- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർധ സെഞ്ചുറിയുമായി തിളങ്ങി ശുഭ്മാൻ ഗിൽ; രാജസ്ഥാനെതിരേ 172 റൺസ് വിജയലക്ഷ്യമുയർത്തി കൊൽക്കത്ത; പിറന്നത് സീസണിൽ ഷാർജയിലെ ഉയർന്ന സ്‌കോർ
ഷാർജ: ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരേ രാജസ്ഥാൻ റോയൽസിന് 172 റൺസ് വിജയലക്ഷ്യം.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 4 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. ഇത്തവണത്തെ സീസണിൽ ഷാർജയിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്.
അർധ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. 44 പന്തുകൾ നേരിട്ട ഗിൽ രണ്ടു സിക്സും നാല് ഫോറുമടക്കം 56 റൺസെടുത്തു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് തകർപ്പൻ തുടക്കമാണ് ഗില്ലും വെങ്കടേഷ് അയ്യരും ചേർന്ന് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 79 റൺസ് ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 35 പന്തിൽ രണ്ടു സിക്സും മൂന്ന് ഫോറുമടക്കം 38 റൺസെടുത്ത വെങ്കടേഷിനെ പുറത്താക്കി രാഹുൽ തെവാട്ടിയ ഈ കൂട്ടുകെട്ട് പൊളിച്ചു.
തുടർന്നെത്തിയ നിതീഷ് റാണ അഞ്ചു പന്തിൽ നിന്ന് 12 റൺസെടുത്ത് മടങ്ങി. തുടർന്ന് 14 പന്തിൽ നിന്ന് 21 റൺസെടുത്ത രാഹുൽ ത്രിപാഠിയും ഗില്ലും ചേർന്ന് കൊൽക്കത്ത സ്‌കോർ 133 വരെയെത്തിച്ചു. എന്നാൽ 16-ാം ഓവറിൽ ഗില്ലിനെ പുറത്താക്കി ക്രിസ് മോറിസ് കൊൽക്കത്തയെ പ്രതിരോധത്തിലാക്കി. പിന്നാലെ രാഹുൽ ത്രിപാഠിയെ ചേതൻ സക്കറിയ മടക്കി.
11 പന്തിൽ 14 റൺസെടുത്ത ദിനേഷ് കാർത്തിക്കും 11 പന്തിൽ 13 റൺസെടുത്ത ക്യാപ്റ്റൻ ഓയിൻ മേർഗനും ചേർന്ന് കൊൽക്കത്ത സ്‌കോർ 150 കടത്തി.
സ്പോർട്സ് ഡെസ്ക്