മുംബൈ: ഐപിഎല്ലിലെ നവാഗതരുടെ പോരാട്ടത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 5 വിക്കറ്റ് ജയം. സ്‌കോർ ലക്‌നൗ: 20 ഓവറിൽ 1586; ഗുജറാത്ത് 19.4 ഓവറിൽ 1615. ടോസ്: ഗുജറാത്ത്.

മുൻനിര ബാറ്റർമാർ നിറം മങ്ങിയപ്പോൾ മധ്യനിരയിൽ ഡേവിഡ് മില്ലർ (21 പന്തിൽ 31) രാഹുൽ തെവാത്തിയ (24 പന്തിൽ പുറത്താകാതെ 40) സഖ്യത്തിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ഗുജറാത്തിനെ ജയത്തിലെത്തിച്ചത്. 7 പന്തിൽ 3 ഫോർ അടക്കം പുറത്താകാതെ 15 റൺസെടുത്ത അഭിനവ് മനോഹറും ഗുജറാത്തിനായി തിളങ്ങി. 159 റൺസ് പിന്തുടർനിന്നിറങ്ങിയ ഗുജറാത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽത്തന്നെ ശുഭ്മാൻ ഗില്ലിനെ (0) ലങ്കൻ പേസർ ദുഷ്മന്ത ചമീര മടക്കി. 3ാം ഓവറിൽ വിജയ് ശങ്കറിനെ (6 പന്തിൽ 4) ചമീര ബോൾഡാക്കുമ്പോൾ ഗുജറാത്ത് സ്‌കോർബോർഡിൽ 15 റൺസ് മാത്രം.

28 പന്തിൽ 5 ഫോറും ഒരു സിക്‌സും അടക്കം 33 റൺസെടുത്ത ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ സഹോദരൻ ക്രുനാൽ പാണ്ഡ്യ പുറത്താക്കിയതും മത്സരത്തിലെ കൗതുക കാഴ്ചയായി. ക്രുനാലിന്റെ സ്ലോ ബോളിൽ ടൈമിങ് പിഴച്ച ഹാർദികിനെ മനീഷ് പാണ്ഡെയാണു ക്യാച്ചിലൂടെ മടക്കിയത്. കരുതലോടെ കളിച്ച മാത്യു വെയ്ഡിനെ (29 പന്തിൽ 4 ഫോർ അടക്കം 30) ദീപക് ഹൂഡ ബോൾഡാക്കി.

എന്നാൽ 5ാം വിക്കറ്റിൽ തകർത്തടിച്ച ഡേവിഡ് മില്ലർ രാഹുൽ തെവാത്തിയ സഖ്യം കൈവിട്ടെന്നു തോന്നിയ മത്സരത്തിലേക്കു ഗുജറാത്തിനെ തിരിച്ചെത്തിച്ചു. മില്ലർ 21 പന്തിൽ ഒരു ഫോറും 2 സിക്‌സും അടക്കം 30 റൺസ് എടുത്തപ്പോൾ തെവാത്തിയ 24 പന്തിൽ 5 ഫോറും 2 സിക്‌സും അടക്കം പുറത്താകാതെ 40 റൺസടിച്ചു. ദീപക് ഹൂഡയുടെ 16ാം ഓവറിൽ 2 വീതം സിക്‌സും ഫോറും അടക്കം ഇരുവരും ചേർന്നു നേടിയ 22 റൺസാണു കളി തിരിച്ചത്. 18ാം ഓവറിൽ ആവേശ് ഖാൻ മില്ലറെ മടക്കുമ്പോൾ 16 പന്തിൽ 21 റൺസാണു ഗുജറാത്തിനു വേണ്ടിയിരുന്നത്. ആവേശ് ഖാൻതന്നെ എറിഞ്ഞ അവസാന ഓവറിൽ 11 റൺസും.

ആദ്യ പന്തിൽ നേടിയ തകർപ്പൻ ബൗണ്ടറിയിലൂടെ അഭിനവ് മനോഹർ ഗുജറാത്തിനെ വിജയതീരത്തെത്തിച്ചു. 2ാം പന്തിൽ നേടിയ ബൗണ്ടറിയോടെ ലക്‌നൗവിന്റെ കഥയും കഴിച്ചു. 4ാം പന്തിൽ രാഹുൽ തെവാത്തിയയുടെ ബൗണ്ടറിയിൽ ഗുജറാത്ത് വിജയം രുചിച്ചു. 3 ഓവറിൽ 22 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തിയ ദുഷ്മന്ത ചമീരയും 4 ഓവറിൽ 17 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ക്രുനാലുമാണ് ലക്‌നൗവിനായി ബോളിങ്ങിൽ മികച്ചുനിന്നത്. ആവേശ് ഖാൻ 33 റൺസും ദീപക് ഹൂഡ 31 റൺസും വഴങ്ങി ഓരോ വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ, 25 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ലക്‌നൗ മുൻനിരയെ തകർത്തത്. വരുൺ ആരോൺ 4 ഓവറിൽ 45 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തപ്പോൾ റാഷിദ് ഖാൻ 4 ഓവറിൽ 27 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി. 4 ഓവറിൽ 37 റൺസ് വഴങ്ങിയ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് വിക്കറ്റ് ലഭിച്ചില്ല. ലക്‌നൗവിനായി ആയുഷ് ബാദോനി (54), ദീപക് ഹൂഡ (51) എന്നിവർ അർധ സെഞ്ചുറികൾ നേടി. ആദ്യ ഓവറിലെ ആദ്യ പന്തിൽത്തന്നെ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ (0) വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി നൽകിയ തുടക്കം മുതലെടുത്ത ഗുജറാത്ത് ലക്‌നൗവിനെ സമ്മർദത്തിലാക്കി.

പിന്നാലെ ക്വിന്റെൻ ഡി കോക്ക് (9 പന്തിൽ ഒരു ഫോർ അടക്കം 7), മനീഷ് പാണ്ഡെ (5 പന്തിൽ ഒരു ഫോർ അടക്കം 6) എന്നിവരെ ഷമി ക്ലീൻബോൾഡ് ചെയ്തപ്പോൾ വമ്പൻ അടിക്കാരൻ എവിൻ ലൂയിസിനെ (9 പന്തിൽ 2 ഫോർ അടക്കം 10) വരുൺ ആരോണിന്റെ പന്തിൽ ശുഭ്മാൻ ഗിൽ ഉജ്വല ക്യാച്ചിലൂടെ മടക്കി.

29 റൺസിനിടെ 4 വിക്കറ്റ് നഷ്ടമായ ലക്‌നൗവിനെ ഇന്ത്യൻ യുവതാരങ്ങളായ ദീപക് ഹൂഡ (41 പന്തിൽ 6 ഫോറും 2 സിക്‌സും അടക്കം 55), ആയുഷ് ബാദോനി (41 പന്തിൽ 4 ഫോറും 3 സിക്‌സും അടക്കം 54) എന്നിവർ ചേർന്നാണു പിന്നീടു കരകയറ്റിയത്. ഹൂഡയെ വിക്കറ്റിനു മുന്നിൽ കുരുക്കിയ റാഷിദ് ഖാനാണ് ഒടുവിൽ കൂട്ടുകെട്ടു പൊളിച്ചത്. 5ാം വിക്കറ്റിൽ അതിനോടകം സഖ്യം 87 റൺസ് ചേർത്തിരുന്നു. വരുൺ ആരോൺ എറിഞ്ഞ അവസാന ഓവറിലാണ് ബാദോനി പുറത്തായത്. ക്രുനാൽ പാണ്ഡ്യയും (13 പന്തിൽ 3 ഫോർ അടക്കം പുറത്തകാതെ 21) ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു.