ടെഹ്‌റാൻ: ഇറാനിലെ മുൻ പ്രസിഡന്റ് അക്‌ബർ ഹഷ്മി റഫ്‌സഞ്ജാനി (82) അന്തരിച്ചു. പ്രസിഡന്റ് പദവിയിൽ രണ്ടുവട്ടം എത്തിയ റഫ്‌സഞ്ജാനി ഇറാനെ ഇസ്‌ലാമിക റിപ്പബ്ലിക് ആക്കുന്നതിൽ മുഖ്യപങ്കു വഹിച്ചവരിൽ ഒരാളാണ്. ഇറാൻ രാഷ്ട്രീയത്തിലെ അതികായനും മുൻപ്രസിഡന്റുമായ അലി അക്‌ബർ ഹാഷെമി റഫ്സഞ്ജാനി ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരിച്ചത്.

ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നേരത്തേ ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വൈകിട്ടോടെ സർക്കാർ ടെലിവിഷനാണ് റഫ്‌സഞ്ജാനിയുടെ മരണവാർത്ത സ്ഥിരീകരിച്ചത്. രാഷ്ട്രീയത്തിലെയും ബിസിനസിലെയും തന്ത്രപരമായ നീക്കങ്ങളും കൗശലങ്ങളും അദ്ദേഹത്തിന് അക്‌ബർഷാ, ഗ്രേറ്റ് കിങ് തുടങ്ങിയ വിളിപ്പേരുകൾ സമ്മാനിച്ചിരുന്നു. 1979ലെ ഇസ്ലാമിക് വിപ്ലവത്തിന്റെ നേതാക്കളിലൊരാളായിരുന്നു റഫ്‌സഞ്ജാനി. ഇറാന്റെ നാലാമത്തെ പ്രസിഡന്റായ അദ്ദേഹം പരി്ഷ്‌കരണവാദിയായാണ് അറിയപ്പെട്ടിരുന്നത്. 1989 ഓഗസ്റ്റ് മൂന്നു മുതൽ 1997 ഓഗസ്റ്റ് മൂന്നു വരെയാണ് റഫ്സൻജാനിയുടെ ഭരണകാലഘട്ടം.

1989 മുതൽ 1997 വരെ പ്രസിഡന്റായിരുന്ന അദ്ദേഹം 2005ലെ തിരഞ്ഞെടുപ്പിൽ അഹ്മദി നിജാദിനോടു പരാജയപ്പെടുന്നതുവരെ രാഷ്ട്രീയത്തിൽ ശക്തനായിരുന്നു. പിന്നീട് രാജ്യത്തിന്റെ പരമോന്നത നേതാവിന് ഉപദേശം നൽകുന്ന പുരോഹിത സമിതിയുടെ തലവനായി നിയമിക്കപ്പെട്ടെങ്കിലും 2011ൽ സ്വയം പിൻവാങ്ങി. പരിഷ്‌കൃത ആശയങ്ങൾ വച്ചുപുലർത്തിയതിന്റെ പേരിൽ ഏറെ പഴികേട്ട റഫ്‌സഞ്ജാനി 2013ൽ വീണ്ടും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു മടങ്ങിവരാൻ ശ്രമം നടത്തിയെങ്കിലും പുരോഹിത സമിതി വിലക്ക് ഏർപ്പെടുത്തി.

1989-97 കാലഘട്ടത്തിൽ പ്രസിഡന്റായിരുന്ന അദ്ദേഹം 1934-ലാണ് ജനിച്ചത്. 1980-ൽ ഇസ്ലാമിക വിപ്ലവത്തെത്തുടർന്ന് ഇറാൻ പാർലമെന്റിലെത്തി. തുടർന്ന് സ്പീക്കാറായി. ഇറാഖുമായുള്ള യുദ്ധത്തിൽ തകർന്ന ഇറാനെ പുനർനിർമ്മിച്ച പ്രസിഡന്റായിരുന്നു അദ്ദേഹം. സാമ്പത്തികഘടന ശക്തിപ്പെടുത്തുന്ന നീക്കങ്ങൾക്ക് പ്രധാന്യം നൽകിയായിരുന്നു ഭരണം. സ്വകാര്യവത്കരണനയങ്ങളെയും പിന്തുണച്ചു. 2005-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചെങ്കിലും മെഹമൂദ് അഹമ്മദി നെജാദിനോട് പരാജയപ്പെട്ടു. 2013-ൽ വീണ്ടും മത്സരിക്കാനൊരുങ്ങിയെങ്കിലും അയോഗ്യനാക്കപ്പെട്ടു.

ഇറാനിലെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനും പുറത്താക്കാനും അധികാരമുള്ള പുരോഹിതസമിതിയുടെ തലവനായി നാലുവർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. നെജാദ് പ്രസിഡന്റായിരിക്കെ ഈ സമിതിയുടെ തലപ്പത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.