മുംബൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 157 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയുടെ തകർപ്പൻ അർധസെഞ്ചുറി മികവിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. വൺ ഡൗണായി ക്രീസിലെത്തിയ ഹാർദ്ദിക് 49 പന്തിൽ 67 റൺസെടുത്ത് ഗുജറാത്തിന്റെ ടോപ് സ്‌കോററായി. കൊൽക്കത്തക്കായി ഇന്നിങ്‌സിലെ അവസാന ഓവർ എറിഞ്ഞ ആന്ദ്രെ റസൽ അഞ്ച് റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോൾ ടിം സൗത്തി മൂന്ന് വിക്കറ്റെടുത്തു.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തി ഓപ്പണർ ശുഭ്മാൻ ഗില്ലിന് ഇത്തവണയും തിളങ്ങാനായില്ല. ടിം സൗത്തി എറിഞ്ഞ രണ്ടാം ഓവറിൽ ഏഴ് റൺസുമായി ഗിൽ മടങ്ങി. എന്നാൽ വൺ ഡൗണായി ക്രീസിലെത്തിയ ഹാർദ്ദിക്കും വൃദ്ധിമാൻ സാഹയും ചേർന്ന് രണ്ടാം വിക്കറ്റിൽ 75 റൺസ് കൂട്ടുകെട്ടുയർത്തി ഗുജറാത്തിനെ നയിച്ചു. പവർ പ്ലേ പിന്നിടുമ്പോൾ 47-1 എന്ന സ്‌കോറിലായിരുന്നു ഗുജറാത്ത്.

പവർ പ്ലേക്ക് ശേഷം പന്തെറിയാനെത്തിയ സ്പിന്നർ വരുൺ ചക്രവർത്തിയെ തെരഞ്ഞുപിടിച്ച് ഹാർദ്ദിക് ശിക്ഷിച്ചതോടെ ഗുജറാത്ത് അതിവേഗം മുന്നോട്ടുപോയി. പതിനൊന്നാം ഓവറിൽ സാഹയെ(25 പന്തിൽ 25) പുറത്താക്കി ഉമേഷ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. സാഹ പുറത്തായശേഷമെത്തിയ ഡേവിഡ് മില്ലറും ഹാർദ്ദിക്കിന് മികച്ച പിന്തുണ നൽകിയതോടെ 13-ാം ഓവറിൽ ഗുജറാത്ത് 100 കടന്നു.ഇതിനിടെ 36 പന്തിൽ ഹാദ്ദിക് ഈ സീസണിലെ തുടർച്ചയായ മൂന്നാം അർധസെഞ്ചുറി തികച്ചു. ഐപിഎല്ലിൽ മൂന്നാം നമ്പറിലിറങ്ങി ഹാർദ്ദിക് നേടുന്ന ആദ്യ അർധസെഞ്ചുറിയാണിത്.

മില്ലറും ഹാർദ്ദികും തകർത്തടിച്ചപ്പോൾ ഗുജറാത്ത് വമ്പൻ സ്‌കോർ കുറിക്കുമെന്ന് കരുതിയെങ്കിലും പതിനെട്ടാം ഓവർ എറിഞ്ഞ ടിം സൗത്തി ഹാർദ്ദികിനെയും(49 പന്തിൽ 67), റാഷിദ് ഖാനെയും(0) മടക്കി ഇരട്ട പ്രഹരമേൽപ്പിച്ചതോടെ ഗുജറാത്തിന്റെ കതിപ്പിന് കടിഞ്ഞാൺ വീണു. അവസാന ഓവർ എറിഞ്ഞ ആന്ദ്രെ റസൽ വെറും അഞ്ച് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയതോടെ ഗുജറാത്ത് 156ൽ ഒതുങ്ങി. അവസാന റസൽ എടുത്ത മൂന്ന് വിക്കറ്റിലും ക്യാച്ച് എടുത്തത് റിങ്കു സിംഗായിരുന്നു. മത്സരത്തിൽ റിങ്കു നാലു ക്യാച്ചുമായി തിളങ്ങി.

കൊൽക്കത്തക്കായി ടം സൗത്തി നാലോവറിൽ 23 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ഉമേഷ് യാദവും ശിവം മാവിയും ഓരോ വിക്കറ്റെടുത്തു. തുടർച്ചയായ നാലാം മത്സരത്തിലും വരുൺ ചക്രവർത്തി വിക്കറ്റില്ലാതെ മടങ്ങി.

നേരത്തെ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്. പരിക്കിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ നിന്ന് വിട്ടുനിന്ന ഹാർദിക് തിരിച്ചെത്തി. വിജയ് ശങ്കർ ക്യാപ്റ്റന് വഴിമാറി കൊടുത്തു.

കൊൽക്കത്ത മൂന്ന് മാറ്റം വരുത്തി. സാം ബില്ലിങ്സ്, റിങ്കു സിങ്, ടിം സൗത്തി എന്നിവർ ടീമിലെത്തി. ആരോൺ ഫിഞ്ച്, ഷെൽഡൺ ജാക്സൺ, പാറ്റ് കമ്മിൻസ് പുറത്തായി. കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ചുറി നേടിയ ഫിഞ്ചിന് പരിക്കാണ് വിനയായത്. ഏഴ് മത്സരങ്ങളിൽ ആറ് പോയിന്റ് മാത്രമുള്ള കൊൽക്കത്ത പോയിന്റ് പട്ടികയിൽ ഏഴാമതാണ്. ഗുജറാത്ത് രണ്ടാം സ്ഥാനത്തും. ആറ് മത്സരങ്ങളിൽ പത്ത് പോയിന്റാണ് ഗുജറാത്തിന്.