മുംബൈ: ഐപിഎല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ ഡൽഹി കാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഇന്നിറങ്ങും. വൈകീട്ട് ഏഴരയ്ക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ചാം തോൽവി ഒഴിവാക്കുകയാണ് കൊൽക്കത്തയുടെ ലക്ഷ്യം. സന്തുലിതമായ ടീമെങ്കിലും അപ്രതീക്ഷിത തിരിച്ചടി ഡൽഹിക്ക് മറക്കണം.

ആറ് പോയിന്റ് വീതമുള്ള ഇരുടീമുകൾക്കും പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്. പൃഥ്വി ഷോ. ഡേവിഡ് വാർണർ ഓപ്പണിങ് സഖ്യം തിളങ്ങിയാൽ ഡൽഹിക്ക് കൂറ്റൻസ്‌കോറിലെത്താം. റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാൻ പവൽ, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ തുടങ്ങി വാലറ്റം വരെ നീളുന്ന ബാറ്റിങ് നിര. ബൗളിങ്ങിലും ആശങ്കയില്ല.

സീസൺ പകുതിയായിട്ടും ഓപ്പണിങ്ങിലെ പ്രശ്നം പരിഹരിക്കാനായിട്ടില്ല കൊൽക്കത്തയ്ക്ക്. ഓരോ മത്സരത്തിലും വിവിധ താരങ്ങളെ മാറി മാറി പരീക്ഷിച്ചിട്ടും ഫലമില്ല. ആന്ദ്രേ റസലിനെ ബാറ്റിങ്ങിലും ബൗളിംഗിലും ആശ്രയിക്കേണ്ട അവസ്ഥ. കഴിഞ്ഞ സീസണിലെ
താരോദയം വെങ്കിടേഷ് അയ്യർക്ക് ബാറ്റിങ് ക്രമത്തിലെ സ്ഥാനം ഉറപ്പിക്കാനായിട്ടില്ല.

മിസ്റ്ററിസ്പിന്നർ വരുൺ ചക്രവർത്തിയുടെ മോശം ഫോമും ടീമിന് തിരിച്ചടി. പാറ്റ് കമ്മിൻസിന് പകരം ടിംസൗത്തി തുടർന്നേക്കും. ഡൽഹിയിൽ ഒപ്പമുണ്ടായിരുന്ന റിഷഭ് പന്തും ശ്രേയസ് അയ്യരും നേർക്കുനേർ വരുന്നു എന്നതും ശ്രദ്ധേയം. പരസ്പരമുള്ള പോരിൽ നേരിയ മുൻതൂക്കം കൊൽക്കത്തയ്ക്കാണ്. 30 മത്സരങ്ങളിൽ 16ൽ കൊൽക്കത്തയും 13ൽ ഡൽഹിയും ജയിച്ചു.

കോവിഡ് ബാധിതരായിരുന്ന മിച്ചൽ മാർഷും ടിം സീഫെർട്ടും ക്വാറന്റൈൻ പൂർത്തിയാക്കി പരിശീലനം തുടങ്ങിയതിൽ ഡൽഹിക്ക് ആശ്വസിക്കാം. എന്നാൽ ഇന്ന് കളിക്കാൻ സാധ്യതയില്ല. ആറര കോടി രൂപയ്ക്ക് ടീമിലെടുത്ത മാർഷ് ഒരു മത്സരം മാത്രമാണ് കളിച്ചത്.