പുനെ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരം അൽപസമയത്തിനകം. ടോസ് നേടിയ കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുത്തു. ഇരു ടീമും വൻ മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്. കൊൽക്കത്തയിൽ ടിം സൗത്തിക്ക് പകരം പാറ്റ് കമ്മിൻസും ശിവം മാവിക്ക് പകരം റാസിഖ് സലാമും ഇടംപിടിച്ചു. മുംബൈ നിരയിൽ അന്മോൽപ്രീത് സിംഗിന് പകരം സൂര്യകുമാർ യാദവും ടിം ഡേവിഡിന് പകരം ബേബി എബിഡി എന്നറിയപ്പെടുന്ന ഡിവാൾഡ് ബ്രൂയിസും എത്തി.

സീസണിലെ ആദ്യ ജയമാണ് മുംബൈയുടെ ലക്ഷ്യം. ഡൽഹി കാപിറ്റൽസിനോടും രാജസ്ഥാൻ റോയൽസിനോടും തോറ്റ മുംബൈ ഇന്ത്യൻസിന് പരിഹരിക്കാൻ പ്രശ്നങ്ങളേറെയുണ്ട്. ഇഷാൻ കിഷനെയും തിലക് വർമ്മയെയും മാറ്റിനിർത്തിയാൽ ബാറ്റിങ് നിര ശോകമാണ്. നായകൻ രോഹിത് ശർമ്മ ഫോമിലേക്കെത്തിയിട്ടില്ല. ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിന്റെ ഫോമും ആശങ്ക. ബൗളിങ് നിരയിലാണ് ആശങ്കയേറെ. ജസ്പ്രീത് ബുമ്ര ഒഴികെയുള്ള ബൗളർമാരെല്ലാം കൈവിട്ടാണ് പന്തെറിയുന്നത്. രാജസ്ഥാനെതിരെ ബേസിൽ തമ്പിയും മുരുഗൻ അശ്വിനും കൂടി നാലോവറിൽ 58 റൺസ് വിട്ടുകൊടുത്തിരുന്നു. പൊള്ളാർഡ് നാല് ഓവറിൽ 46 റൺസും.

മൂന്നിൽ രണ്ടും ജയിച്ചെങ്കിലും കൊൽക്കത്തയ്ക്കും ആശ്വസിക്കാനായിട്ടില്ല. അജിൻക്യ രഹാനെയും വെങ്കടേഷ് അയ്യരും തുടക്കത്തിലേ മടങ്ങുന്നത് മധ്യനിരയുടെ ഭാരംകൂട്ടുന്നു. നായകൻ ശ്രേയസ് അയ്യരും നിതീഷ് റാണയും സാം ബില്ലിങ്സും പ്രതീക്ഷിച്ച മികവിലേക്ക് എത്തിയിട്ടുമില്ല. നേർക്കുനേർ കണക്കിൽ മുംബൈ ബഹുദൂരം മുന്നിലാണ്. 29 കളിയിൽ 22ലും ജയം മുംബൈയ്‌ക്കൊപ്പമായിരുന്നു. കൊൽക്കത്ത ജയിച്ചത് ഏഴ് കളിയിൽ മാത്രം.