ദുബായ്: ഐ.പി.എൽ 14-ാം സീസൺ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 193 റൺസ് വിജയലക്ഷ്യമുയർത്തി ചെന്നൈ സൂപ്പർ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസെടുത്തത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്കും ഭേദപ്പെട്ട തുടക്കം.ഒടുവിൽ വിവരം കിട്ടുമ്പോൾ 4 ഓവറിൽ വിക്കറ്റ് നഷ്ട്‌പ്പെടാതെ റൺസെടുത്തിട്ടുണ്ട്.

തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത ടോപ് ഓർഡറാണ് ഫൈനലിൽ ചെന്നൈക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 59 പന്തിൽ നിന്ന് മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 86 റൺസെടുത്ത ഫാഫ് ഡുപ്ലെസിയാണ് അവരുടെ ടോപ് സ്‌കോറർ. അവസാന ഓവറുകളിൽ തകർത്തടിച്ച ഡുപ്ലെസിയാണ് ചെന്നൈ സ്‌കോർ 192-ൽ എത്തിച്ചത്. അവസാന ഓവറിലെ അവസാന പന്തിലാണ് താരം പുറത്തായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി ഋതുരാജ് ഗെയ്ക്വാദ് - ഫാഫ് ഡുപ്ലെസി ഓപ്പണിങ് സഖ്യം തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. 49 പന്തിൽ നിന്ന് 61 റൺസ് ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 27 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 32 റണ്സെടുത്ത ഋതുരാജിനെ തന്റെ ആദ്യ പന്തിൽ തന്നെ സുനിൽ നരെയ്ൻ മടക്കുകയായിരുന്നു.

തുടർന്ന് ഡുപ്ലെസിക്കൊപ്പം റോബിൻ ഉത്തപ്പ എത്തിയതോടെ ചെന്നൈ ഇന്നിങ്സ് ടോപ് ഗിയറിലായി. രണ്ടാം വിക്കറ്റിൽ ഇരുവരും അതിവേഗം 63 റൺസ് അടിച്ചെടുത്തു. ഈ കൂട്ടുകെട്ട് പൊളിച്ചതും നരെയ്നായിരുന്നു. 15 പന്തിൽ നിന്ന് മൂന്ന് സിക്സടക്കം 31 റൺസെടുത്ത ഉത്തപ്പയെ നരെയ്ൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

പിന്നാലെയെത്തിയ മോയിൻ അലിയും കൊൽക്കത്ത ബൗളിങ്ങിനെ കടന്നാക്രമിക്കുകയായിരുന്നു. 20 പന്തിൽ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 23 റൺസോടെ പുറത്താകാതെ നിന്ന അലി, ഡുപ്ലെസിക്കൊപ്പം മൂന്നാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്തു.

കൊൽക്കത്തയ്ക്കായി നാല് ഓവർ എറിഞ്ഞ സുനിൽ നരെയ്ൻ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. നാല് ഓവർ എറിഞ്ഞ ലോക്കി ഫെർഗൂസൻ 56 റൺസ് വഴങ്ങി. നേരത്തെ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പർ കിങ്‌സിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇരു ടീമും കളത്തിലിറങ്ങിയത്.