- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ച് തുടർതോൽവികളിൽ നിന്ന് ജയത്തിലേക്കെത്താൻ കൊൽക്കത്ത; ജയത്തോടെ സെമിസ്ഥാനം ഉറപ്പിക്കാൻ രാജസ്ഥാനും;രാജസ്ഥാൻ റോയൽസിന് ഇന്ന് കൊൽക്കത്ത എതിരാളികൾ; സാധ്യത ഇലവനെ അറിയാം

മുംബൈ: വിജയവഴിയിൽ തിരിച്ചെത്താൻ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് എതിരാളികൾ. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ കൊൽക്കത്തയ്ക്ക് ജയം അനിവാര്യമാണ്. വൈകീട്ട് ഏഴരയ്ക്ക് വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
അഞ്ച് തുടർതോൽവികളിൽ ഉഴലുകയാണ് കൊൽക്കത്ത. രാജസ്ഥാനാവട്ടെ പ്ലേഓഫിലേക്ക് ഒരു പടി കൂടി അടുക്കാനാണ് ശ്രമിക്കുന്നത്. ഓപ്പണിംഗിൽ തുടങ്ങുന്നു കൊൽക്കത്തയുടെ പ്രശ്നങ്ങൾ. കഴിഞ്ഞ സീസണിലെ മിന്നുംതാരം വെങ്കിടേഷ് അയ്യർ ഓപ്പണിംഗിലും മധ്യനിരയിലും പരാജയം. ആരോൺ ഫിഞ്ച്, സുനിൽ നരെയ്ൻ, സാം ബില്ലിങ്സ് എന്നിവരെയെല്ലാം പരീക്ഷിച്ചിട്ടും വിജയഫോർമുല കണ്ടെത്താനായിട്ടില്ല. ശ്രേയസ് അയ്യരും ആന്ദ്രേ റസലും പ്രതീക്ഷ.
രാജസ്ഥാന്റെ വെടിക്കെട്ട് ഓപ്പണർ ജോസ് ബട്ലറെ തടയാനുള്ള നിയോഗം ടിം സൗത്തി, ഉമേഷ് യാദവ്, സുനിൽ നരെയ്ൻ എന്നിവർക്ക്. വരുൺ ചക്രവർത്തിയുടെ മോശം ഫോമും കൊൽക്കത്തയ്ക്ക് തിരിച്ചടി. ഓറഞ്ച് ക്യാപ്പ് തലയിലുള്ള ജോസ് ബട്ലറും ദേവ്ദത്ത് പടിക്കലും മികച്ച തുടക്കം നൽകിയാൽ രാജസ്ഥാനെ പിടിച്ചുകെട്ടുക എളുപ്പമല്ല. ബട്ലർ സീസണിൽ നേടിയത് മൂന്ന് സെഞ്ചുറി ഉൾപ്പെടെ 566 റൺസ്.
സഞ്ജു, ഷിംറോൺ ഹെറ്റ്മെയർ എന്നിവർക്ക് പുറമെ റിയാൻ പരാഗ്, അശ്വിൻ എന്നിവരും മത്സരം ജയിപ്പിക്കാൻ ശേഷിയുള്ളവർ. എന്നാൽ ഡാരിൽ മിച്ചലിന് പകരം ജയിംസ് നീഷം ടീമിലെത്താൻ സാധ്യതയേറെയാണ്. ബൗളിംഗിലും രാജസ്ഥാന് തന്നെ മേൽക്കൈ. ട്രെന്റ് ബൗൾട്ട്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് സെൻ പേസ് ത്രയവും യൂസ്വേന്ദ്ര ചാഹൽ, ആർ അശ്വിൻ സഖ്യവും ചേരുമ്പോൾ സഞ്ജുവിന് ആശങ്കയില്ല. നേർക്കുനേർ പോരിൽ 13ൽ കൊൽക്കത്തയും 12ൽ രാജസ്ഥാനും ജയിച്ചു. സാധ്യതാ ഇലവൻ...
രാജസ്ഥാൻ റോയൽസ്: ജോസ് ബ്ടലർ, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ, ഡാരിൽ മിച്ചൽ/ ജയിംസ് നീഷം, ഷിംറോൺ ഹെറ്റ്മയേർ, റിയാൻ പരാഗ്, ആർ അശ്വിൻ, ട്രന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് സെൻ, യൂസ്വേന്ദ്ര ചാഹൽ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ആരോൺ ഫിഞ്ച്, വെങ്കടേഷ് അയ്യർ, ശ്രേയസ് അയ്യർ, നിതീഷ് റാണ, ബാബ ഇന്ദ്രജിത്ത്, റിങ്കു സിങ്, ആന്ദ്രേ റസ്സൽ, സുനിൽ നരെയ്ൻ, ഉമേഷ് യാദവ്, ടിം സൗത്തി, ഹാർഷിത് റാണ.


