ഇറാനിലുണ്ടായ ഇരട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തു.ഇറാൻ പാർലമെന്റിനും ഖൊമേനി ശവകുടീരത്തിനും നേരെയാണ് ഇന്നു രാവിലെ ആക്രമണമുണ്ടായത്.പാർലമെന്റിലേക്ക് ഇരച്ചുകയറിയ അക്രമികൾ സുരക്ഷാഗാർഡുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു.

തീർത്ഥാടന കേന്ദ്രമായ ആയത്തുല്ലഖൊമേനിയുടെ ശവകുടീരത്തിൽ വനിതാ ചാവേർ പൊട്ടിത്തെറിച്ചാണ് ഒരാൾ കൊല്ലപ്പെട്ടത്.നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.സ്‌ഫോടനം നടത്താനെത്തിയ മറ്റൊരു വനിതാ ചാവേർ സുരക്ഷാസേനയുടെ പിടിയിലായി.മറ്റൊരു വനിതാ ചാവേറും പൊട്ടിത്തെറിച്ചെങ്കിലും ആളപായമുണ്ടായിട്ടില്ല.

ആക്രമണത്തെത്തുടർന്ന് ടെഹ്രാനിലെ മെട്രോ സർവീസുകൾ നിർത്തിവച്ചു.അതേസമയം പാർലമെന്റിനുള്ളിലേക്ക് മൂന്ന് അക്രമികൾ പ്രവേശിച്ചെന്ന സംശയത്തെത്തുടർന്ന് പാർലമെന്റിനുള്ളിൽ സുരക്ഷാസേന തെരച്ചിൽ തുടരുകയാണ്.