- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ഥാനനിർണ്ണയ പോരാട്ടത്തിൽ ഡൽഹിക്ക് മികച്ച സ്കോർ; ആർസിബിക്ക് 165 റൺസ് വിജയലക്ഷ്യം; ഡൽഹിക്ക് കരുത്തായത് മികച്ച ഓപ്പണിങ്ങ് കൂട്ട്കെട്ട്
ദുബായ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സ്വപ്നതുല്യ തുടക്കത്തിന് ശേഷം കൂറ്റൻ സ്‌കോറിലെത്താതെ ഡൽഹി ക്യാപിറ്റൽസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ അഞ്ച് വിക്കറ്റിന് 164 റൺസെടുത്തു. 48 റൺസെടുത്ത പൃഥ്വി ഷായാണ് ടോപ് സ്‌കോറർ. അവസാന ഓവറുകളിൽ ഷിമ്രോൻ ഹെറ്റ്മയറുടെ ബാറ്റിങ് നിർണായകമായി. എങ്കിലും അവസാന 30 പന്തിൽ 36 റൺസേ പിറന്നുള്ളൂ.
സ്വപ്ന തുടക്കമാണ് ശിഖർ ധവാൻ-പൃഥ്വി ഷാ സഖ്യം ഡൽഹിക്ക് നൽകിയത്. പവർപ്ലേയിൽ 55 റൺസ് ചേർത്ത ഇരുവരും 10 ഓവറിൽ ടീമിനെ 88 റൺസിലെത്തിച്ചു. 11-ാം ഓവറിലെ ആദ്യ പന്തിൽ ഹർഷാൽ പട്ടേലാണ് ആർസിബിക്ക് ബ്രേക്ക്ത്രൂ നൽകിയത്. 35 പന്തിൽ 43 റൺസെടുത്ത ധവാൻ സ്ലോ ബോളിൽ ക്രിസ്റ്റ്യന്റെ കൈകളിലെത്തി. റണ്ണുയർത്താൻ ലക്ഷ്യമിട്ട് നായകൻ റിഷഭ് പന്ത് തന്നെ വൺഡൗണായെത്തി.
ചഹൽ എറിഞ്ഞ 11-ാം ഓവറിലെ ആദ്യ പന്ത് സിക്സർ പറത്തി പൃഥ്വി ഷാ ഡൽഹിയെ 100 കടത്തി. എന്നാൽ തൊട്ടടുത്ത പന്തിൽ ഷായെ(31 പന്തിൽ 48) ഗാർട്ടണിന്റെ കൈകളിലാക്കി ചഹൽ പകരംവീട്ടി. സ്ഥാനക്കയറ്റിം കിട്ടിയ റിഷഭിന് ഇന്നിങ്സ് നിരാശയായി. എട്ട് പന്തിൽ 10 റൺസെടുത്ത താരത്തെ 13-ാം ഓവറിൽ ക്രിസ്റ്റ്യൻ വിക്കറ്റ് കീപ്പറുടെ അടുക്കലെത്തിച്ചു.
ഇതിന് ശേഷം ശ്രേയസ് അയ്യർ-ഷിമ്രോൻ ഹെറ്റ്മയർ സഖ്യം ഡൽഹിയെ മുന്നോട്ട് നയിച്ചു. എന്നാൽ ശ്രേയസ് അയ്യർ വെടിക്കെട്ട് മറന്നത് തിരിച്ചടിയായി. 18 പന്തിൽ അത്ര തന്നെ റൺസെടുത്ത അയ്യരെ 18-ാം ഓവറിൽ സിറാജ് പുറത്താക്കിയത് നിർണായകമായി. ഇന്നിങ്സിലെ അവസാന പന്തിൽ ഹെറ്റ്മയറെ(21 പന്തിൽ 29) സിറാജ് മടക്കിയപ്പോൾ റിപാൽ പട്ടേൽ ഏഴ് റൺസുമായി പുറത്താകാതെ നിന്നു.
ടോസ് നേടിയ ആർസിബി നായകൻ വിരാട് കോലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളില്ലാതെയാണ് കോലിപ്പടയും റിഷഭ് പന്തും സംഘവും ഇറങ്ങിയത്.
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാനാണ് ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നത്. അതേസമയം ക്വാളിഫയർ പ്രതീക്ഷയവസാനിച്ച ബാംഗ്ലൂരിന് പ്ലേ ഓഫിന് മുമ്പ് മേൽക്കൈ നേടാൻ വിജയം അനിവാര്യമാണ്. പ്ലേ ഓഫ് ഉറപ്പിച്ച ബാംഗ്ലൂരിനും ഡൽഹിക്കും അവസാന മത്സരത്തിൽ കൂടി ജയിച്ച് ആത്മവിശ്വാസം കൂട്ടുകയാണ് ലക്ഷ്യം. കരുത്തരായ ചെന്നൈ സൂപ്പർ കിങ്സിനെ മറികടന്നാണ് ഡൽഹി വരുന്നതെങ്കിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് തോറ്റാണ് കോലിപ്പടയെത്തുന്നത്.
സ്പോർട്സ് ഡെസ്ക്