- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഞ്ജുവിന്റെ ക്ലാസ്; പടിക്കലിന്റെ സൂപ്പർ ഷോ; ഹിറ്റ്മെയറുടെ ഹിറ്റിങ്; പ്രസീദ് കൃഷ്ണയുടെ ഓപ്പണിങ് സ്പെൽ; വിക്കറ്റ് പിഴുത് ചഹൽ; കണിശതയോടെ അശ്വിനും; ആദ്യ മത്സരത്തിൽ റോയൽസായി രാജസ്ഥാൻ; ഒന്നും പിഴക്കാത്ത കൂൾ ക്യാപ്റ്റനായി സഞ്ജു സാംസൺ; സൺറൈസേഴ്‌സിനെ തകർത്തത് 61 റൺസിന്; മാൻ ഓഫ് ദി മാച്ചായി മലയാളി ഹീറോ

പൂണെ: കളി തുടങ്ങും മുമ്പ് ക്യാപ്ടൻ സഞ്ജു പങ്കുവച്ചത് ഈ വികാരങ്ങലായിരുന്നു. ''പൂണെയിലേത് പുതിയ പിച്ചായിരിക്കും. അതുകൊണ്ടുതന്നെ വലിയ സ്‌കോറാണ് പ്രതീക്ഷിക്കുന്നത്. ടീം ക്യാംപിൽ എല്ലാവരും ആവേശത്തിലാണ്. ക്യാംപ് മുഴുവൻ സന്തോഷം മാത്രം. ഒരുപാട് പുതിയ താരങ്ങൾ, പുതിയ കോച്ചിങ് സ്റ്റാഫുകൾ. രസകരമായിട്ടാണ് ക്യാംപ് മുന്നോട്ടുപോകുന്നത്. എല്ലാവരേയും മനസിലാക്കുന്നതിന്റെ ഭാഗമായിട്ടാണത്. ശരിയായ വഴിയിലാണ് ടീം മുന്നോട്ടുപോകുന്നത്. ഈ സീസണിൽ രാജസ്ഥാന് റോയൽസിന് മികച്ച സ്‌ക്വോഡ് ഉണ്ടെന്നാണ് വിശ്വസിക്കുന്നത്.''-ഇതാണ് ക്യാപ്ടൻ പറഞ്ഞത്. സഞ്ജുവും കൂടെ കുമാര സംഗക്കാരയും തന്ത്രമൊരുക്കി. അതിന് അനുസരിച്ച് ടീം കളിച്ചു. അങ്ങനെ ഐപിഎൽ ഈ സീസണിൽ രാജസ്ഥാൻ റോയൽസിന് സ്വപ്ന തുല്യമായ തുടക്കം.
രാജസ്ഥാനെ ആദ്യ എഡിഷനിൽ ചാമ്പ്യനാക്കിയത് ഷെയ്ൻവേണാണ്. ഇന്ന് ഷെയൻ വോൺ ഓർമകളിലാണ് ജീവിക്കുന്നത്. വോണിന്റെ ആ പഴയ കിരീട നേട്ടം ഇത്തവണയും കൈപ്പടിയിൽ ഒതുക്കാൻ സഞ്ജുവിന്റെ ടീമിനാകും. മികച്ച ബൗളിങ്. പ്രത്യേകിച്ച് ഒന്നാന്തരം സ്പിന്നർമാർ ട്രെന്റ് ബോൾട്ടും പ്രസീദ് കൃഷ്ണയും ന്യൂബോളിൽ മികച്ച പ്രകടനമാണ് നടത്തിയത്. അശ്വിനും ചഹാലും കരുത്ത് കൂട്ടും. ഇതിനൊപ്പം ബാറ്റിംഗിലെ ആദ്യ കളിയിലെ ശുഭ തുടക്കവും. സഞ്ജുവിനൊപ്പം ജോസ് ബട്‌ലറും നിറഞ്ഞാൽ രാജസ്ഥാൻ സ്വപ്ന ഫൈനലിലെ ടീമുകളിൽ ഒന്നായി മാറും. ആദ്യ കളിയിൽ കരുത്തരായ ഹൈദരാബാദ് സൺറൈസേഴ്‌സിനെ 61 റൺസിനാണ് സഞ്ജുവിന്റെ പട തകർക്കുന്നത്. സഞ്ജുവാണ് മാൻഓഫ് ദി മാച്ച്.
ബാറ്റിംഗിലും ബൗളിങ്ങിലും ഫീൽഡിംഗിലും ആധിപത്യം നേടിയ വിജയം. പെർഫെക്ട് കോമ്പിനേഷനാണ് രാജസ്ഥാനെന്ന് തെളിയിക്കാൻ തുടർ വിജയങ്ങൾ അനിവാര്യതയാണ്. ആദ്യ മത്സരത്തിലെ സമാനതകളില്ലാത്ത മികച്ച വിജയം ഏതൊരു ടീമിനും ആത്മവിശ്വാസം കൂട്ടും. 211 റൺസന്റെ വമ്പൻ വിജയ ലക്ഷ്യത്തെ ഒരിക്കലും വെല്ലുവിളിക്കാൻ പോലും സൺറൈസേഴ്‌സിനായില്ല. സഞ്ജുവിന്റേയും ദേവദത്ത് പടിക്കലിന്റെ ബാറ്റിംഗിനൊപ്പം പ്രസീദ് കൃഷ്ണയെന്ന ഫാസ്റ്റ് ബൗളറും ഈ ഐപിഎല്ലിൽ എതിരാളികളെ വെള്ളം കുടുപ്പിക്കും. ഇതിനൊപ്പം ചഹലെന്ന ബൗളറും. ഈ നാലു പേരും ഫോം നിലനിർത്തുകയും മറ്റുള്ളവരും പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കുകയും ചെയ്താൽ അത്ഭുതം കാട്ടാൻ രാജസ്ഥാന് കഴിയുമെന്ന് ഉറപ്പ്.
പൂണയിലെ ആദ്യ കളിയിൽ 211 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ് 149 റൺസിന് 20 ഓവറിൽ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഏഴ് വിക്കറ്റുകളും സൺ റൈസേഴ്‌സിന് നഷ്ടമായിരുന്നു. നാല് ഓവറിൽ 16 റൺസ് വഴങ്ങി പ്രസീദ് കൃഷ്ണ രണ്ടു വിക്കറ്റെടുത്തു. ചഹൽ മൂന്നും. ട്രെന്റ് ബൗൾട്ടിനും കിട്ടി ഒരു വിക്കറ്റ്. രാജസ്ഥാന് വേണ്ടി ആദ്യ മത്സരം കളിച്ച അശ്വിൻ നാല് ഓവറിൽ വഴങ്ങിയത് 21 റൺസ് മാത്രമാണ്. അങ്ങനെ കളിക്കേണ്ടവരെല്ലാം തിളങ്ങിയെന്നതാണ് ഈ വിജയത്തിൽ രാജസ്ഥാനെ കൂടുതൽ സന്തോഷിപ്പിക്കുന്നത്. 57 റൺസെടുത്ത മക്കാരമാണ് സൺറൈസേഴ്‌സ് ടീമിലെ ടോപ് സ്‌കോറർ.
ടീമിലെ മലയാളി താരങ്ങളായ ക്യാപ്റ്റൻ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ ബാറ്റിങ് വെടിക്കെട്ടാണ് രാജസ്ഥാന് വമ്പൻ സ്‌കോർ സമ്മാനിച്ചത്. 27 പന്തിൽ 3 ഫോറും 5 സിക്‌സും അടങ്ങുന്നതാണു സഞ്ജുവിന്റെ ഇന്നിങ്‌സ്. പടിക്കൽ 29 പന്തിൽ 4 ഫോറും 2 സിക്‌സും അടക്കം 41 റൺസ് നേടി. 14 സിക്‌സറുകളാണ് രാജസ്ഥാൻ താരങ്ങളുടെ ബാറ്റിൽനിന്നു പിറന്നത്. ജോസ് ബട്ലർ (28 പന്തിൽ 3 വീതം ഫോറും സിക്‌സും അടക്കം 35), യുവതാരം യശസ്വി ജെയിസ്വാൾ (16 പന്തിൽ 2 ഫോറും ഒരു സിക്‌സും അടക്കം 20) എന്നിവർ നൽകിയ ഉജ്വല തുടക്കമാണു രാജസ്ഥാനു മികച്ച ടോട്ടലിനുള്ള അടിത്തറ പാകിയത്. 4 ഓവറിൽ 39 റൺസ് വഴങ്ങി 2 വിക്കറ്റടുത്ത ഉംറാൻ മാലിക്കാണ് ഹൈദരാബാദ് ബോളർമാരിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ടി നടരാജൻ 43 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാർ 29ഉം, റൊമാരിയോ ഷെപ്പേഡ് 33 റൺസും വഴങ്ങി ഓരോ വിക്കറ്റെടുത്തു. 3 ഓവറിൽ 47 റൺസ് വഴങ്ങിയ വാഷിങ്ടൻ സുന്ദറാണ് ഹൈദരാബാദ് ബോളർമാരിൽ ഏറ്റവും അധികം പ്രഹരം ഏറ്റുവാങ്ങിയത്.
രാജസ്ഥാൻ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. തകർത്തടിച്ച സഞ്ജു സാംസണിന്റെ അർധസെഞ്ചുറിയാണ് രാജസ്ഥാന് തുണയായത്. വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ഷിംറോൺ ഹെറ്റ്മെയർ, ജോസ് ബട്ലർ, ദേവ്ദത്ത് പടിക്കൽ എന്നിവരും മികച്ചുനിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി ജോസ് ബട്ലറും യശസ്വി ജയ്സ്വാളുമാണ് ഓപ്പൺ ചെയ്തത്. ആദ്യ ഓവറിൽ തന്നെ രാജസ്ഥാനെ സൺറൈസേഴ്സ് വിറപ്പിച്ചു. 16 പന്തുകളിൽ നിന്ന് 20 റൺസെടുത്ത ജയ്സ്വാളിനെ ഷെപ്പേർഡ് എയ്ഡൻ മാർക്രത്തിന്റെ കൈയിലെത്തിച്ചു. ജയ്സ്വാളിന് പകരം നായകൻ സഞ്ജു സാംസൺ ക്രീസിലെത്തി. 29 പന്തുകളിൽ നിന്ന് 35 റൺസെടുത്ത ബട്ലറെ ഉംറാൻ മാലിക്ക് വിക്കറ്റ് കീപ്പർ നിക്കോളാസ് പുരാന്റെ കൈയിലെത്തിച്ചു. ബട്ലർക്ക് പകരം ദേവദത്ത് പടിക്കൽ ക്രീസിലെത്തി. സഞ്ജു അടിച്ചുതകർക്കാൻ തുടങ്ങിയതോടെ രാജസ്ഥാൻ സ്‌കോർ വീണ്ടും കുതിച്ചു. വെറും 10.5 ഓവറിൽ ടീം സ്‌കോർ 100 കടന്നു. സഞ്ജുവിനൊപ്പം ദേവ്ദത്തും വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാൻ തുടങ്ങി. ഇതോടെ സൺറൈസേഴ്സ് ബൗളർമാർ വിറച്ചു. ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.
15-ാം ഓവറിലെ അവസാന പന്തിൽ ദേവ്ദത്തിനെ ക്ലീൻ ബൗൾഡാക്കി ഉംറാൻ മാലിക്ക് ഈ കൂട്ടുകെട്ട് തകർത്തു. വെറും 29 പന്തുകളിൽ നിന്ന് നാല് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 41 റൺസെടുത്ത ശേഷമാണ് ദേവ്ദത്ത് ക്രീസ് വിട്ടത്. സഞ്ജുവിനൊപ്പം 73 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്താൻ ദേവ്ദത്തിന് സാധിച്ചു. ദേവ്ദത്തിന് പകരം ഷിംറോൺ ഹെറ്റ്മെയർ ക്രീസിലെത്തി. ഹെറ്റ്മെയറെ സാക്ഷിയാക്കി സഞ്ജു അർധസെഞ്ചുറി പൂർത്തിയാക്കി. വെറും 25 പന്തുകളിൽ നിന്നാണ് സഞ്ജു അർധസെഞ്ചുറി നേടിയത്. അർധസെഞ്ചുറി നേടിയതിനുപിന്നാലെ സഞ്ജു പുറത്തായി. 27 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും അഞ്ച് സിക്സിന്റെയും സഹായത്തോടെ 55 റൺസെടുത്ത സഞ്ജുവിനെ ഭുവനേശ്വർ കുമാർ അബ്ദുൾ സമദിന്റെ കൈയിലെത്തിച്ചു. ടീം സ്‌കോർ 163 റൺസിലെത്തിച്ചാണ് സഞ്ജു മടങ്ങിയത്. സഞ്ജുവിന് പകരമായി റിയാൻ പരാഗ് ക്രീസിലെത്തി. വെറും 13 പന്തുകളിൽ നിന്ന് രണ്ട് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 32 റൺസെടുത്ത ശേഷമാണ് ഹെറ്റ്മെയർ ക്രീസ് വിട്ടത്. ഓവറിലെ അവസാന പന്തിൽ റിയാൻ പരാഗിനെ (12) പുറത്താക്കി നടരാജൻ രാജസ്ഥാൻ ഇന്നിങ്സ് അവസാനിപ്പിച്ചു. സൺറൈസേഴ്സിനുവേണ്ടി ഉംറാൻ മാലിക്കും നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ഭുവനേശ്വറും റൊമാരിയോ ഷെപ്പേർഡും ഓരോ വിക്കറ്റ് സ്വന്തമാക്കി.
എന്നാൽ രാജസ്ഥാൻ ബാറ്റ് ചെയ്തപ്പോൾ കണ്ട പിച്ചിന്റെ സ്വഭാവമായിരുന്നില്ല പിന്നീട് പൂനയിലേത്. ക്യാപ്ടൻ സഞ്ജു പറഞ്ഞതു പോലെ പച്ചപ്പ് തുണച്ചു. അതിവേഗം സൺറൈസസ് ബാറ്റ്‌സ്മാന്മാർ കൂടാരത്തിലേക്ക് മടങ്ങി. ആറാം വിക്കറ്റിൽ മക്കാരവും ഷെപ്പേർഡും മാത്രമാണ് ചെറുത്ത് നിന്നത്. ്അപ്പോഴേക്ക് വിജയം അവരുടെ കൈയിൽ നിന്ന് ഏറെ അകന്നിരുന്നു. അങ്ങനെ ആദ്യ മത്സരത്തിൽ വമ്പൻ വിജയവും രാജസ്ഥാൻ നേടി. എല്ലാ അർത്ഥത്തിലും ക്യാപ്ടന്റെ വിജയം കൂടിയായി ഇത്. മുന്നിൽ നിന്ന് ടീമിനെ നയിക്കാനുള്ള കരുത്തുണ്ടെന്ന് സഞ്ജു തെളിയിക്കുകയാണ് പൂനയിൽ. എല്ലാ ടീമുകളും ആദ്യ മത്സരം പൂർത്തിയാക്കി കഴിഞ്ഞു ഐപിഎല്ലിൽ. ഈ വമ്പൻ വിജയത്തോടെ തുടകത്തിൽ ടൂർണ്ണമെന്റിലെ ഹോട് ഫേവറേറ്റുകളായി മാറുകയാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്.


