അബുദാബി: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നാലു റൺസിന് തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. 142 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റെടുത്ത ബാംഗ്ലൂരിനെ ഹൈദരാബാദ് ആറു വിക്കറ്റ് നഷ്ടത്തിൽ 137 എന്ന സ്‌കോറിലൊതുക്കി. അവസാന ഓവറിൽ ജയിക്കാൻ 13 റൺസ് വേണ്ടപ്പോൾ എട്ടു റൺസ് മാത്രമാണ് ബാംഗ്ലൂരിന് നേടാനായത്.

എ ബി ഡിവില്ലിയേഴ്സ് ക്രീസിലുണ്ടായിട്ടും മികച്ച രീതിയിൽ പന്തെറിഞ്ഞ ഭുവനേശ്വർ കുമാർ ഹൈദരാബാദിന് മൂന്നാം ജയം നേടിക്കൊടുക്കുകയായിരുന്നു. ഡിവില്ലിയേഴ്സ് 13 പന്തിൽ 19 റൺസുമായി പുറത്താകാതെ നിന്നു.സ്‌കോർ സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ 141-7, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 20 ഓവറിൽ 137-6.

ഭുവനേശ്വർ കുമാർ എറിഞ്ഞ അവസാന ഓവറിൽ 13 റൺസായിരുന്നു ബാംഗ്ലൂരിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്ത് നേരിട്ട ജോർജ് ഗാർട്ടന് റണ്ണെടുക്കാനായില്ല. രണ്ടാം പന്തിൽ സിംഗിളെടുത്ത് ഡിവില്ലിയേഴ്‌സിന് സ്‌ട്രൈക്ക് കൈമാറി. ബാംഗ്ലൂരിന് ജയിക്കാൻ നാലു പന്തിൽ 12 റൺസ്. മൂന്നാം പന്തിൽ ഡിവില്ലിയേഴ്‌സ് സിംഗിളെടുത്തില്ല. നാലാം പന്ത് സിക്‌സിന് പറത്തി ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിന് വിജയപ്രതീക്ഷ നൽകി. എന്നാൽ അഞ്ചാം പന്തിൽ റൺ കൊടുക്കാതിരുന്ന ഭുവി ആറാം പന്തിൽ ഒരു റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.

പത്തൊമ്പതാം ഓവർ എറിഞ്ഞ ജേസൺ ഹോൾഡർ അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തതും മത്സരത്തിൽ നിർണായകമായി. തോൽവിയോടെ പോയന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് നേടാമെന്ന ബാംഗ്ലൂരിന്റെ മോഹങ്ങൾക്ക് തിരിച്ചടിയേറ്റു.

ക്യാപ്റ്റൻ വിരാട് കോലിയെ(5) ആദ്യ ഓവറിലെ നഷ്ടമായ ബാംഗ്ലൂരിന് നാാലം ഓവറിൽ ഡാൻ ക്രിസ്റ്റ്യനെയും(1) നഷ്ടമായതോടെ തുടക്കത്തിലെ തകർച്ചയിലായി. ശ്രീകർ ഭരത്തിനും(12) അധികനേരം പിടിച്ചുനിൽക്കാനായില്ല. എന്നാൽ ദേവ്ദത്ത് പടിക്കലും(52 പന്തിൽ 41), ഗ്ലെൻ മാക്‌സ്വെല്ലും(25 പന്തിൽ 40) ക്രീസിൽ ഒരുമിച്ചതോടെ ബാംഗ്ലൂർ വിജയപ്രതീക്ഷയിലായി.

ഇരുവരും ചേർന്ന് ബാംഗ്ലൂരിനെ അനായാസം ജയത്തിലെത്തിക്കുമെന്ന് കരുതിയപ്പോഴാണ് പതിനഞ്ചാം ഓവറിൽ സ്‌കോർ 92ൽ നിൽക്കെ മാക്‌സ്വെൽ വില്യംസണിന്റെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടായത്. പതിനഞ്ചാം ഓവറിൽ ക്രീസിലെത്തിയിട്ടും ഡിവില്ലിയേഴ്‌സിന് 13 പന്തുകൾ മാത്രമാണ് നേരിടാൻ കിട്ടിയത്. ഷഹബാസ് അഹമ്മദ്(9 പന്തിൽ 14) വമ്പനടികളിലൂടെ ബാംഗ്ലൂരിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചെങ്കിലും ഡിവില്ലിയേഴ്‌സിന് ബാംഗ്ലൂരിനെ വിജയവര കടത്താനായില്ല.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണർ ജേസൺ റോയിയുടെയും(44) ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെയും(31)ബാറ്റിങ് മികവിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്നും ഡാൻ ക്രിസ്റ്റ്യൻ രണ്ടും വിക്കറ്റ് വീഴ്‌ത്തി.