ആഭ്യന്തര കലാപം അഴിച്ചു വിട്ട് ഇറാനെ ദുർബലപ്പെടുത്താനുള്ള അമേരിക്കൻ നീക്കങ്ങൾ ശക്തിപ്പെടുന്നു. മാസങ്ങൾക്ക് ശേഷം ആക്രമണവും പ്രതിഷേധവും ഇറാന്റെ പലഭാഗത്തും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ജനങ്ങൾ പ്രതിഷേധവുമായി തെരുവുകൾ കീഴടക്കുന്നു. കാസിറൺ സിറ്റി അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറിയിരിക്കുകയാണ്.

ആഭ്യന്തരകലാപം രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ രണ്ട് പേരാണ് ഇറാനിൽ കൊല്ലപ്പെട്ടത്. ആക്രമകാരികളായി മാറിയ പ്രതിഷേധക്കാർ കാറുകൾ കത്തിക്കുന്നതും മുറിവേറ്റ പ്രവർത്തകരും ഇടയ്ക്കിടെ നടക്കുന്ന ആക്രമണ ദൃശ്യങ്ങളുടെ ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്റെ തെക്കൻ നഗരമായ കാസിറണ്ണിലാണ് ആക്രമണങ്ങൾ വ്യാപകമായിരിക്കുന്നത്.

തെരുവുകൾ യുദ്ധക്കളമായി മാറിയിരിക്കുകയാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പ്രതിഷേധക്കാർ തമ്മിലടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പൊലീസിന്റെ കലാപം അടിച്ചമർത്താനുള്ള നീക്കവുമെല്ലാം രാജ്യത്തിന്റെ ക്രമസമാധാനത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് നടന്ന ആക്രമണങ്ങൾക്കും 25ഓളം മരണത്തിനും ശേഷം വീണ്ടും ഇറാൻ കലാപത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

കലാപ വിരുദ്ധ സേന ഷിറാസിൽ നിന്നും ക്വല്ലിലക്ക് പുതിയ പ്രതിഷേധത്തെ നേരിടാനായി പോയതായി ഇറാനിയൻ പ്രതിപക്ഷ ഗ്രൂപ്പായ എൻസിആർഐ പറയുന്നു. കാസിറണ്ണിൽ പ്രത്യേക ഭരണ സംവിധാനമുണ്ടാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രേദശ വാസികൾ ആഴ്ചകളായി പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. ഇവിടെയാണ് ഈ ആഴ്ചത്തെ ആദ്യ കലാപം പൊട്ടിപ്പുറപ്പെട്ടത്.

കാസിറണ്ണിൽ നാല് പൊലീസ് വാഹനങ്ങൾക്ക് തീയിടുകയും ടയറുകൾ കത്തിക്കുകയും ചെയ്തതോടെ യുദ്ധക്കളത്തിന്റെ പ്രതീതിയിലായി. പ്രതിഷേധക്കാരെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷന് മുന്നിൽ ജനക്കൂട്ടം തടിച്ചു കൂടിയിരിക്കുകയാണ്. ഡിസംബറിലേയും ജനുവരിയിലേയും അശാന്തിക്കൊടുവിൽ മൊബൈൽ ഫോണിന്റേയും ഇന്റർനെറ്റിന്റേയും ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.