മുംബൈ: ഐപിഎല്ലിൽ റൺമഴ പെയ്തിറങ്ങിയ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 15 റൺസിന് തകർത്ത് രാജസ്ഥാൻ റോയൽസ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 223 റൺസിന്റെ വിജയലക്ഷ്യത്തിന് മുന്നിൽ അവസാന ഓവർ വരെ പൊരുതിയെങ്കിലും ഡൽഹിക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

44 റൺസെടുത്ത ക്യാപ്റ്റൻ റിഷഭ് പന്തും 37 റൺസ് വീതമെടുത്ത പൃഥ്വി ഷായും ലളിത് യാദവും അവസാന ഓവറിലെ വെടിക്കെട്ടിലൂടെ അത്ഭുത ജയം സമ്മാനിക്കുമെന്ന് പ്രതീക്ഷ നൽകിയ റൊവ്മാൻ പവലും(35) ആരാധകരുടെ മനസ് കീഴടക്കിയാണ വീരോചിതമായി പൊരുതി കീഴടങ്ങിയത്. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശ പോരാട്ടത്തിനൊടുവിൽ രാജസ്ഥാൻ ജയം കൈപിടിയിൽ ഒതുക്കി.രാജസ്ഥാനു വേണ്ടി പ്രസിദ്ധ് കൃഷ്ണയും ആർ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ജയത്തോടെ ഏഴ് കളികളിൽ 10 പോയന്റുമായി രാജസ്ഥാൻ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ ആറ് കളികളിൽ 10 പോയന്റുള്ള ഗുജറാത്ത് രണ്ടാമതും ഏഴ് കളികളിൽ 10 പോയന്റുള്ള ബാംഗ്ലൂർ മൂന്നാമതുമാണ്. തോറ്റെങ്കിലും ഡൽഹി ആറാം സ്ഥാനത്തു തുടരുന്നു. സ്‌കോർ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 222-2, ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 207-8.

രാജസ്ഥാൻ ഉയർത്തിയ റൺമല കയറാനിറങ്ങിയ ഡൽഹിക്കായി ഓപ്പണർമാരായ പൃഥ്വി ഷായും ഡേവിഡ് വാർണറും തകർപ്പൻ തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 4.3 ഓവഖിൽ 43 റൺസടിച്ചു. വാർണറെ(14 പന്തിൽ 28) മടക്കി പ്രസിദ്ധ് കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ചത്. വൺഡൗണായി എത്തിയ സർഫ്രാസ് ഖാനെ(1) അശ്വിൻ വീഴ്‌ത്തിയെങ്കിലും ക്യാപ്റ്റൻ റിഷഭ് പന്തും പൃഥ്വി ഷായും പോരാട്ടം തുടർന്നതോടെ ഡൽഹിക്ക് പ്രതീക്ഷയായി. ഇരുവരും ചേർന്ന് ഡൽഹിയെ പത്താം ഓവറിൽ 99ൽ എത്തിച്ചു.

പൃഥ്വി ഷായെ(27 പന്തിൽ 37) ബോൾട്ടിന്റെ കൈകളിലെത്തിച്ച് അശ്വിൻ വീണ്ടും രാജസ്ഥാന്റെ പ്രതീക്ഷ കാത്തു. റിഷഭ് പന്ത് തകർത്തടിച്ചതോടെ ഡൽഹി മികച്ച റൺനിരക്കിൽ മുന്നേറിയെങ്കിലും പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ചാഹൽ കൈവിട്ടതിന് പിന്നാലെ വീണ്ടും അവസരം നൽകിയ പന്തിനെ ദേവ്ദത്ത് പടിക്കൽ പിടികൂടിയതോടെ ഡൽഹിയുടെ പ്രതീക്ഷ മങ്ങി.

അവസാന മൂന്നോവറിൽ 51 ജയിക്കാൻ 51 റൺസ് വേണ്ടിയിരുന്ന ഡൽഹിക്കായി റൊവ്മാൻ പവൽ, ട്രെന്റ് ബോൾട്ട് എറിഞ്ഞ പതിനെട്ടാം ഓവറിൽ 18 റൺസടിച്ച് പ്രതീക്ഷ നൽകിയെങ്കിലും പത്തൊമ്പതാം ഓവർ എറിഞ്ഞ പ്രസിദ്ധ് കൃഷ്ണ വിക്കറ്റ് മെയ്ഡിനാക്കിയതോടെ ഒരോവറിൽ 36 റൺസെന്നതായി ഡൽഹിയുടെ ലക്ഷ്യം. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകളും സിക്‌സിന് പറത്തി റൊവ്മാൻ പവൽ ഡൽഹിക്ക് വീണ്ടും പ്രതീക്ഷ നൽകി.

എന്നാൽ സിക്‌സ് അടിച്ച മൂന്നാം പന്ത് അമ്പയർ ഫുൾടോസ് നോ ബോൾ വിളിക്കാത്തതിനെച്ചൊച്ചി ഡൽഹി താരങ്ങൾ ക്യാപ്റ്റൻ റിഷഭ് പന്തിന്റെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. കളിക്കാരോട് തിരിച്ചുവരാൻ വരെ പന്ത് ആവശ്യപ്പെട്ടു. പിന്നീടുള്ള മൂന്ന് പന്തിൽ രണ്ട് റൺസ് മാത്രം വഴങ്ങി ഒബേഡ് മക്കോയ് രാജസ്ഥാന് ജയം സമ്മാനിച്ചു. ലളിത് യാദവിന്റെയും(24 പന്തിൽ 37) റൊവ്മാൻ പവലിന്റെയും(15 പന്തിൽ 36) തോൽവിഭാരം കുറച്ചു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ലറുടെ സെഞ്ചുറിയുടെും ദേവ്ദത്ത് പടിക്കലിന്റെ അർധസെഞ്ചുറിയുടെയും ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ബാറ്റിങ് വെടിക്കെട്ടിന്റെയും കരുത്തിലാണ് 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. ബട്ലർ 65 പന്തിൽ 113 റൺസെടുത്തപ്പോൾ പടിക്കൽ 35 പന്തിൽ 54 റൺസെടുത്തു. സഞ്ജു 19 പന്തിൽ 46 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റിൽ ബട്ലറും പടിക്കിലും ചേർന്ന് 15 ഓവറിൽ 155 റൺസടിച്ചു കൂട്ടിയശേഷമാണ് വേർ പിരിഞ്ഞത്.