മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിൽ രണ്ട് ടീമുകൾ ഇന്ന് അരങ്ങേറ്റം കുറിക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസും ലഖ്നൗ സൂപ്പർ ജയന്റ്സും . വൈകീട്ട് ഏഴരയ്ക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. പഞ്ചാബ് കിങ്സിനൊപ്പം കളിച്ച പരിചയസമ്പരത്തുമാണ് കെ എൽ രാഹുലിന്റെ ലഖ്നൗ എത്തുന്നത്. നായകനായി ഐപിഎല്ലിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഹാർദിക് പാണ്ഡ്യ

വാങ്കഡെയിൽ ഇരുവരും ലക്ഷ്യമിടുന്നത് ടീമിന്റെ കന്നിജയം. നായകൻ രാഹുലും ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കും നൽകുന്ന മികച്ച തുടക്കം തന്നെയാകും ലഖ്നൗവിന്റെ പ്രതീക്ഷ. ഓൾറൗണ്ടർമാരുടെ വൻനിരയുണ്ടെങ്കിലും തുടക്കത്തിൽ പ്രധാനതാരങ്ങളെ ഇറക്കാനാകില്ലെന്ന നിരാശയുണ്ട് ഉത്തർപ്രദേശുകാർക്ക്. ജേസൺ ഹോൾഡർ, മാർക്കസ് സ്റ്റോയിനിസ് എന്നിവർ ആദ്യമത്സരത്തിനില്ല.

കഴിഞ്ഞ സീസണിൽ വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്തെത്തിയ ആവേശ് ഖാനാണ് ലഖ്നൗവിന്റെ ബൗളിങ് ആക്രമണത്തിന് നേതൃത്വം. മിസ്റ്ററി സ്പിന്നർരവി ബിഷ്ണോയിലും പ്രതീക്ഷ.

എവിൻ ലൂയിസ്, ദീപക് ഹൂഡ,ക്രുനാൽ പണ്ഡ്യ, മനീഷ് പാണ്ഡെ എന്നിവർ ലഖ്നൗ നിരയിലുണ്ടാകും. മറുവശത്ത് പുതിയനായകൻ ഹാർദിക് പണ്ഡ്യയിൽ നിന്ന് ഏറെ പ്രതീക്ഷിക്കുന്നു ഗുജറാത്ത്. ശുഭ്മാൻ ഗില്ലിനൊപ്പം അഫ്ഘാൻ താരം റഹ്മത്തുള്ള ഗുർബാസ് ഓപ്പൺ ചെയ്തേക്കും. വിജയ് ശങ്കർ, രാഹുൽ തെവാട്ടിയ എന്നിവർക്ക് ഇത്തവണ ഉത്തരവാദിത്തം കൂടും.

ഡേവിഡ് മില്ലറിന്റെ വെടിക്കെട്ടിലും പ്രതീക്ഷ. മുഹമ്മദ് ഷമി നേതൃത്വം നൽകുന്ന ബൗളിങ് ആക്രമണത്തെ ലഖ്നൗ കരുതിയിരിക്കണം. റാഷിദ് ഖാന്റെ 4 ഓവറുകളും പ്രധാനം. ലോക്കി ഫെർഗ്യൂസൻ, വരുൺ ആരോൺ, എന്നിവർക്കും അവസരം കിട്ടിയേക്കും. ഇന്ത്യൻടീമിലെ പണ്ഡ്യ സഹോദരന്മാർ ആദ്യമായി നേർക്കുനേർ വരുന്നു എന്നതും ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത.

ടീമിന്റെ വൈസ് ക്യാപ്റ്റനായി റാഷിദ് ഖാനെ നിയമിച്ചിരുന്നു. നായകൻ ഹാർദിക് പണ്ഡ്യ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 15 കോടി രൂപയ്ക്കാണ് റാഷിദിനെയും ഹാർദിക്കിനെയും ഗുജറാത്ത് ടീമിലെടുത്തത്.