പെയർലാൻഡ്: അമേരിക്കൻ മലയാളി സമൂഹത്തിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ കലോത്സവങ്ങളിലൊന്നായ ഇന്റർ പാരിഷ് ടാലെന്റ്‌റ് ഫെസ്റ്റ് 2017 ന്റെ ഒരുക്കങ്ങൾ ഹൂസ്റ്റണിൽ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സെന്റ് ജോസഫ് സീറോ മലബാർ (സ്റ്റാഫ്ഫോർഡ്, ടെക്സാസ്) പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെടുന്ന ഈ കലോത്സവം ഇന്ന് ആരംഭിച്ച് ആറിന് അവസാനിക്കും.

 കലോത്സവത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നതും ആഥിഥേയത്വം വഹിക്കുന്നതും പെയർലാൻഡ് സെന്റ് മേരീസ് ദേവാലയമാണ്. ടെക്സാസ്-ഒക്ലഹോമ പ്രദേശങ്ങളിൽ നിന്നുമുള്ള എട്ടു ഇടവകകളിൽപെട്ട അഞ്ഞൂറിൽപരം മത്സരാർത്ഥികൾ ഇതിൽ പങ്കെടുക്കും. കൂടാതെ വിവിധ ഇടവകകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി എത്തുന്ന അയ്യായിരത്തോളം കലാസ്വാദകർക്ക് അവിസ്മരണീയമായ ഒരുനുഭവമായിരിക്കും ഈ കലാമേള എന്നതിൽ സംശയമില്ല. 

ഈ വർഷത്തെ IPTF ൽ പതിനെട്ട് ഇനത്തിൽപെട്ട മത്സരങ്ങളാണ് നടത്തപ്പെടുന്നത്. ഓഗസ്റ്റ് നാലാം തിയതി ഉച്ചതിരിഞ്ഞു മൂന്ന് മണിക്ക് മത്സരങ്ങൾക്ക് തുടക്കം കുറിക്കുമെങ്കിലും ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചാം തിയതി രാവിലെ 9.30ന് ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്താണ് നിർവഹിക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഈ കലാമാമാങ്കത്തിന് ഓഗസ്റ്റ് ആറാം തിയതി വൈകിട്ട് ഏഴുമണിക്കു നടത്തുന്ന ഗ്രാൻഡ് ഫിനാലെയോടുകൂടി തിരശീലവീഴും.

 അമേരിക്കയിലെ പ്രമുഖ ട്രാവൽ ഏജൻസി അബാക്കസ് ട്രാവെൽസാണ് IPTF 2017 ന്റെ ഗ്രാൻഡ് സ്‌പോൺസർ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്‌സൈറ്റ് www.iptf2017.com സന്ദർശിക്കുക.