റാനിൽ പൊതുസ്ഥലത്തുവെച്ച് ശിരോവസ്ത്രം അഴിച്ചുമാറ്റിയ യുവതികളിലൊരാൾക്ക് ഇറാനിയൻ കോടതി രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ചു. ടെഹ്‌റാനിലെ ഇങ്കിലാബ് സ്ട്രീറ്റിൽവെച്ച് പരസ്യമായി ശിരോവസ്ത്രം അഴിച്ച് പ്രതിഷേധിച്ച യുവതിയെയാണ് കോടതി ശിക്ഷിച്ചതെന്ന് പ്രോസിക്യൂട്ടർ അബ്ബാസ് ജഫാരി ദൗലത്തബാദിയെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ ടാസ്‌നിം റിപ്പോർട്ട് ചെയ്തു. അഴിമതിക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് യുവതിക്കുനേരേ ചുമത്തിയിരിക്കുന്നത്.

ഡിസംബർ അവസാനം വരെ മുപ്പതോളം യുവതികളെയാണ് പൊതുസ്ഥലത്ത് ശിരോവസ്ത്രം അഴിച്ചതിന് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവർക്കെല്ലാം സമാനമായ ശിക്ഷ ലഭിക്കുമെന്നാണ് സൂചന. പലരെയും ഇതിനകം വെറുതെവിട്ടിട്ടുണ്ടെങ്കിലും ഇവർക്കെതിരെ നിയമനടപടികൾ ഇനിയുമുണ്ടായേക്കുമെന്നാണ് സൂചന. 1979-ലെ ഇറാനിയൻ വിപ്ലവത്തിനുശേഷം കടുത്ത ഇസ്ലാമിക നിയമമാണ് ഇറാനിൽ പിന്തുടരുന്നത്. ഇതനുസരിച്ച് ഇറാനിലുള്ള തദ്ദേശീയരും വിദേശികളുമായ എല്ലാ സ്ത്രീകളും പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കണമെന്നാണ് നിയമം.

ആദ്യമൊക്കെ മതപൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് നിയമം പതുക്കെ അയഞ്ഞുതുടങ്ങിയിരുന്നു. ഇതോടെ. ടെഹ്‌റാനിലും മറ്റ് പ്രധാന നഗരങ്ങളിലും ശിരോവസ്ത്രം ധരിക്കാതെയോ അശ്രദ്ധമായി ധരിച്ചോ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചു. ഇതോടെയാണ് വീണ്ടും മതനിയമം കർശനമാക്കിയത്. ഇതിനിടെയാണ്, സർക്കാരിനെതിരായ പ്രതിഷേധമെന്ന നിലയിൽ പരസ്യമായി ശിരോവസ്ത്രം ഊരിയെറിയുന്ന സമരരീതിക്ക് തുടക്കമായത്.

ശിരോവസ്ത്രം ധരിക്കണമെന്നത് കൂടുതൽ കർശനമാക്കുമെന്ന് ദൗലത്തബാദി പറഞ്ഞു. വാഹനങ്ങൾക്കുള്ളിൽ ശിരോവസ്ത്രം അഴിച്ചിട്ട് ഡ്രൈവ് ചെയ്യുന്ന സ്ത്രീകൾ ധാരാളമുണ്ടെന്ന് കണ്ടെത്തയിട്ടുണ്ട്. ഇവരെയും നിയമത്തിന് മുന്നിൽക്കൊണ്ടുവരുമെന്ന് ദൗലത്തബാദി പറഞ്ഞു. മനപ്പൂർവം ഇസ്ലാമിക നിയമം ലംഘിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുക തന്നെ ചെയ്യുമെന്നാണ് പ്രോസിക്യൂട്ടറുടെ മുന്നറിയിപ്പ്. തലമുടി കാണുന്ന തരത്തിൽ ശിരോവസ്ത്രം അലസമായി ധരിക്കുന്നതും ശിക്ഷാർഹമാണ്. രണ്ടുമാസം തടവോ ചെറിയ പിഴശിക്ഷയോ ആണ് ഇതിന് വിധിക്കാറ്.

ശിരോവസ്ത്രം പരസ്യമായി ഊരിയെറിഞ്ഞ് പ്രതിഷേധിക്കുന്ന സ്ത്രീകൾ പത്തുവർഷം വരെ തടവിൽ കഴിയേണ്ടിവരുമെന്ന് കഴിഞ്ഞമാസം പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. വേശ്യാവൃത്തി പ്രേരിപ്പിക്കുന്നുവെന്ന കുറ്റമാകും ഇവർക്കെതിരേ ചുമത്തുകയെന്നും പൊലീസ് വ്യക്തമാക്കി. ഡിസംബർ 27-ന് ഇങ്ക്വിലാബ് സ്ട്രീറ്റിൽ ശിരോവസ്ത്രം ഊരിയെറിഞ്ഞ വിദ മൊവാഹെദ് എന്ന 31-കാരിയുടെ പ്രതിഷേധമാണ് ഇറാനിൽ വർധിച്ചുവരുന്ന സമരങ്ങൾ ലോകശ്രദ്ധയിൽക്കൊണ്ടുവന്നത്.