മുംബൈ: കോവിഡ് ആശങ്കകൾക്കിടെ ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെ നേരിടും. രാത്രി എട്ടിന് മുംബൈയിലാണ് മത്സരം . പുനെയിൽ നടക്കേണ്ടിയിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റുകയായിരുന്നു. ഡൽഹി ക്യാപിറ്റൽസ് താരങ്ങളെ ഇന്ന് രാവിലെ വീണ്ടും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്താൽ മത്സരം മാറ്റിവെക്കും.

ഡൽഹി താരം മിച്ചൽ മാർഷ് ഉൾപ്പെടെ അഞ്ച് പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം അനിശ്ചിതത്വത്തിലായത്. ഏപ്രിൽ 15ന് ടീം ഫിസിയോ പാട്രിക്ക് ഫർഹാർടിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. സ്പോർട്സ് മസാജ് തെറാപ്പിസ്റ്റായ ചേതൻ കുമാറിന് ഏപ്രിൽ 16ന് വൈറസ് ബാധ കണ്ടെത്തി. ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷ്, ടീം ഡോക്ടർ അഭിജിത്ത് സാൽവി, സോഷ്യൽ മീഡിയ കണ്ടന്റ് ടീം മെമ്പർ ആകാശ് മാനെ എന്നിവർക്ക് ഏപ്രിൽ 18നും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

കോവിഡ് പിടിപെട്ട എല്ലാവരും ഐസൊലേഷനിൽ തുടരുകയാണ്. പരിശോധനാഫലം നെഗറ്റീവായാൽ മാത്രമേ ഇവർക്ക് ടീമിന്റെ ബയോ-ബബിളിൽ തിരിച്ച് പ്രവേശിക്കാനാകൂ. ആദ്യമായി കോവിഡ് കണ്ടെത്തിയ ഏപ്രിൽ 15 മുതൽ എല്ലാ ദിവസവും ഡൽഹി ടീം അംഗങ്ങൾക്ക് ആർടി-പിസിആർ പരിശോധന നടത്തിവരികയാണ്. ഇന്നലെ നടത്തിയ എല്ലാ പരിശോധനയുടെ ഫലങ്ങളും നെഗറ്റീവായിരുന്നു. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ന് നടത്തിയ ആർടി-പിസിആർ പരിശോധനയുടെ ഫലം നിർണായകമാണ്.

നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് മിച്ചർ മാർഷിന് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാവിലെ നടത്തിയ റാപ്പിഡ് ആന്റിജൻ പരിശോധനയിൽ താരത്തിന് കോവിഡ് കണ്ടെത്തി. നേരിയ പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ച മാർഷിന് പിന്നാലെ നടത്തിയ ആർടി-പിസിആർ പരിശോധനയിൽ ആദ്യ ഫലം നെഗറ്റീവായിരുന്നു. എന്നാൽ വൈകിട്ടോടെ മാർഷടക്കമുള്ള മൂന്ന് പേരുടെ ഫലം പോസിറ്റീവാകുകയായിരുന്നു.