കുവൈറ്റ് സിറ്റി: രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരെ പിടികൂടുന്നതിനായി പരിശോധന ഏപ്രിൽ മുതൽ കർശനമാക്കും. അനധികൃത താമസക്കാർ വർധിച്ചുവരുന്നുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കുന്നതെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.

നിലവിൽ കുവൈറ്റിൽ 1,05,000 പേർ അനധികൃതമായി തങ്ങുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം നിയമസാധുതയുള്ള വിദേശികളുടെ എണ്ണം രാജ്യത്ത് 24,60,000 ആണെന്നും വിലയിരുത്തിയിട്ടുണ്ട്. പ്രവാസികളായി ഇന്ത്യക്കാരാണ് കുവൈറ്റിൽ ഏറെയുള്ളതിനാൽ നിയമലംഘകരും ഭൂരിഭാഗം ഇന്ത്യക്കാർ തന്നെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അനധികൃത തൊഴിലാളികളും നിയമ ലംഘകരും താമസിച്ചുവരുന്നതായി സംശയിക്കുന്ന എല്ലാ കേന്ദ്രങ്ങളും അരിച്ചുപെറുക്കിയുള്ള തുടർച്ചയായ റെയ്ഡുകളായിരിക്കും അരങ്ങേറുകയെന്ന് പൊതുസുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു. വിവിധ മന്ത്രാലയങ്ങളുടെയും ഡിപ്പാർട്‌മെന്റുകളുടെയും സഹകരണത്തോടെ നടക്കുന്ന റെയ്ഡുകളിലൂടെ വർഷങ്ങളായി അധികൃതരുടെ കണ്ണുവെട്ടിച്ച് കഴിഞ്ഞുവരുന്ന നിയമ ലംഘകരെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. പലപ്പോഴായി അനുവദിച്ച പൊതുമാപ്പിലോ അടുത്ത കാലങ്ങളായി നടന്ന വ്യാപക പരിശോധനകളിലോ പിടികൊടുക്കാതെ കഴിയുകയാണ് ഇവരിൽ പലരും. അനധികൃത താമസക്കാരുടെ എണ്ണം കുറക്കാൻ അടുത്തിടെ സർക്കാർ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടില്ല എന്ന വിമർശം ഉയർന്നിരുന്നു. തുടർന്നാണ് ഏപ്രിൽ മുതൽ കർശന പരിശോധനയ്ക്ക് മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. അനധികൃത താമസക്കാർ ഏറ്റവും കൂടുതലായി താമസിക്കുന്ന കേന്ദ്രങ്ങളിലായിരിക്കും പരിശോധന വ്യാപകമാക്കുക.

അതോടൊപ്പം തന്നെ ഇഖാമയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് നിരക്ക് വർധിപ്പിക്കുമെന്നും മാൻപവർ പബ്ലിക് അഥോറിറ്റി വ്യക്തമാക്കി. വർക്ക് പെർമിറ്റിന് നിലവിലുള്ള രണ്ടു ദിനാറിനു പകരം 20 ദിനാറായി വർധിപ്പിക്കാനും ഇഖാമ മാറ്റുന്നതിന് 10 ദിനാറിനു പകരം 50 ദിനാറായി വർധിപ്പിക്കാനും ഇതുസംബന്ധിച്ച യോഗം തീരുമാനിച്ചിട്ടുണ്ട്. 30 വർഷം മുമ്പ് ഏർപ്പെടുത്തിയ നിരക്ക് ഇതുവരെ പുതുക്കി നിശ്ചയിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.