മുംബൈ; ഐപിഎൽ 15ാം സീസണിൽ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ടീമെന്ന റെക്കോർഡ് സ്വന്തമാക്കിയെങ്കിലും അതേ മികവു തുടരാനാകാതെ പോയതോടെ, സൺറൈസേഴ്‌സ് ഹൈദരാബാദിനു മുന്നിൽ 163 റൺസ് വിജയലക്ഷ്യമുയർത്തി ഗുജറാത്ത് ടൈറ്റൻസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. ഹാർദിക് 42 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്നു. നാലു ഫോറും ഒരു സിക്‌സും സഹിതമാണ് ഹാർദിക് 50 റൺസെടുത്തത്. ഐപിഎലിൽ ഹാർദിക് പാണ്ഡ്യയുടെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറിയാണിത്.


അഞ്ചാം വിക്കറ്റിൽ യുവതാരം അഭിനവ് മനോഹറിനൊപ്പം ഹാർദിക് പാണ്ഡ്യ കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ടാണ് അവർക്ക് പൊരുതാവുന്ന സ്‌കോർ ഉറപ്പാക്കിയത്. 32 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 50 റൺസ്. അഭിനവ് 21 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 35 റൺസെടുത്ത് പുറത്തായി. ഓപ്പണർ മാത്യു വെയ്ഡ് (19 പന്തിൽ 19), ശുഭ്മൻ ഗിൽ (ഒൻപത് പന്തിൽ ഏഴ്), സായ് സുദർശൻ (ഒൻപത് പന്തിൽ 11), ഡേവിഡ് മില്ലർ (15 പന്തിൽ 12), രാഹുൽ തെവാത്തിയ (നാലു പന്തിൽ ആറ്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇന്നിങ്‌സിലെ അവസാന പന്തിനായി ക്രീസിലെത്തിയ റാഷിദ് ഖാൻ ഗോൾഡൻ ഡക്കായി.

ഹൈദരാബാദിന്റെ ഫീൽഡിങ് പിഴവുകളും ഗുജറാത്ത് ഇന്നിങ്‌സിൽ നിർണായകമായി. ഹാർദിക് പാണ്ഡ്യ, അഭിനവ് മനോഹർ എന്നിവർ നൽകിയ അവസരങ്ങൾ ഹൈദരാബാദ് താരങ്ങൾ മത്സരിച്ചാണ് കൈവിട്ടത്. രാഹുൽ ത്രിപാഠിയും എയ്ഡൻ മർക്രവുമെല്ലാം ഇരുവരെയും കൈവിട്ടു. ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിൽ 17 റൺസ് അടിച്ചെടുത്താണ് ഗുജറാത്ത് ഈ സീസണിൽ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡ് സ്വന്തമാക്കിയത്. പിന്നിലാക്കിയത്. ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ആദ്യ ഓവറിൽ 14 റൺസെടുത്ത ചെന്നൈ സൂപ്പർ കിങ്‌സിന്റെ റെക്കോർഡ്.

മത്സരത്തിൽ എയ്ഡൻ മർക്രത്തിന്റെ പന്തിൽ നേടിയ സിക്‌സറോടെ ഐപിഎലിൽ ഏറ്റവും വേഗത്തിൽ 100 സിക്‌സർ തികയ്ക്കുന്ന ഇന്ത്യൻ താരമായി ഹാർദിക് മാറി. 1094 പന്തിലാണ് ഹാർദിക് 100 സിക്‌സ് തികച്ചത്. പിന്നിലാക്കിയത് 1234 പന്തിൽ 100 സിക്‌സ് തികച്ച ഋഷഭ് പന്തിനെ. എല്ലാ രാജ്യക്കാരേയും പരിഗണിച്ചാൽ വെസ്റ്റിൻഡീസ് താരങ്ങളായ ആന്ദ്രെ റസ്സൽ (657), ക്രിസ് ഗെയ്ൽ (943) എന്നിവർക്കു മാത്രം പിന്നിലാണ് പാണ്ഡ്യ.

ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ നാല് ഓവറിൽ 37 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ടി.നടരാജൻ നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. മാർക്കോ ജാൻസൻ നാല് ഓവറിൽ 27 റൺസ് വഴങ്ങിയും ഉംറാൻ മാലിക്ക് നാല് ഓവറിൽ 39 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്‌ത്തി.

ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമുമായാണ് കളത്തിലിറങ്ങുന്നത്. ഐപിഎൽ 15ാം സീസണിൽ തോൽവി അറിയാത്ത ഏക ടീമാണ് ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ്. കളിച്ച മൂന്നു കളികളും ജയിച്ച അവർ ആറു പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാൽ അവർക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. അതേസമയം, മൂന്നു കളികളിൽനിന്ന് ഒരു മത്സരം മാത്രം ജയിച്ച സൺറൈസേഴ്‌സ് ഹൈദരാബാദ് രണ്ടു പോയിന്റുമായി എട്ടാം സ്ഥാനത്താണ്.