മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിന് കീഴടക്കി ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. 161 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റു നഷ്ടത്തിൽ 11 പന്തുകൾ ബാക്കി നിൽക്കെ ഡൽഹി മറികടന്നു. ഒരു റണ്ണെടുക്കും മുൻപേ ആദ്യ വിക്കറ്റ നഷ്ടമായ ഡൽഹിക്കായി ഡേവിഡ് വാർണർ മിച്ചൽ മാർഷ് കൂട്ടുകെട്ടാണു വിജയമുറപ്പിച്ചത്. തോൽവിയോടെ പ്ലേഓഫിലെത്താൻ രാജസ്ഥാൻ കാത്തിരിക്കണമെന്നായി.

ട്രെന്റ് ബോൾട്ടിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ ശ്രീകർ ഭരത്(2 പന്തിൽ 0) പുറത്തായതൊന്നും ഡൽഹിയെ ബാധിച്ചില്ല. സാക്ഷാൽ ഡേവിഡ് വാർണറെ കാഴ്ചക്കാരനാക്കി മിച്ചൽ മാർഷ് നിറഞ്ഞാടുകയായിരുന്നു. ഏഴാം ഓവറിൽ ടീം സ്‌കോർ 50 കടന്നപ്പോൾ പിന്നാലെ വാർണറെ ബട്ലർ കൈവിട്ടത് നിർണായകമായി. തൊട്ടടുത്ത ഓവറിൽ മാർഷ്(38 പന്തിൽ) അർധസെഞ്ചുറി തികച്ചു. പിന്നാലെ മാർഷ് ബൗണ്ടറികളുമായി മുന്നേറി. വാർണറും താളം കണ്ടെത്തിയതോടെ സെഞ്ചുറി കൂട്ടുകെട്ടും പിന്നാലെ വിജയവും പിറന്നു.

62 പന്തുകളിൽനിന്ന് 89 റൺസെടുത്താണു മാർഷ് പുറത്തായത്. സെഞ്ചുറിക്കുള്ള ശ്രമത്തിനിടെ 89ൽ നിൽക്കേ മിച്ചൽ മാർഷിനെ 18-ാം ഓവറിലെ ആദ്യ പന്തിൽ ചാഹൽ പറഞ്ഞയച്ചു. ക്രീസിലൊന്നിച്ച വാർണറും (41 പന്തിൽ 52*) റിഷഭ് പന്തും (4 പന്തിൽ 13*) ചേർന്ന് ഡൽഹിയെ അനായാസം ജയത്തിലെത്തിച്ചു.

12 മത്സരങ്ങൾ കളിച്ച ഡൽഹി ആറ് ജയവും അത്ര തന്നെ തോൽവിയുമായി പോയിന്റ് പട്ടികയിൽ ആറാമതാണ്. അഞ്ചാം തോൽവി വഴങ്ങിയെങ്കിലും രാജസ്ഥാൻ മൂന്നാം സ്്ഥാനത്തുണ്ട്.

തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റിന് 160 റൺസെടുക്കുകയായിരുന്നു. ജോസ് ബട്ലറും സഞ്ജു സാംസണും പരാജയപ്പെട്ട മത്സരത്തിൽ ആർ അശ്വിനും(50), ദേവ്ദത്ത് പടിക്കലുമാണ്(48) രാജസ്ഥാന് മോശമല്ലാത്ത സ്‌കോറൊരുക്കിയത്. ഡൽഹിക്കായി ചേതൻ സക്കരിയയും ആന്റിച്ച് നോർക്യയും മിച്ചൽ മാർഷും രണ്ട് വീതം വിക്കറ്റ് നേടി.

38 പന്തുകൾ നേരിട്ട് അർധസെഞ്ചുറി നേടിയ ആർ. അശ്വിനാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. ദേവ്ദത്ത് പടിക്കൽ 30 പന്തിൽ 48 റൺസെടുത്തു പുറത്തായി. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാൾ (19 പന്തിൽ 19), ജോസ് ബട്‌ലർ (11 പന്തിൽ ഏഴ്), ക്യാപ്റ്റൻ സഞ്ജു സാംസൺ (നാല് പന്തിൽ ആറ്) എന്നിവർ തിളങ്ങാതെ പോയതാണു വലിയ സ്‌കോറിൽനിന്നു രാജസ്ഥാനെ അകറ്റിയത്.

യുവതാരം റയാൻ പരാഗ് ഒൻപതു റൺസ് മാത്രമെടുത്തു പുറത്തായി. റാസി വാൻഡർ ദസൻ 10 പന്തിൽ 12 ഉം ട്രെന്റ് ബോൾട്ട് മൂന്നും റൺസെടുത്തു പുറത്താകാതെ നിന്നു. ഡൽഹിക്കു വേണ്ടി ചേതൻ സാകരിയ, ആന്റിച് നോർദെ, മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് രാജസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.