മുംബൈ: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദും ലഖ്‌നൗ സൂപ്പർ ജെയ്ന്റ്‌സും ഇന്ന് നേർക്കുനേർ . ആദ്യ മത്സരത്തിൽ തോൽവിയോടെ സീസണിന് തുടക്കമിട്ട ഹൈദരാബാദ് ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇന്ന് ഇറങ്ങുന്നത്. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

നായകൻ കെയ്ൻ വില്യംസൺ, ഏയ്ഡൻ മർക്രാം, ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ, എന്നിവരുടെ പ്രകടനവും ഹൈദരാബാദിന് നിർണായകമാകും. കഴിഞ്ഞ സീസണിൽ നിന്ന് ഏറെയെന്നും മുന്നോട്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ആദ്യ കളിയിൽ ഹൈദരാബാദിന്റെ പ്രകടനം. ഐപിഎല്ലിൽ തുടർച്ചയായി പൂജ്യത്തിന് പുറത്താവുന്ന നിക്കോളാസ് പുരാനും പ്രതിഭയോട് നീതിപുലർത്താത്ത അബ്ദുൽ സമദും അവസരത്തിനൊത്ത് ഉയർന്നാലേ രക്ഷയുള്ളൂ. ഉംറാൻ മാലിക്കിന്റെ അതിവേഗത്തിലും ഭുവനേശ്വർ കുമാർ, ടി നടരാജൻ എന്നിവരുടെ കൃത്യതയിലും ഹൈദരാബാദിന് പ്രതീക്ഷയേറെ.

കടലാസിൽ കരുത്തരാണ് കെ എൽ രാഹുലിന്റെ ലഖ്‌നൗ. ക്വിന്റൺ ഡി കോക്കും, മനീഷ് പാണ്ഡേയും എവിൻ ലൂയിസനും ക്രീസിലുറച്ചാൽ റൺസിനെക്കുറിച്ച് ആശങ്കവേണ്ട. ഒറ്റക്കളിയിലൂടെ താരമായ ആയുഷ് ബദോനിയും ഓൾറൗണ്ടർമാരായ ക്രുനാൽ പണ്ഡ്യയും ദീപക് ഹൂഡയും ജേസൺ ഹോൾഡറും ലഖ്‌നൗവിന്റെ കരുത്തുകൂട്ടും. എന്നാൽ ആവേശ് ഖാൻ, രവി ബിഷ്‌ണോയ്, ദുഷ്മന്ത ചമീര എന്നിവരുൾപ്പെട്ട ബൗളിങ് നിരയുടെ പ്രകടനം കാത്തിരുന്ന് കാണണം.