മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 223 റൺസ് വിജയലക്ഷ്യം. സീസണിലെ മൂന്നാം സെഞ്ചുറി കുറിച്ച രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ലറുടെ ബാറ്റിങ് മികവും ദേവ്ദത്ത് പടിക്കലിന്റെ അർധസെഞ്ചുറിയും ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ബാറ്റിങ് വെടിക്കെട്ടുമാണ് റൺമല ഉയർത്തുവാൻ രാജസ്ഥാന് വഴിയൊരുക്കിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു.

ഓപ്പണറായി ഇറങ്ങിയ ബട്‌ലർ സീസണിലെ മൂന്നാം സെഞ്ചുറി കുറിച്ച് 19ാം ഓവറിലെ അവസാന പന്തിൽ പുറത്തായി. 65 പന്തിൽ ഒൻപതു വീതം സിക്‌സും ഫോറും സഹിതം 116 റൺസെടുത്താണ് ബട്‌ലർ പുറത്തായത്. ഈ സീസണിൽ ബട്‌ലറിന്റെ ഉയർന്ന സ്‌കോർ കൂടിയാണിത്. പടിക്കൽ 35 പന്തിൽ 54 റൺസെടുത്തു. സഞ്ജു 19 പന്തിൽ 46 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റിൽ ബട്ലറും പടിക്കിലും ചേർന്ന് 15 ഓവറിൽ 155 റൺസടിച്ചു കൂട്ടിയശേഷമാണ് വേർ പിരിഞ്ഞത്.

ഖലീൽ അഹമ്മദ് എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറിൽ മാത്രമാണ് ഡൽഹി അൽപമെങ്കിലും പിടിച്ചു നിന്നത്. പന്ത് നല്ല പോലെ സ്വിങ് ചെയ്യിച്ച ഖലീൽ ബട്ലറെ ബീറ്റ് ചെയ്‌തെങ്കിലും ആ ഓവറിൽ ടോപ് എഡ്ജിലൂടെ രണ്ട് ബൗണ്ടറി നേടിയാണ് ബട്ലർ ഷോ തുടങ്ങിയത്. ഷർദ്ദുൽ ഠാക്കൂറിന്റെ രണ്ടാം ഓവറിൽ ഒരു റൺസും ലളിത് യാദവ് എറിഞ്ഞ മൂന്നാം ഓവറിൽ മൂന്ന് റൺസും മാത്രമെടുത്ത് അടങ്ങി നിന്ന ബട്ലറും പടിക്കലും മുസ്തഫിസുർ റഹ്‌മാന്റെ നാലാം ഓവറിൽ മൂന്ന് ബൗണ്ടറിയടക്കം 14 റൺസടിച്ചാണ് ബാറ്റിങ് വെടിക്കെട്ടിന് തിരി കൊളുത്തിയത്.

എന്നാൽ ലളിത് യാദവ് അഞ്ചാം ഓവറിൽ മൂന്ന് റൺസ് മാത്രം വഴങ്ങി ഡൽഹിയെ വീണ്ടും കളിയിലേക്ക് മടക്കിക്കൊണ്ടുവന്നെങ്കിലും പവർപ്ലേയിലെ അവസാന ഓവർ എറിഞ്ഞ ഖലീൽ അഹമ്മദിനെ 15 റൺസടിച്ച് രാജസ്ഥാൻ പവർ പ്ലേ കളറാക്കി. പവർ പ്ലേ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 44 റൺസായിരുന്നു രാജസ്ഥാന്റെ സ്‌കോർ.

ഡൽഹി സ്പിന്നർമാരായ അക്‌സർ പട്ടേലിനെയും കുൽദീപ് യാദവിനെയും മധ്യഓവറുകളിൽ തെരഞ്ഞെുപിടിച്ച് ശിക്ഷിച്ച ബട്ലറും പടിക്കലും ചേർന്ന് ഏഴാം ഓവറിൽ രാജസ്ഥാനെ 100 കടത്തി.36 പന്തിൽ ബട്ലർ അർധസെഞ്ചുറിയിൽ എത്തിയപ്പോൾ പതിനൊന്നാം ഓവറിൽ രാജസ്ഥാൻ 100 കടന്നു. 31 പന്തിൽ അർധസെഞ്ചുറി തികച്ച പടിക്കലും ബട്ലർക്കൊപ്പം വെടിക്കെട്ട് തുടർന്നതോടെ രാജസ്ഥാൻ സ്‌കോർ കുതിച്ചു. ലളിത് യാദവ് എറിഞ്ഞ പതിമൂന്നാം ഓവറിൽ 18 റൺസടിച്ച ബട്ലർ കുൽദീപ് യാദവ് എറിഞ്ഞ പതിനഞ്ചാം ഓവറിും 18 റൺസടിച്ച് അതിവേഗം സെഞ്ചുറിയിലേക്ക് കുതിച്ചു. 57 പന്തിൽ സീസണിലെ മൂന്നാം സെഞ്ചുറി തികച്ച ബട്ലർ എട്ട് ഫോറും എട്ട് സിക്‌സും പറത്തി

പതിനാറാം ഓവറിൽ ദേവ്ദത്ത് പടിക്കൽ പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണും മോശമാക്കിയില്ല. ഖലീൽ അഹമ്മദ് എറിഞ്ഞ പതിനെട്ടാം ഓവറിൽ രണ്ട് ഫോറും രണ്ട് സിക്‌സും പറത്തി 21 റൺസടിച്ച സഞ്ജു രാജസ്ഥാനെ 200 കടത്തി. ആ ഓവറിലെ അവസാന പന്തിൽ സഞ്ജു നൽകിയ അനായാസ ക്യാച്ച് ഖലീൽ നിലത്തിട്ടത് അവിശ്വസനീയ കാഴ്ചയായി. മുത്സഫിസുർ റഹ്‌മാൻ എറിഞ്ഞ പത്തൊമ്പതാം ഓവറിലെ അവസാന പന്തിലാണ് ബട്ലർ(65 പന്തിൽ 113) പുറത്തായത്.

ഷർദ്ദുൽ ഠാക്കൂർ എറിഞ്ഞ അവസാന ഓവറിൽ സിക്‌സും രണ്ട് ഫോറും പറത്തി സഞ്ജു രാജസ്ഥാനെ 222ൽ എത്തിച്ചു. അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തിയ സഞ്ജു 19 പന്തിൽ 46 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ ഡൽഹി ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം ജയിച്ച ടീമിൽ ഇരു ടീമുകളും മാറ്റമൊന്നും വരുത്താതെയാണ് ഇറങ്ങിയത്.