ടെഹ്‌റാൻ: അമേരിക്കുയടെ പിന്മാറ്റത്തോടെ ആണവക്കാരാറിൽ ഏറ്റവും കൂടുതൽ തിരച്ചടി നേരിട്ട രാജ്യം ഇറാനായിരുന്നു. അതിന്റെ ആഘാതത്തിൽ ഉഴലുമ്പോഴാണ് ഇറാന് പിടിവള്ളിയാകുകയാണ് ആണവക്കാരിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ രാജ്യങ്ങളുമായുള്ള ചർച്ച.

അമേരിക്ക പിന്മാറിയെങ്കിലും ആണവ കരാർ സംബന്ധിച്ച് ഇറാന് ഇനിയും പ്രതീക്ഷകൾ ഏറെയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം. ഓസ്ട്രിയൻ വിദേശകാര്യമന്ത്രാലയ പ്രതിനിധികളുമായി വിയന്നയിൽ നടത്തിയ ചർച്ചകൾക്കു ശേഷമാണ് ഇറാൻ വിദേശകാര്യ ഉപമന്ത്രി അബ്ബാസ് അരഗ്ച്ചി ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റ് അഞ്ച് രാജ്യങ്ങളുമായും ഇത് സംബന്ധിച്ച് നിരന്തര ചർച്ചകൾ നടന്നു വരികയാണെന്നും അവരുടെ നിലപാടുകളിൽ മാറ്റമുണ്ടാവില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഇറാന് പുതു ജീവൻ നൽകുന്ന തീരുമാനങ്ങളാണ് മറ്റ് രാജ്യങ്ങൾ എടുക്കുന്നതെന്ന് വ്യക്തമാകുകയാണ്.

യൂറോപ്പ്, റഷ്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായും അദ്ദേഹം ചർച്ച നടത്തി. ആണവ കരാറിന്റെ ഭാവി സംബന്ധിച്ചും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചുമായിരുന്നു ചർച്ചയെന്നാണ് വിവരം.

കരാർ ഏകപക്ഷീയമാണന്നും ഇറാൻ കരാരിനോട് നീതി പുലർത്തിയില്ലെന്നുമടക്കമുള്ള രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് മെയ് ഒൻപതിനാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കരാറിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം പ്രഖ്യാപിച്ചത്. ഇതിന് ശേഷം അമേരിക്കയുടെ നടപടിയിൽ പ്രതിഷേധിച്ച പല രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.