തിരുവനന്തപുരം: സർക്കാരിന്റെ പ്രവർത്തനത്തിൽ ഐപിഎസ് ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി. സെക്രട്ടറിയേറ്റ് നടയിലെ ശ്രീജിതിന്റെ പ്രതിഷേധ സമരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായം പോലും മാനിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ തന്നിഷ്ടമാണ് പൊലീസിൽ നടക്കുന്നതെന്നാണ് ഉയരുന്ന വാദം. ഈ സാഹചര്യത്തിൽ ഐപിഎസ് അസോസിയേഷന്റെ അടിയന്തര യോഗം നാളെ ചേരും. സർക്കാരിന്റെ നടപടികൾക്കെതിരെ വികാരം ഉയർത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം.

മുഖ്യമന്ത്രിയുടെ ഓഫീസിന് ഏറെ താൽപ്പര്യമുള്ള മുതിർന്ന ഐപിഎസുകാരൻ ടോമിൻ തച്ചങ്കരിയാണ്. അദ്ദേഹത്തിന്റെ അസാന്നിധ്യം ഉറപ്പാക്കി കൂടിയാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിമാരും സർക്കാർ അനുകൂലികളാണ്. ഇവരിൽ പലരേയും യോഗത്തിന് വിളിച്ചിട്ടില്ല. വിളിച്ചവർ പോലും എത്തരുതെന്ന ലക്ഷ്യവും അസോസിയഷന്റെ തലപ്പത്തുള്ളവർക്കുണ്ട്. അതുകൊണ്ട് തന്നെ ഇന്നാണ് യോഗത്തിന്റെ അറിയിപ്പ് കത്ത് തയ്യാറാക്കിയത്. നാളെ പൊലീസ് ആസ്ഥാനത്ത് വൈകിട്ട് അഞ്ചരയ്ക്കാണ് യോഗം. ഇതിൽ ജില്ലാ പൊലീസ് മേധാവിമാരും മറ്റ് ചുമതലക്കാരും ഓടിയെത്തുക അസാധ്യമാണ്. ഇത്തരത്തിലൊരു തന്ത്രമാണ് അസോസിഷേൻ യോഗത്തിന് എടുത്തിരിക്കുന്നത്.

ടോമിൻ തച്ചങ്കരിയുടെ ആസ്ഥാനം തിരുവനന്തപുരമാണ്. ഫയർഫോഴ്സ് മേധാവിയായ തച്ചങ്കരിയുടെ സാന്നിധ്യത്തിൽ സർക്കാരിനെ വിമർശിക്കുന്ന ചർച്ച അപകടകമരാണ്. മുഖ്യമന്ത്രിക്ക് എന്താണ് നടന്നതെന്ന് വ്യക്തമായി അറിയാനാകും. അതിനാൽ ജൂനിയർ ഐപിഎസുകാർ ആരും യോഗത്തിന് എത്തുക പോലുമില്ല. അതുകൊണ്ട് തന്നെ ഏറെ നാളായി തച്ചങ്കേരിയെ ഭയന്ന് ഇത്തരം യോഗങ്ങൾ നടക്കാറുമില്ല. ടിപി സെൻകുമാറിന് യാത്ര അയപ്പ് നൽകുകയെന്ന ലക്ഷ്യത്തോടെ നടത്തിയ യോഗം ഏറെ വിവാദങ്ങൾ ക്ഷണിച്ചുവച്ചു. സർക്കാരിന്റെ അപ്രിയക്കാരനാകാൻ താൽപ്പര്യമില്ലാതെ ഐപിഎസ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനം മനോജ് എബ്രഹാം ഒഴിയുകയും ചെയ്തു. ഇതെല്ലാം മനസ്സിലാക്കിയാണ് തച്ചങ്കരി അവധിക്ക് പോകുമ്പോഴുള്ള യോഗം വിളി.

സംസ്ഥാനത്ത് വിജിലൻസ് ഡയറക്ടർ തസ്തികയിൽ സ്ഥിരം ഡിജിപി ഇല്ല. മുതിർന്ന ഡിഡിപിമാരിൽ ഒരാളായ ഹേമചന്ദ്രൻ അപ്രധാനമായ കെ എസ് ആർ ടി സി എംഡി സ്ഥാനമാണ് ഉള്ളത്. പൊലീസിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥർ കയ്യാളിയ പദവിയാണ് ഇത്. ഇങ്ങനെ ഹേമചന്ദ്രനെ സർക്കാർ അവഗണിക്കുന്നു. കൊല്ലം കമ്മീഷണറായിരുന്ന അജിതാ ബീഗത്തെ സ്ഥലം മാറ്റി. പകരം നിയമന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പത്തനംതിട്ടയിലെ എസ് പിയും അജിതാ ബീഗത്തിന്റെ ഭർത്താവുമായ സതീഷ് ബിനോയ്ക്കും മാറ്റം കിട്ടി. ഇദ്ദേഹത്തിനും പകരം നിയമനം കൊടുത്തിരുന്നില്ല. അതിനിടെ ഇന്ന് ഇവർക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ നിയമന ഉത്തരവ് കിട്ടുകയും ചെയ്തു. ഇത് വൈകിയിരുന്നുവെങ്കിൽ കേരളത്തിൽ തസ്തിക ഇല്ലാതെ ഇവർക്കു കുറച്ചു കാലം നിൽക്കേണ്ടി വരുമായിരുന്നു.

സതീഷ് ബിനോയ്ക്കും അജിതാ ബീഗത്തിനും ഡെപ്യുട്ടേഷൻ നിയമന ഉത്തവ് കിട്ടുന്നതിന് മുമ്പ് സ്ഥലം മാറ്റം നൽകിയത് ശരിയല്ലെന്നാണ് ഐപിഎസിലെ ഒരുവിഭാഗത്തിന്റെ വിലയിരുത്തൽ. സത്യസന്ധരായ ഈ ഉദ്യോഗസ്ഥരോട് സർക്കാർ അനീതി കാട്ടുന്നുവെന്നതാണ് ഐപിഎസ് അസോസിയേഷൻ ഔദ്യോഗിക വിഭാഗത്തിന്റെ പരാതി. ഇതിനൊപ്പമാണ് ശ്രീജീവിന്റെ രണ്ട് കൊല്ലം മുമ്പത്തെ കസ്റ്റഡി മരണത്തിൽ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. പൊലീസ് അസോസിയേഷൻ ഇക്കാര്യത്തിൽ കടുത്ത നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎസുകാരും ശ്രീജവിന്റെ കൊലയിൽ പൊലീസുകാരെ ക്രൂശിക്കാനുള്ള നീക്കത്തെ എതിർക്കുന്നത്.

ഇടത് അനുകൂലരായ ചിലരാണ് ശ്രീജിവിന്റെ മരണം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ പേര് ചീത്തയാക്കാനാണ് ഇതിലൂടെ ശ്രമമെന്നാണ് പൊലീസ് അസോസിയേഷന്റെ വിലയിരുത്തൽ. ഇതെല്ലാം നാളത്തെ യോഗത്തിൽ ചർച്ചയാക്കും. എസ് പിമാരെ നിയമിക്കുന്നതിൽ ഉൾപ്പെടെ സുതാര്യത വേണമെന്നാണ് അസോസിയേഷൻ നിലപാട്. തിരുവനന്തപുരം കമ്മീഷണറായ പി പ്രകാശാണ് അസോസിയേഷൻ സെക്രട്ടറി. തിരുവനന്തപുരത്ത് മേയറെ അക്രമിച്ചതുൾപ്പെടെയുള്ള വിഷയത്തിൽ പ്രകാശ് ചില ഉറച്ച നിലപാട് എടുത്തിരുന്നു. രാഷ്ട്രീയമായി തന്നെ ഉപയോഗിക്കാനുള്ള ശ്രമത്തെ ഈ ഉദ്യോഗസ്ഥൻ എതിർത്തു തോൽപ്പിച്ചു. എന്നാൽ പല എസ് പിമാരും കമ്മീഷണർമാരും ഈ ധൈര്യം കാണിക്കുന്നില്ലെന്നാണ് ഐപിഎസുകാരിൽ ഒരു വിഭാഗത്തിന്റെ നിലപാട്.

ധീരമായ നിലപാട് എടുത്ത പ്രകാശിനെ പോലും മാറ്റാനുള്ള അണിയറ നീക്കങ്ങൾ സജീവമാണ്. സർക്കാരിന്റെ ഇത്തരം ഇടപെടലുകളോട് ശക്തമായി പ്രതികരിക്കാനാണ് ഐപിഎസ് അസോസിയേഷന്റെ തീരുമാനം. സർക്കാരിനെ പരസ്യമായി വെല്ലുവിളിക്കില്ല. സിവിൽ സർവ്വീസിന്റെ പരിധിക്കുള്ളിൽ നിന്ന് നിയമപരമായ പോരാട്ടമാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്. എന്നാൽ ജേക്കബ് തോമസിന്റെ സസ്പെൻഷൻ വിഷയം യോഗം ചർച്ച ചെയ്യില്ല. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസുകാരനാണ് ജേക്കബ് തോമസ്. എന്നാൽ ഐപിഎസ് അസോസിയേഷനുമായി ഒരു കാലത്തും ജേക്കബ് തോമസ് സഹകരിച്ചിരുന്നില്ല. ഇതുകൊണ്ടാണ് ജേക്കബ് തോമസ് വിഷയത്തിൽ മൗനം തുടരുന്നത്.

എന്നാൽ അസോസിയേഷനോട് ജേക്കബ് തോമസ് തന്റെ പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടാൽ പ്രശ്നം ചർച്ച ചെയ്യുകയും ചെയ്യും. പക്ഷേ ജേക്കബ് തോമസ് അതിന് തയ്യാറാകില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഈ വിഷയം ചർച്ചയാവുകയുമില്ല.