ഷാർജ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സ് ആദ്യം ഫീൽഡ് ചെയ്യും. ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാനം കളിച്ച ടീമിൽ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ആർസിബി ഇറങ്ങുന്നത്. പഞ്ചാബ് മൂന്ന് മാറ്റം വരുത്തി. പരിക്കേറ്റ് ഫാബിയൻ അലന് പകരം ഹർപ്രീത് ബ്രാർ ടീമിലെത്തി. ദീപക് ഹൂഡ, നഥാൻ എല്ലിസ് എന്നിവരും പുറത്തായി. സർഫറാസ് ഖാൻ, മൊയ്സസ് ഹെന്റിക്വെസ് എന്നിവരാണ് പകരക്കാർ.

11 കളിയിൽ 14 പോയിന്റുള്ള ആർസിബി മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുള്ള പഞ്ചാബ് അഞ്ചും സ്ഥാനത്താണ്. പഞ്ചാബിനെ തോൽപിച്ച് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കുകയാണ് വിരാട് കോലി നയിക്കുന്ന ബാംഗ്ലൂരിന്റെ ലക്ഷ്യം. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ കെ എൽ രാഹുലിന്റെ പഞ്ചാബിന് ജയം അനിവാര്യമാണ്. പഞ്ചാബ് ഉൾപ്പെടെ നാല് ടീമുകൾക്ക് പത്ത് പോയിന്റ് വീതമുണ്ട്. ഇന്ന് പഞ്ചാബ് പരാജയപ്പെട്ടാൽ രാജസ്ഥാൻ റോയൽസ് , കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് , മുംബൈ ഇന്ത്യൻസ് എന്നിവരുടെ സാധ്യത വർധിക്കും.

ആർസിബി ഇന്ന് ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം. അവസാന രണ്ട് മത്സരങ്ങളിലും അവർ ജയിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ആർസിബി. പഞ്ചാബ് കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയേയും മറികടന്നു. നേർക്കുനേർ മത്സരങ്ങളിൽ പഞ്ചാബിന് നേരിയ മുൻതൂക്കമുണ്ട്. 27 മത്സരങ്ങളിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ പഞ്ചാബ് 15 മത്സരങ്ങൾ ജയിച്ചു. 12 മത്സരങ്ങൾ ആർസിബിക്കൊപ്പം നിന്നു. ഇന്ത്യക്ക് പുറത്ത് അഞ്ച് മത്സരങ്ങളിൽ ഇരുവരും മുഖാമുഖം വന്നു. ഒന്നിൽ മാത്രമാണ് ആർസിബി ജയിച്ചത്. നാല് മത്സരങ്ങൾ പഞ്ചാബ് സ്വന്തമാക്കി.

ആർസിബി: വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, കെ എസ് ഭരത്, ഗ്ലെൻ മാക്സ്വെൽ, എബി ഡിവില്ലിയേഴ്സ്, ഡാനിയേൽ ക്രിസ്റ്റ്യൻ, ജോർജ് ഗാർട്ടൺ, ഷഹബാസ് അഹമ്മദ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹൽ.

പഞ്ചാബ് കിങ്സ്: കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, എയ്്ഡൻ മാർക്രം, നിക്കോളാസ് പുരാൻ, സർഫറാസ് ഖാൻ, ഷാറൂഖ് ഖാൻ, മൊയ്സസ് ഹെന്റിക്വെസ്, ഹർപ്രീത് ബ്രാർ, മുഹമ്മദ് ഷമി, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്.