മുംബൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ്- പഞ്ചാബ് കിങ്സ് പോരാട്ടം. ചരിത്രത്തിലാദ്യമായി രണ്ട് തോൽവികളോടെ സീസൺ തുടങ്ങിയതിന്റെ ഞെട്ടലിലാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ബാംഗ്ലൂരിനെ വീഴ്‌ത്തുകയും കൊൽക്കത്തയ്ക്ക് മുന്നിൽ അടിതെറ്റുകയും ചെയ്ത പഞ്ചാബ് കിങ്‌സ് വിജയവഴിയിൽ തിരിച്ചെത്താൻ ശ്രമിക്കുകയും ചെയ്യുമ്പോൾ മത്സരം ആവേശത്തിലാകും.മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം.

ടീമിന്റെ നിയന്ത്രണം എം എസ് ധോണിക്കോ രവീന്ദ്ര ജഡേജയ്‌ക്കോ എന്ന ചോദ്യങ്ങൾ ഉയരുന്നതും സിഎസ്‌കെ ആരാധകർക്കിടയിൽ ചർച്ചയാണ്. രാത്രിയിലെ മഞ്ഞുവീഴ്ച കാരണം സ്പിന്നർമാരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്തതും ദീപക് ചാഹറിന് പരിക്കേറ്റതോടെ യുവ പേസർമാരെ ആശ്രയിക്കേണ്ടിവരുന്നതും സിഎസ്‌കെയുടെ ദൗർബല്യം. റുതുരാജ് ഗെയ്ക്വാദ് പോയ സീസണിലെ മികവിലേക്ക് ഉയരാത്തതും വെല്ലുവിളിയാണ്. എം എസ് ധോണി ഫിനിഷിങ് മികവ് ആവർത്തിക്കുന്നത് ടീമിന് ആശ്വാസം.

ബാറ്റിംഗിൽ വമ്പൻ പേരുകാർ മികവുകാട്ടാതെ പഞ്ചാബിന് രക്ഷയില്ല. രാഹുൽ ചാഹറിനും കാഗിസോ റബാഡയ്ക്കും ബൗളിങ് നിരയിൽ പിന്തുണ കിട്ടേണ്ടതും അനിവാര്യം. 25 നേർക്കുനേർ പോരാട്ടങ്ങളിൽ 15ൽ ജയിച്ച ചെന്നൈക്കാണ് മേൽക്കൈ. ടോസ് നേടുന്ന നായകൻ ബൗളിങ് തെരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കില്ല.

ഇന്നലെ നടന്ന മത്സരത്തോടെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് തുടർച്ചയായ രണ്ടാം തോൽവി നേരിട്ടു. രാജസ്ഥാൻ റോയൽസ് 23 റൺസിന് മുംബൈയെ തോൽപിച്ചു. രാജസ്ഥാന്റെ 193 റൺസ് പിന്തുടർന്ന മുംബൈയ്ക്ക് എട്ട് വിക്കറ്റിന് 170 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അതേസമയം ഗുജറാത്ത് ടൈറ്റൻസ് തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസിനെ 14 റൺസിന് തോൽപിച്ചു. ഗുജറാത്തിന്റെ 171 റൺസ് പിന്തുടർന്ന ഡൽഹിക്ക് 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.