സ്ലാമിക നിയമം ലംഘിച്ച് മദ്യപിച്ച് പാർട്ടി നടത്തിയതിനെ തുടർന്ന് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനനിൽ 230 യുവതീ യുവാക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ഇറാൻ പൊലീസ് നടത്തിയ വ്യാപകമായ റെയ്ഡുകളെ തുടർന്നായിരുന്നു അറസ്റ്റ്. ആണും പെണ്ണും ഒരുമിച്ച് മദ്യപിച്ച് പാർട്ടി നടത്തിയ ഇടങ്ങളിലെല്ലാം അറസ്റ്റുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രിയാണ് റെയ്ഡുകളും അറസ്റ്റുമുണ്ടായിരിക്കുന്നത്. ടെഹ്‌റാന്റെ പ്രാന്തപ്രദേശത്തുള്ള ഗാർഡനിൽ വച്ചാണ് 140 യുവതീ യുവാക്കളെ പൊക്കിയിരിക്കുന്നത്. 90 പേരെ ടെഹ്‌റാനിലെ അപ്ടൗൺ പ്രദേശത്ത് നിന്നാണ് പിടികൂടിയത്. മദ്യപിച്ച് കൂട്ടനൃത്തമാടുകയായിരുന്നു ഇവർ എന്നാണ് ഇറാനിലെ അർധ ഔദ്യോഗിക ന്യൂസ് ഏജൻസിയായ ഐഎസ്എൻഎ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കടുത്ത ഇസ്ലാമിക നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന ഇറാനിൽ മദ്യപിക്കുന്നതും ബന്ധുക്കളല്ലാത്ത ആണും പെണ്ണും ഒരുമിച്ച് പാർട്ടികളിൽ പങ്കെടുത്ത് അടുത്ത് പെരുമാറുന്നതും ഇസ്ലാമിക നിയമത്തിന് എതിരായിട്ടാണ് പരിഗണിക്കുന്നത്.ഇത്തരം പാർട്ടികളിൽ പങ്കെടുത്ത ചിലർ ഇതിൽ ചേരാനായി സുഹൃത്തുക്കളെ ക്ഷണിച്ച് കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഇൻവിറ്റേഷൻ പോസ്റ്റ് ചെയ്തിരുന്നു. പൊലീസ് അവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പാർട്ടികൾ നടന്ന ഇടങ്ങളിൽ നിന്നും മദ്യവും മയക്കുമരുന്നുകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സുംബനൃത്തം പരിശീലിച്ചതിന്റെ പേരിൽ ആറ് യുവജനങ്ങൾ ഇറാനിൽ അറസ്റ്റിലായിരുന്നു. ടെഹ്‌റാന് 250മൈൽ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഷാറൗഡ് ടൗണിൽ വച്ചായിരുന്ന ഈ അറസ്റ്റ്. ഇവർ സുംബ നൃത്തം പഠിക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടതാണ് ഇവർക്ക് തന്നെ വിനയായിത്തീർന്നത്. മുസ്ലിം യുവതികളെ പൊതുസ്ഥലത്ത് വച്ച് ശിരോവസ്ത്രം നീക്കാൻ പ്രേരിപ്പിച്ചുവെന്ന കുറ്റവും ഇവർക്ക് മേൽ ചുമത്തിയിരുന്നു. ദശാബ്ദങ്ങളായി പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്ന് വരവിനെ ശക്തമായി ചെറുക്കുന്ന രാജ്യമാണ് ഇറാൻ. സുംബയും മറ്റ് ഇത്തരം പരിശീലനങ്ങളും ഇസ്ലാമിക വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഇക്കഴിഞ്ഞ ജൂണിൽ ഇറാൻ അവ നിരോധിച്ചിരുന്നു.