ട് റൺസ് മാത്രമെടുത്ത രാജസ്ഥാൻ ഗ്ലെൻ മാക്‌സ്വെൽ എറിഞ്ഞ മൂന്നാം ഓവറിലാണ് ആക്രമണം തുടങ്ങിയത്. മാക്‌സ്വെല്ലിനെതിരെ ജയ്സ്വാൾ ഇന്നിങ്‌സിലെ ആദ്യ സിക്‌സ് നേടിയതിന് പിന്നാലെ ആക്രമണം ഏറ്റെടുത്ത ലൂയിസ് ഗാർട്ടൻ എറിഞ്ഞ നാലാം ഓവറിൽ 18 റൺസടിച്ചു.
അഞ്ചാം ഓവറിൽ ഹർഷൽ പട്ടേലിനെയെും സിക്‌സിനും ഫോറിനും പറത്തി ലൂയിസ് 13 റൺസടിച്ചതോടെ രാജസ്ഥാൻ സ്‌കോർ കുതിച്ചു. 22 പന്തിൽ 31 റൺസടിച്ച ജയ്സ്വാളിനെ ഡാൻ ക്രിസ്റ്റ്യൻ മടക്കിയശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണും തകർത്തടിച്ചതോടെ രാജസ്ഥാൻ അഥിവേഗം 100 ലെത്തി.
പന്ത്രണ്ടാം ഓവറിലെ ആദ്യ പന്തിൽ 37 പന്തിൽ 58 റൺസടിച്ച ലൂയിസ് മടങ്ങി. 37 പന്തുകളിൽ നിന്ന് മൂന്ന് സിക്സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 58 റൺസെടുത്ത താരത്തെ ഗാർട്ടൺ പുറത്താക്കി. ഗാർട്ടന്റെ ആദ്യ ഐ.പി.എൽ വിക്കറ്റാണിത്.
അതേ ഓവറിലെ അവസാന പന്തിൽ സിക്‌സടിച്ച് സഞ്ജു കഴിഞ്ഞ മത്സരത്തിലെ ഫോം തുടരുമെന്ന് തോന്നിച്ചു. എന്നാൽ പതിമൂന്നാം ഓവറിൽ മഹിപാൽ ലോമറോറിനെ(3) ചാഹൽ പുറത്താക്കി രാജസ്ഥാന്റെ കുതിപ്പ് തടഞ്ഞു.
പതിനാലാം ഓവറിലെ ആദ്യ പന്തിൽ ഇടം കൈയൻ സ്പിന്നർ ഷഹബാദ് അഹമ്മദിനെ എക്‌സ്ട്രാ കവറിലൂടെ സിക്‌സിന് പറത്താനുള്ള സഞ്ജുവിന്റെ ശ്രമം ബൗണ്ടറിയിൽ ദേവ്ദത്ത് പടിക്കലിന്റെ കൈകളിലൊതുങ്ങി. 15 പന്തിൽ രണ്ട് സിക്‌സ് സഹിതമാണ് സഞ്ജു 19 റൺസടിച്ചത്. അതേ ഓവറിൽ രാഹുൽ തിവാട്ടിയയെയും(2) മടക്കി ഷഹബാസ് ഇരട്ടപ്രഹരമേൽപ്പിച്ചു. ഇതോടെ 100-1ൽ നിന്ന് 117-5ലേക്ക് രാജസ്ഥാൻ കൂപ്പുകുത്തി.
ലിയാം ലിവിങ്സ്റ്റൺ ഈ മത്സരത്തിലും നിരാശപ്പെടുത്തി. വെറും രണ്ട് റൺസ് മാത്രെടുത്ത താരം ചാഹലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീട് ക്രീസിലൊന്നിച്ച ക്രിസ് മോറിസും പരാഗും ചേർന്നാണ് ടീം സ്‌കോർ 140 കടത്തിയത്.
അവസാന ഓവറിൽ പരാഗ് ഹർഷൽ പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഒൻപത് റൺസാണ് താരത്തിന്റെ സമ്പാദ്യം. തൊട്ടടുത്ത പന്തിൽ ക്രിസ് മോറിസിനെയും മടക്കി ഹർഷൽ രാജസ്ഥാന്റെ എട്ടാം വിക്കറ്റെടുത്തു.14 റൺസെടുത്ത മോറിസിനെ തകർപ്പൻ ക്യാച്ചിലൂടെ ദേവ്ദത്ത് പടിക്കൽ പുറത്താക്കി. ഓവറിലെ അവസാന പന്തിൽ ചേതൻ സക്കറിയയെയും പുറത്താക്കി ഹർഷൽ മൂന്നാം വിക്കറ്റ് ആഘോഷിച്ചു.
ബാംഗ്ലൂരിന് വേണ്ടി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഷഹബാസ് അഹമ്മദും യൂസ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം നേടി. ജോർജ് ഗാർട്ടൺ, ഡാൻ ക്രിസ്റ്റിയൻ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
സ്പോർട്സ് ഡെസ്ക്