മുംബൈ: ഒരു ഘട്ടത്തിൽ തോൽവി മുന്നിൽ കണ്ട ശേഷം ജയം പിടിച്ചെടുത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 87 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടമായ ബാംഗ്ലൂരിനെ ആറാം വിക്കറ്റിൽ ഒന്നിച്ച ഷഹബാസ് അഹമ്മദ് - ദിനേഷ് കാർത്തിക്ക് കൂട്ടുകെട്ടാണ് അവിസ്മരണീയ ജയത്തിലേക്ക് നയിച്ചത്. നാല് വിക്കറ്റിനാണ് ബാംഗ്ലൂർ രാജസ്ഥാനെ പരാജയപ്പെടുത്തിയത്. രാജസ്ഥാൻ മുന്നോട്ടുവച്ച 170 റൺസ് വിജയലക്ഷ്യം ആർസിബി 19.1 ഓവറിൽ ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ഷഹബാസ് 26 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 45 റൺസെടുത്തപ്പോൾ കാർത്തിക്ക് 23 പന്തിൽ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 44 റൺസോടെ പുറത്താകാതെ നിന്നു. 170 റൺസെന്ന ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബാംഗ്ലൂരിന് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി - അനുജ് റാവത്ത് ഓപ്പണിങ് സഖ്യം തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. 42 പന്തിൽ നിന്ന് 55 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 20 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 29 റൺസെടുത്ത ഡുപ്ലെസിയെ പുറത്താക്കി യുസ്വേന്ദ്ര ചഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ എട്ടാം ഓവറിൽ അനുജ് റാവത്തിനെ മടക്കി നവ്ദീപ് സൈനി രാജസ്ഥാന് പ്രതീക്ഷയേകി. 25 പന്തിൽ നിന്ന് നാല് ഫോറടക്കം 26 റൺസെടുത്താണ് റാവത്ത് മടങ്ങിയത്. തുടർന്നെത്തിയ വിരാട് കോലിയെ (5) സഞ്ജു സാംസൺ റണ്ണൗട്ടാക്കി. പിന്നാലെ ഡേവിഡ് വില്ലിയേയും (0) മടക്കി ചാഹൽ ബാംഗ്ലൂരിനെ പ്രതിരോധത്തിലാക്കി. 13-ാം ഓവറിൽ ട്രെൻഡ് ബോൾട്ട് റുഥർഫോർഡിനെ (5) കൂടി മടക്കിയതോടെ ബാംഗ്ലൂർ കളി കൈവിട്ട അവസ്ഥയിലായി.

എന്നാൽ ആറാം വിക്കറ്റിൽ ഒന്നിച്ച ഷഹബാസ് അഹമ്മദ് - ദിനേഷ് കാർത്തിക്ക് സഖ്യം രാജസ്ഥാനിൽ നിന്ന് വിജയം പിടിച്ചെടുക്കുകയായിരുന്നു. 67 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. 154 റൺസിൽ ഷഹബാസ് വീണ ശേഷം ക്രീസിലെത്തിയ ഹർഷൽ പട്ടേൽ 20-ാം ഓവറിലെ ആദ്യ പന്ത് സിക്സറിന് പറത്തി ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചു. നാലു പന്തിൽ നിന്ന് ഒമ്പത് റൺസോടെ ഹർഷൽ പുറത്താകാതെ നിന്നു.

നേരത്തെ ജോസ് ബട്ലറും ഷിമ്രോൻ ഹെറ്റ്മെയറും ഇന്നിങ്സിലെ അവസാന പന്ത് വരെ ആവേശത്തോടെ ബാറ്റ് പിടിച്ചപ്പോൾ രാജസ്ഥാൻ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം 20 ഓവറിൽ മൂന്ന് വിക്കറ്റിന് 169 റൺസെടുക്കുകയായിരുന്നു.

പതർച്ചയോടെയാണ് രാജസ്ഥാൻ റോയൽസ് ബാറ്റിങ് തുടങ്ങിയത്. ഡേവിഡ് വില്ലി എറിഞ്ഞ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ യശസ്വീ ജയ്‌സ്വാൾ കൂടാരം കയറി. ആറ് പന്തിൽ നാല് റൺസെടുത്ത ജയ്സ്വാളിനെ വില്ലി രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ബൗൾഡാക്കുകയായിരുന്നു. ജോസ് ബട്ലറും ദേവ്ദത്ത് പടിക്കലും 35-1 എന്ന സ്‌കോറിൽ പവർപ്ലേ വരെ സുരക്ഷിതമായി രാജസ്ഥാൻ ബാറ്റിങ് നയിച്ചു. ഇതിന് ശേഷം ബട്ലർ കരുത്താർജിച്ചതോടെ രാജസ്ഥാൻ തിരിച്ചുവന്നു.

എങ്കിലും 29 പന്തിൽ രണ്ട് വീതം ഫോറും സിക്സറും സഹിതം 37 റൺസെടുത്ത പടിക്കലിനെ 10-ാം ഓവറിലെ അവസാന പന്തിൽ ഹർഷൽ പട്ടേൽ, കോലിയുടെ കൈകളിലെത്തിച്ചു. 70 റൺസാണ് ഇരുവരും സ്‌കോർ ബോർഡിൽ ചേർത്തത്. 10 ഓവറിൽ രാജസ്ഥാൻ 76-2. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ബട്ലർ-സഞ്ജു കൂട്ടുകെട്ടിലായി രാജസ്ഥാന്റെ പ്രതീക്ഷകൾ. എന്നാൽ നേരിട്ട ആറാം പന്തിൽ ഹസരങ്കയെ സിക്സർ പറത്തി തുടങ്ങിയ സഞ്ജു ഒരു പന്തിന്റെ ഇടവേളയിൽ റിട്ടേൺ ക്യാച്ചിൽ മടങ്ങി. എട്ട് പന്തിൽ അത്രതന്നെ റൺസേ സഞ്ജു നേടിയുള്ളൂ.

ജോസ് ബട്ലറും ഷിമ്രോൻ ഹെറ്റ്മെയറും ക്രീസിൽ നിൽക്കേ 15-ാം ഓവറിലാണ് രാജസ്ഥാൻ 100 കടക്കുന്നത്. ഓവർ പൂർത്തിയാകുമ്പോൾ രാജസ്ഥാൻ സ്‌കോർ 103-3. ബട്ലർക്ക് 33 പന്തിൽ 37 ഉം ഹെറ്റ്‌മെയർക്ക് 14 പന്തിൽ 11 ഉം റൺസ് മാത്രമായിരുന്നു ഈ സമയമുണ്ടായിരുന്നത്. എങ്കിലും അവസാന രണ്ട് ഓവറുകൾ ബട്ലർ ആളിക്കത്തിയപ്പോൾ രാജസ്ഥാൻ മികച്ച സ്‌കോറിലെത്തി. അവസാന രണ്ട് ഓവറിൽ 42 റൺസ് പിറന്നു. ഓപ്പണറായി ഇറങ്ങിയിട്ടും 19-ാം ഓവറിലാണ് ബട്ലർ ഫിഫ്റ്റി തികച്ചത്. ബട്ലർ 47 പന്തിൽ 70 ഉം ഹെറ്റ്മെയർ 31 പന്തിൽ 42 ഉം റൺസുമായി പുറത്താകാതെ നിന്നു.