ഷാർജ:ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ഫീൽഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങുന്നത്. കൊൽക്കത്തയ്‌ക്കെതിരെ കളിക്കാതിരുന്ന ഡ്വയിൻ ബ്രാവോ തിരിച്ചെത്തിയപ്പോൾ സാം കറൻ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായി.

വിജയത്തോടെ സമ്മർദ്ദമേതുമില്ലാതെ പ്ലേ ഓഫ് ബർത്തുറപ്പിക്കാനാണ് ചെന്നൈ ഇന്നിറങ്ങുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്തിയെങ്കിലും പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്തായ ഹൈദരാബാദിന് നഷ്ടപ്പെടാനൊന്നുമില്ല. കഴിഞ്ഞ മത്സരത്തിൽ ഡേവിഡ് വാർണറെ മാറ്റി ജേസൺ റോയിയെ ഇറക്കിയ പരീക്ഷണം വിജയിച്ചതിനാൽ ഇന്ന് ഹൈദരാബാദ് ടീമിൽ മാറ്റങ്ങളൊന്നുമില്ല.

ബാറ്റിങ് നിരയുടെ ആഴമാണ് ചെന്നൈയുടെ കരുത്ത്. ഓൾറൗണ്ടർമാരും മികച്ച ഫോമിൽ. നായകൻ ധോനിയും റെയ്‌നയും ബാറ്റിങ്ങിൽ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും സീസണിൽ ഏഴ് തവണ ചെന്നൈ സ്‌കോർ 170 പിന്നിട്ടു. ഡുപ്ലസിയുടെയും റിതുരാജ് ഗെയ്ഗ്വാദിന്റയും ഉഗ്രൻ ഫോം കാര്യങ്ങൾ എളുപ്പമാക്കുന്നു.