ടെഹ്‌റാൻ: വാട്ട്‌സ്ആപ്പ്, വൈബർ, ടാങ്കോ എന്നിവ പോലുള്ള മെസേജ് ആപ്ലിക്കേഷനുകൾക്ക് ഇറാൻ നിരോധനം ഏർപ്പെടുത്തുന്നു. ഇറാനിയൻ കോടതിയാണ് ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

ഉടൻ തന്നെ നിരോധനം നിലവിൽവരും എന്ന് ഇറാനിലെ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. സദാചാരത്തിനും, മതത്തിനും എതിരായ സന്ദേശങ്ങളും വിഷയങ്ങളും പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയയിലെ ഈ സംവിധാനം ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെതുടർന്നാണ് കോടതിയുടെ വിലക്ക്.

ഇക്കാര്യത്തിൽ ഉടൻതന്നെ നടപടികൾ സ്വീകരിക്കണമെന്ന് ഇറാൻ പ്രോസിക്യൂട്ടർ ജനറൽ ഗുലാം ഹുസൈൻ മൊഹ്‌സേനി ഈജി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ടെലികമ്യൂണിക്കേഷൻ-വിവരസാങ്കേതിക മന്ത്രി മഹമൂദ് വാസിക്ക് അദ്ദേഹം കത്തയച്ചു. ഒരു മാസത്തിനകം ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം ഉത്തരവ് നടപ്പാക്കാത്തം പക്ഷം കോടതി നേരിട്ട് ഇടപെടുമെന്നും മുന്നറിയിപ്പുണ്ട്.

വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ യൂട്യൂബിന് 2006 ഡിസംബർ മുതൽ ഇറാനിൽ നിരോധനമുണ്ട്. ഇറാനിയൻ നടിയുടെ ലൈംഗിക വേഴ്ച പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് യൂട്യൂബിന് നിരോധനം ഏർപ്പെടുത്തിയത്. നിരോധനം പിൻവലിച്ചെങ്കിലും 2012ൽ വീണ്ടും നിരോധിച്ചു. 'ഇന്നസൻസ് ഓഫ് മുസ്ലിംസ്' എന്ന ചിത്രം വെബ്‌സൈറ്റിൽ റിലീസ് ചെയ്തതോടെയായിരുന്നു നിരോധനം.