മുംബൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 196 റൺസ് വിജയലക്ഷ്യം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന് അഭിഷേക് ശർമ (65), എയ്ഡൻ മാർക്രം (56) എന്നിവരുടെ ഇന്നിങ്സാണ് തുണയായത്. ശശാങ്ക് സിങ് (6 പന്തിൽ 25) സ്‌കോർ 190 കടതത്താൻ സഹായിച്ചു.ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു. നേരത്തെ, മാറ്റമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങിയത്. ഹൈദരാബാദ് ഒരു മാറ്റം വരുത്തി. പരിക്കിന്റെ പിടിയിലായിരുന്ന വാഷിങ്ടൺ സുന്ദർ തിരിച്ചെത്തി. ജഗദീഷ സുജിത് പുറത്തായി.

മോശം തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. ആദ്യ അഞ്ച് ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ ഹൈദരാബാദിന് നഷ്ടമായി. കെയ്ൻ വില്യംസണെ (5) ഷമി ബൗൾഡാക്കി. അഞ്ചാം ഓവറിൽ രാഹുൽ ത്രിപാഠി (16) ഷമിയുടെ തന്നെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയും ചെയ്തു. പിന്നീട് മാർക്രം- അഭിഷേക് കൂട്ടുകെട്ടാണ് ഹൈദരാബാദിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും 96 റൺസ് കൂട്ടിചേർത്തു. എന്നാൽ അഭിഷേകിനെ ബൗൾഡാക്കി അൽസാരി ജോസഫ് ഗുജറാത്തിന് ബ്രേക്ക് ത്രൂ നൽകി.

ആറ് ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്. നിക്കോളാസ് പുരാൻ (3) വന്നത് പോലെ മടങ്ങി. ഷമിയുടെ മൂന്നാം വിക്കറ്റായിരുന്നു അത്. പതിനെട്ടാം ഓവറിൽ മാർക്രം മടങ്ങിയോതെ പ്രതീക്ഷിച്ച സ്‌കോർ നേടാൻ ഹൈദരാബാദിനായില്ല. 40 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു മാർക്രമിന്റെ ഇന്നിങ്സ്. വാഷിങ്ടൺ സുന്ദർ (3) റണ്ണൗട്ടായി. ശശാങ്ക് സിങ് (25), മാർകോ ജാൻസൻ (8) പുറത്താവാതെ നിന്നു. ലോക്കി ഫെർഗൂസണിന്റെ അവസാന ഓവരിൽ നാല് സിക്‌സുകളാണ് ഇരുവരും നേടിയത്. ഇതിൽ മൂന്നും ശശാങ്കിന്റെ വകയായിരുന്നു.

ഇരുവരുടേയും എട്ടാം മത്സരമാണിത്. ജയിക്കുന്നവർക്ക് ഒന്നാമതെത്താനുള്ള അവസരമുണ്ട്. ഏഴ് മത്സരങ്ങളിൽ 12 പോയിന്റാണ് ഗുജറാത്തിന്. ഹൈദരാബാദിന് 10 പോയിന്റുണ്ട്. എന്നാൽ റൺറേറ്റ് അടിസ്ഥാനത്തിൽ ഏറെ മുന്നിലാണ് കെയ്ൻ വില്യംസണും സംഘവും. അതുകൊണ്ടുതന്നെ ഇന്ന് ജയിച്ചാൽ രാജസ്ഥാൻ റോയൽസിനെ പിന്തള്ളനാവും.