- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറാം മത്സരത്തിൽ ആദ്യ ജയം ലക്ഷ്യമിട്ട് മുംബൈ; എതിരാളി ലഖ്നൗ; രോഹിതിനും സംഘത്തിനും നിർണായകം; രണ്ടാം മത്സരത്തിൽ ബാംഗ്ലൂറും ഡൽഹിയും നേർക്കുനേർ

മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിൽ ആദ്യ ജയം ലക്ഷ്യമിട്ട് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും. ലഖ്നൗ സൂപ്പർ ജയന്റ്‌സാണ് എതിരാളികൾ. വൈകീട്ട് 3.30ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്.
നായകൻ രോഹിത് ശർമ്മ ഉൾപ്പടെയുള്ള സൂപ്പർതാരങ്ങളുടെ നിരയുണ്ടായിട്ടും ടീമിന് ജയിക്കാനാവില്ല എന്ന അവസ്ഥയാണ് മുംബൈ ഇന്ത്യൻസിന്. തോറ്റുതുടങ്ങുക ശീലമെങ്കിലും ഇത്ര ദയനീയ പ്രകടനം മുംബൈ ഇന്ത്യൻസ് ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.
സീസണിൽ ആദ്യ 5 മത്സരങ്ങളും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്. ലഖ്നൗ ആവട്ടെ മൂന്ന് ജയവുമായി അഞ്ചാം സ്ഥാനത്തും. സീസണിൽ ഒരു മത്സരം പോലും ജയിക്കാത്ത ഏക ടീമും മുംബൈയാണ്. അതേസമയം അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റാണ് ലഖ്നൗ വരുന്നത്.
ഐപിഎല്ലിൽ ഇന്നു നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യകിരീടം സ്വപ്നം കണ്ടിറങ്ങുന്ന രണ്ട് ടീമുകൾ മുഖാമുഖം വരുന്ന മത്സരമാണിത്. ഫിസിയോ പാട്രിക്ക് ഫർഹാർടിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഡൽഹി ക്യാപിറ്റൽസ് മൈതാനത്തെത്തുന്നത്.
ചെന്നൈയോട് തോറ്റാണ് ബാംഗ്ലൂർ വരുന്നത്. ബൗളിംഗിലാണ് പ്രധാന ആശങ്ക. അവസാന മത്സരത്തിൽ വഴങ്ങിയത് സീസണിലെ ഏറ്റവുമുയർന്ന സ്‌കോർ. ക്വാറന്റൈൻ പൂർത്തിയാക്കി ഹർഷൽ പട്ടേൽ തിരിച്ചെത്തിയാൽ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ സുയാഷ് പ്രഭുദേശായ് പുറത്തിരിക്കും. ജോഷ് ഹേസൽവുഡ്, മുഹമ്മദ് സിറാജ്, വനിന്ദു ഹസരങ്ക, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ് എന്നിങ്ങനെ ആറോ ഏഴോ പേരെ പന്തേൽപ്പിക്കാനാകും ഡുപ്ലസിക്ക്. എന്നാൽ റണ്ണൊഴുക്ക് തടയാനാകാത്തത് തിരിച്ചടിയാവുന്നു. ബാറ്റിംഗിൽ കാര്യമായ ആശങ്കയില്ല. തുടക്കം നന്നായാൽ മികച്ച സ്‌കോറിലെത്തിക്കാൻ കരുത്തുള്ള മധ്യനിരയുണ്ട് ബാംഗ്ലൂരിന്.
കൊൽക്കത്തയെ തകർത്താണ് ഡൽഹിയെത്തുന്നത്. പൃഥ്വി ഷാ-ഡേവിഡ് വാർണർ ഓപ്പണിങ് സഖ്യം ഏത് ബൗളിങ് നിരയ്ക്കും വെല്ലുവിളിയാവും. നായകൻ റിഷഭ് പന്തും മികച്ച ഫോമിൽ. മത്സരം സ്വന്തമാക്കാൻ ശേഷിയുള്ള ഓൾറൗണ്ടർമാരുടെ ഒരു നിരയും ഡൽഹിയിലുണ്ട്. ബൗളിംഗിൽ ആശങ്കയില്ല. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ആന്റിച് നോർക്കിയയെയും പരിഗണിച്ചേക്കും. അഞ്ചിൽ 4 മത്സരങ്ങളും ചേസ് ചെയ്ത ടീമാണ് വാങ്കഡേയിൽ ജയിച്ചത് എന്നതിനാൽ ടോസും നിർണായകം.


