മുംബൈ: പുറത്താകാതെ അർദ്ധ സെഞ്ചുറി നേടിയതിനൊപ്പം ഷിംറോൺ ഹെറ്റ്മയറിനെ കൂട്ടുപിടിച്ച് അവസാന ഓവറുകളിൽ തകർത്തടിച്ച ജോസ് ബട്‌ലറുടെ ബാറ്റിങ് മികവിൽ മികച്ച വിജയലക്ഷ്യം പടുത്തുയർത്തി രാജസ്ഥാൻ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 169 റൺസെടുത്തത്.

ആദ്യ 18 ഓവറിൽ രാജസ്ഥാൻ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയ റോയൽ ചാലഞ്ചേഴ്‌സ് ബോളർമാരെ ജോസ് ബട്‌ലറും ഷിമ്രോൺ ഹെറ്റ്‌മെയറും അവസാന രണ്ട് ഓവറിൽ തല്ലിത്തകർത്തു. അവസാന രണ്ട് ഓവറിൽനിന്ന് 42 റൺസ് വാരിക്കൂട്ടിയ ഇവരുടെ 'ഫിനിഷിങ്' മികവിൽ 170 റൺസ് വിജയലക്ഷ്യമുയർത്തി.

ഓപ്പണറായി ഇറങ്ങി പുറത്താകാതെ നിന്ന ജോസ് ബട്ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. പൊതുവെ തകർത്തടിക്കുന്ന ബട്‌ലറിന് അതേ മികവു പുറത്തെടുക്കാനായില്ലെങ്കിലും അവസാന ഓവറുകളിലെ ബാറ്റിങ് വെടിക്കെട്ട് സഹിതം 47 പന്തിൽ നേടിയത് 70 റൺസ്. ആറു സിക്‌സറുകൾ സഹിതമാണ് ബട്‌ലർ 70 റൺസെടുത്തത്.

ദേവ്ദത്ത് പടിക്കൽ 37 റൺസെടുത്തും ഷിമ്രോൺ ഹെറ്റ്‌മെയർ പുറത്താകാതെ 42 റൺസെടുത്തും ബട്‌ലറിന് പിന്തുണ നൽകി. 20 പന്തിൽ രണ്ടുവീതം സിക്‌സും ഫോറും സഹിതമാണ് പടിക്കൽ 37 റൺസെടുത്തത്. 31 പന്തുകൾ നേരിട്ട ഹെറ്റ്‌മെയർ നാലു ഫോറും രണ്ടു സിക്‌സും കണ്ടെത്തി. ഓപ്പണർ യശസ്വി ജയ്സ്വാൾ (ആറു പന്തിൽ നാല്), ക്യാപ്റ്റൻ സഞ്ജു സാംസൺ (എട്ടു പന്തിൽ എട്ട്) എന്നിവർ നിരാശപ്പെടുത്തി.

വാനിന്ദു ഹസരംഗയ്ക്കെതിരെ നിരാശപ്പെടുത്തുന്ന റെക്കോർഡുള്ള സഞ്ജു, അതിന്റെ തുടർച്ചയായി ഇത്തവണയും ഹസരംഗയുടെ പന്തിൽ അനായാസ ക്യാച്ച് സമ്മാനിച്ച് പുറത്തായി. ഹസരംഗയ്‌ക്കെതിരെ ട്വന്റി20യിൽ അഞ്ച് ഇന്നിങ്‌സുകളിലായി 15 പന്തുകൾ നേരിട്ട സഞ്ജു ആകെ നേടിയത് എട്ടു റൺസ്. നാലു തവണ പുറത്തുമായി.

സ്‌കോർ ബോർഡിൽ ആറു റൺസ് മാത്രമുള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമാക്കിയ രാജസ്ഥാന് രണ്ടാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കലിനൊപ്പവും പിരിയാത്ത നാലാം വിക്കറ്റിൽ ഷിമ്രോൺ ഹെറ്റ്‌മെയറിനൊപ്പവും ജോസ് ബട്‌ലർ പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടുകളാണ് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. രണ്ടാം വിക്കറ്റിൽ 49 പന്തിൽനിന്ന് 70 റൺസടിച്ചാണ് ജോസ് ബട്‌ലർ പടിക്കൽ സഖ്യം രാജസ്ഥാൻ ഇന്നിങ്‌സിന് അടിത്തറയിട്ടത്. പിന്നീട് ക്യാപ്റ്റൻ സഞ്ജു സാംസൺ നിരാശപ്പെടുത്തിയെങ്കിലും അവസാന രണ്ട് ഓവറിൽ അടിച്ചുകൂട്ടിയ 42 റൺസ് സഹിതം പിരിയാത്ത നാലാം വിക്കറ്റിൽ 51 പന്തിൽനിന്ന് 83 റൺസടിച്ച് ജോസ് ബട്‌ലർ ഹെറ്റ്‌മെയർ സഖ്യം രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചു.

ബാംഗ്ലൂരിനായി നാല് ഓവറിൽ 18 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയ ഹർഷൽ പട്ടേലിന്റെ പ്രകടനം ശ്രദ്ധേയമായി. നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയ ഡേവിഡ് വില്ലി, നാല് ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയ വാനിന്ദു ഹസരംഗ എന്നിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. അതേസമയം, നാല് ഓവറിൽ 44 റൺസ് വഴങ്ങിയ ആകാശ് ദീപ്, നാല് ഓവറിൽ 43 റൺസ് വഴങ്ങിയ മുഹമ്മദ് സിറാജ് എന്നിവർ നിരാശപ്പെടുത്തി.